മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: കഴിഞ്ഞ ദിവസം കുവൈറ്റ് മംഗഫിൽ തൊഴിലാളി ക്യാമ്പ് കെട്ടിടത്തിലെ തീ പിടുത്തത്തിൽ പൊലിഞ്ഞു പോയ 50 ജീവിതങ്ങൾ; വിധിയുടെ ക്രൂരത എന്നല്ലാതെ എന്ത് പറയാൻ. പ്രഭാതത്തിൽ എഴുന്നേറ്റു പതിവ് ജോലികളിൽ ഏർപ്പെടാമെന്ന പ്രതീക്ഷയോടെ രാത്രിയിൽ ഉറങ്ങാൻ കിടന്നവർ രാവിലെ നാലുമണിയോടടുത്ത സമയം അഗ്നിനാളങ്ങളിൽ നിന്നും ഉയർന്ന കറുത്ത പുകയിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നു. വാർത്ത കെട്ടവരിലെല്ലാവരിലും ഞെട്ടൽ ഉളവാക്കിയ നിമിഷങ്ങൾ. ഒരു മലയാളി സംരംഭകന്റെ എൻ.ബി.ടി.സി എന്ന കെട്ടിട നിർമ്മാണ കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിലെ അമ്പതു പേരാണ് മരണപ്പെട്ടവർ. അതിൽ 46 പേരും ഇന്ത്യക്കാരും അവരിൽ 24 പേർ മലയാളികളും ആയിരുന്നു എന്നറിയുമ്പോൾ മലയാളീ സമൂഹം ആകെ ദുഃഖത്തിലാണ്ടു പോയി. വേർപാടിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളുടെ വേദനയിൽ അമേരിക്കൻ മലയാളീ പ്രവാസികളും പങ്കു ചേരുകയും പ്രിയപ്പെട്ടവരോടുള്ള അനുശോചനവും ആദരാജ്ഞലികളും രേഖപ്പെടുത്തുകയും ചെയ്യുന്നു.

മരണപ്പെട്ട മലയാളികളിൽ എല്ലാവരും തന്നെ നാൽപ്പതു വയസ്സിൽ താഴെയുള്ള യുവാക്കളാണെന്ന് കാണുമ്പോൾ മനോദുഃഖം കൂടുതൽ ഖനീഭവിക്കുന്നു. സ്വന്തം കുടുംബത്തിന് വേണ്ടിയും കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കു വേണ്ടിയും ധാരാളം സ്വപ്നങ്ങളുമായി വിദേശത്തേക്ക് തൊഴിൽ സംബന്ധമായി പോയവരാണ് അവരെല്ലാവരും. ഉറങ്ങാൻ കിടന്നവർ നിനച്ചിരിക്കാത്ത നിമിഷത്തിൽ വൻ ദുരന്തത്തിന്റെ പങ്കാളികളായി നേരം വെളുപ്പിക്കാതെ ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. ഒത്തിരി പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി പ്രിയപ്പെട്ടവരെ തനിച്ചാക്കി അവർ മറ്റൊരു ലോകത്തിലേക്ക് യാത്രയായി. അവരിൽ പലരും ഓരോ കുടുംബങ്ങളുടെ അത്താണികളായിരുന്നു. നല്ല വിദ്യാഭ്യാസം കൈവരിച്ചവരും വിവിധ തൊഴിലുകളിൽ പ്രാവീണ്യം നേടിയവരും ഉണർന്നെഴുന്നേൽക്കുന്നതിനു മുമ്പ് ഒന്നും ഇല്ലാത്തവരായി.

സ്വന്തമായൊരു വീട് പണിത് വാടക വീട്ടിൽ നിന്നും മാറി താമസിക്കണമെന്ന് സ്വപ്നം കണ്ടവർ, ദീർഘനാളത്തെ പ്രവാസ ജീവിതത്തിനു ശേഷം രണ്ടു മാസങ്ങൾക്കകം നാട്ടിലെ കുടുംബത്തൊടൊത്തു ജീവിക്കണമെന്ന് ആഗ്രഹിച്ചവർ, കുടുംബ ജീവിതത്തിൽ പുതിയ അംഗമായി വന്ന കൊച്ചു മോൻറെ മാമോദീസ നടത്തുവാൻ ക്രമീകരണങ്ങൾ ചെയ്തവർ, പിറക്കാനിരിക്കുന്ന കുഞ്ഞിനായി പുതിയ ഉടുപ്പുകൾ വാങ്ങി സൂക്ഷിച്ചു വെച്ചവർ, ഒരു ജോലി ലഭിച്ചതിനാൽ ഇനി അധികം താമസിയാതെ നാട്ടിലെത്തി വിവാഹം കഴിക്കണമെന്നു കണക്ക് കൂട്ടിയവർ, രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് അമ്മയും ഭാര്യയുമായി കുശല സംഭാഷണം നടത്തിയവർ… അങ്ങനെ വിവിധങ്ങളായ യാഥാർഥ്യമാകാത്ത സ്വപ്‌നങ്ങൾ ബാക്കിയാക്കി പ്രിയപ്പെട്ടവരെ അഗാധ ദുഖത്തിലാഴ്ത്തിയാണ് അവർ യാത്ര ആയത്.ആവശ്യത്തിന് പഠിപ്പും വിദ്യാഭ്യാസവും ഉണ്ടായിട്ടും സ്വന്തം നാട്ടിൽ നല്ലൊരു ജോലിയും ജീവിക്കുവാനുള്ള സാഹചര്യവും ഇല്ലാത്തതിനാലാണ് മരണപ്പെട്ടവരിൽ മിക്കവാറും പേർ സ്വന്തം കുടുംബങ്ങളെ വിട്ട് വിദേശത്തേക്ക് വിമാനം കയറിയത്.

അൽപ്പം കഷ്ടപ്പെട്ടിട്ടാണെങ്കിലും കുടുംബാംഗങ്ങളിൽ നിന്നും അകന്നു ജീവിക്കേണ്ടി വന്നാലും ആരുടെ മുൻപിലും കൈ നീട്ടാതെ അന്തസ്സായി ജോലി ചെയ്ത് ജീവിക്കാമെന്ന മോഹത്തിലാണ് അവരെല്ലാവരും കുവൈറ്റിലേക്ക് പോയത്. സ്വന്തം നാട്ടിൽ അന്തസ്സായി ജീവിക്കാൻ പറ്റുന്ന അവസരമുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഇവരൊന്നും പ്രവാസ ജീവിതം തിരഞ്ഞെടുക്കില്ലായിരുന്നു. നമ്മുടെ നാട്ടിലെ യുവജനങ്ങൾ അധികം പേരും അന്യ സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും പോകുന്നത് സ്വന്തം നാട്ടിൽ നല്ലൊരു തൊഴിലവസരം ഇല്ലാത്തതിനാലാണ്. ഈക്കാര്യത്തിൽ ഭരണകർത്താക്കളും അധികാരികളും ശ്രദ്ധ കൊടുക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഇത്തരം ദുരന്തങ്ങളും അവസരങ്ങളാക്കി തങ്ങളുടെ വിജയത്തിനുള്ള വോട്ടുറപ്പിക്കാനാണ് ഭരണകർത്താക്കളുടെ ശ്രമം.

എന്തായാലും ഈ കുവൈറ്റ് അഗ്നിബാധ ദുരന്തത്തിൽ കേന്ദ്ര സർക്കാർ ഉണർന്നു പ്രവർത്തിച്ചു എന്നത് പ്രശംസനീയമാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് നേരിട്ട് കുവൈറ്റിലെത്തി വേണ്ട ക്രമീകരണങ്ങൾ ചെയ്തു. അതിനാൽ ഒട്ടും താമസിയാതെ എയർഫോഴ്സിന്റെ പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ എല്ലാം ഇന്ന് നാടിലെത്തിക്കാൻ സാധിച്ചു എന്നതും എടുത്തു പറയേണ്ടതാണ്. ഇത്തരം അവസരങ്ങളിൽ സർക്കാറിൻെറ ഉണർന്നുള്ള പ്രവർത്തനം അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് വിദേശരാജ്യത്ത് സംഭവിച്ച ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതുപോലുള്ള ഇടപെടലുകൾ നിർബന്ധമാണ്. പ്രവാസികളായോ കുടിയേറ്റക്കാരായോ സ്വന്തം നാട്ടിൽ നിന്നും അകന്ന് ജീവിക്കുന്ന അമേരിക്കൻ മലയാളികളും, സ്വന്തം നാട്ടിൽ എന്തെങ്കിലും ദുരിതം സംഭവിച്ചാൽ സഹായഹസ്തവുമായി ഓടി എത്താറുണ്ട്.

ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിലും ദുഖാർത്ഥരായ കുടുംബാംഗങ്ങളോടൊപ്പമാണ് ലോകമെമ്പാടുമുള്ള മലയാളികൾ. നിമിഷ നേരത്തിനുള്ളിൽ കെട്ടണയാവുന്ന ജീവിതത്തിൽ അഹങ്കരിച്ചിട്ടും ശത്രുത വച്ച് ജീവിച്ചിട്ടും എന്ത് കാര്യം. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അത് തീരാ നഷ്ടം. സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ സാധിക്കാത്ത ജീവിതാനുഭവം നാളെ നമുക്കും സംഭവിക്കാം. വേർപാടിന്റെ ദുഖത്തിലായിരിക്കുന്ന കുടുംബങ്ങൾക്ക് മുമ്പിൽ ഒരിറ്റ് കണ്ണീരിൽ കുതിർന്ന ബാഷ്‌പാഞ്‌ജലികൾ.