ഒസാമ ബിന്‍ ലാദനെ അമേരിക്കയ്ക്ക് ഒറ്റുകൊടുത്ത പാകിസ്ഥാനി ഡോക്ടര്‍ അഫ്രീദിയെ തടവില്‍ നിന്നും വിട്ടയക്കില്ല എന്ന് പാകിസ്ഥാന്‍ നിയമമന്ത്രി. ഈ ഡോക്ടറിനെ അമേരിക്കയ്ക്ക് കൈമാറുകയും ചെയ്യില്ല.

അമേരിക്കന്‍ സൈന്യം ഒസാമ ബിന്‍ ലാദനെ 2011ല്‍ വധിച്ചിരുന്നു. ഒസാമയെ തടവിലാക്കാന്‍ സഹായിച്ച ഷാഹ്കില്‍ അഫ്രിദി എന്ന യുവഡോക്ടറിനെ അന്ന് അമേരിക്ക കണക്കറ്റു പ്രശംസിക്കുകയും ചെയ്തിരുന്നു. ഒരു നായക തുല്യമായ ആദരവാണ് അഫ്രിദിയ്ക്കു അന്ന് ലഭിച്ചിരുന്നത്.

എന്നാല്‍ ലാദന്റെ മരണത്തോടെ ഡോക്ടറിനെ ഒരു രഹസ്യനീക്കത്തിലൂടെ പാകിസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അമേരിക്കന്‍ സേനയെ സഹായിക്കാനായി വ്യാജ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു എന്ന കുറ്റവും അഫ്രീദിയില്‍ചുമത്തിയിട്ടുണ്ട്. ക്യാമ്പിന്റെ മറവില്‍ അമേരിക്കയ്ക്ക് വേണ്ടി ഡി.എന്‍.എ ശേഖരണമായിരുന്നു ഡോക്ടര്‍ നടത്തിയത് എന്നും ആരോപിക്കപ്പെട്ടിരുന്നു.

“നിയമം അതിന്റെ വഴിക്ക് നീങ്ങുകയാണ്. രാജ്യത്തിന്‍റെ പൊതുതാല്‍പര്യത്തിനും നിയമങ്ങള്‍ക്കും എതിരായിട്ടാണ് അഫ്രീദി പ്രവര്‍ത്തിച്ചത്. അതിനാല്‍, വിചാരണ നേരിടാനുള്ള എല്ലാ ബാധ്യതയും അഫ്രീദിയ്ക്കുണ്ട്. ” പാകിസ്ഥാന്‍ നിയമമന്ത്രി സാഹിദ് ഹമീദ് പ്രതികരിച്ചു.

ഇക്കാര്യം തങ്ങള്‍ അമേരിക്കയെയും അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലഷ്കര്‍-ഇ-ഇസ്ലാം എന്ന തീവ്രവാദി സംഘടനയിലെ അംഗമാണ് എന്നാരോപിച്ചു 2012ല്‍ അഫ്രീദിയെ 33 വര്ഷം തടവിനു ശിക്ഷിച്ചിരുന്നു. ഈ ആരോപണം തെറ്റാണ് എന്ന് തെളിഞ്ഞപ്പോള്‍ ശിക്ഷാനടപടികള്‍ റദ്ദാക്കിയെങ്കിലും ഇദ്ദേഹത്തിനു നേരെയുള്ള ഭരണകൂടത്തിന്റെ വേട്ടയാടല്‍ അവസാനിച്ചിരുന്നില്ല.

എട്ട് വര്ഷം മുന്‍പ് ഒരു രോഗി മരണപ്പെട്ട കേസുമായി ബന്ധപ്പെട്ടു അഫ്രീദിയെ അവര്‍ വീണ്ടും തടവിലാക്കി. ഈ കേസില്‍ വിചാരണ കാത്തിരിക്കുകയാണ് അഫ്രീദി.

LEAVE A REPLY

Please enter your comment!
Please enter your name here