അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെ അന്താരാഷ്ട്ര ഓഹരി വിപണികള്‍ നിലംപൊത്തി. ബ്രിട്ടനിലെയും യൂറോപ്പ്യന്‍ വിപണികളിലാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. ഡോളര്‍ മൂല്യം രാജ്യാന്തര വിപണിയില്‍ ഇടിഞ്ഞു. ബ്രീട്ടീഷ് പൗണ്ടും യൂറോയും ജപ്പാന്‍ യെന്നും ഡോളറുമായുള്ള വിനിമയ മൂല്യം മെച്ചപ്പെടുത്തി. ഡോളര്‍ വിനിമയത്തില്‍ ഇന്ത്യന്‍ രൂപയും നില മെച്ചപ്പെടുത്തി.
ഹിലരി ക്ലിന്റന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന അമിത പ്രതീക്ഷയിലായിരുന്നു നിക്ഷേപകര്‍. ഇതാണ് വിപണിയില്‍ തിരിച്ചടിയായത്. ഫ്രാന്‍സ്, ജര്‍മനി ഓഹരി വിപണികള്‍ തുടക്കത്തില്‍ കടുത്ത തിരിച്ചടി നേരിട്ട ശേഷമാണ് അല്‍പമെങ്കിലും കരകയറിയത്. വാള്‍സ്ട്രീറ്റ് വിപണി അഞ്ച് ശതമാനവും ഏഷ്യന്‍ വിപണികള്‍ അതിലേറെയുമാണ് തുടക്കത്തില്‍ തന്നെ തകര്‍ന്നത്. ഷാങ്ഹായ്, ഹോങ്കോങ്, ജപ്പാന്‍ വിപണികളും തിരിച്ചടിച്ചു. ഇന്ത്യന്‍ ഓഹരി വിപണിയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് മൂന്ന് ശതമാനത്തിലേറെയും നിഫ്റ്റി മൂന്നര ശതമാനവും ഇടിഞ്ഞു. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി കൂടി ഇന്ത്യന്‍ വിപണിയെ ബാധിച്ചെങ്കിലും മറ്റ് വിപണികളില്‍ പ്രതിഫലിച്ചത് അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലമാണ്.

ഓഹരി വിപണി വിദഗ്ധര്‍ തിരിച്ചടി ബ്രക്‌സിറ്റിനോടാണ് ഉപമിച്ചത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന വിടാനുള്ള ഹിതപരിശോധനയ്ക്ക് സമാനമാണ് ട്രംപിന്റെ ജയവുമെന്ന് വിദഗ്ധര്‍ പറയുന്നു. ട്രംപ് ജയിച്ചാല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ധനകാര്യ നയങ്ങള്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളാണ് നിക്ഷേപകരെ ആശങ്കപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍.

എണ്ണവിപണിയിലും തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിച്ചു. 1.94 ശതമാനം ഇടിവാണ് എണ്ണ വിപണി തുടക്കത്തില്‍ രേഖപ്പെടുത്തിയത്. വ്യാപാര നയത്തില്‍ ട്രംപ് ഭരണകൂടം മാറ്റം വരുത്തുമെന്ന ഭയമാണ് എണ്ണവിപണിയെ സ്വാധീനിച്ചത്. ധനകാര്യ നയങ്ങള്‍ സംബന്ധിച്ച ട്രംപിന്റെ പ്രഖ്യാപനങ്ങളും ആഗോള വിപണി അനിശ്ചിതത്വത്തിലേക്ക് പോകുമെന്ന ഭയവുമാണ് നിക്ഷേപകരുടെ ചാഞ്ചാട്ടത്തിന്ന കാരണമെന്നാണ് സൂചനകള്‍. അതേസമയം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന ഘട്ടങ്ങളില്‍ തന്നെ അമേരിക്കന്‍ വിപണി തകര്‍ച്ചയിലേക്ക് നീങ്ങിയിരുന്നു. അവസാന ഘട്ടത്തില്‍ ഇത് കുറയ്ക്കാനായി എന്നത് മാത്രമാണ് ആശ്വാസം.

LEAVE A REPLY

Please enter your comment!
Please enter your name here