അമേരിക്കയുടെ മതേതര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും, രാജ്യത്തെ ശക്തിപെടുത്തുന്നതിനും വേണ്ടിയാണു ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു വിസ നിരോധിച്ചതെന്നു അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ്. വിവിധ രാഷ്ട്രീയ നേതാക്കളും മതമേലധ്യക്ഷന്‍മാരും പങ്കെടുത്ത ചടങ്ങിലാണു ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് വിസ നിരോധിച്ചതിന്റ വിശദീകരണവുമായി ട്രംപ് രംഗത്തുവന്നത്.

കുഴപ്പങ്ങള്‍ ലോകമാകെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണെന്നും, ആ കുഴപ്പങ്ങളെ അമേരിക്കയിലേക്കു കടത്തി വിടാതിരിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായാണ് ചില രാജ്യങ്ങളിലുള്ളവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയെയും അതിന്റെ സംസ്‌കാരത്തെയും സ്നേഹിക്കുന്നവരെ മാത്രമേ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കാന്‍ സാധിക്കുവെന്നും ട്രംപ് വ്യക്തമാക്കി. ഇത് ഉറപ്പുവരുത്തുന്നതിനായി പുതിയ സംവിധാനങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി അമേരിക്കയിലേക്കു കടന്നുവരുന്ന അഭയാര്‍ത്ഥികള്‍ കഠിനമായ വിലയിരുത്തലുകളിലൂടെ കടന്നു പോകേണ്ടി വരും- ട്രംപ് പറഞ്ഞു.

മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമസംഭവങ്ങളെയും ട്രംപ് അപലപിച്ചു. ഇത്തരം അക്രമങ്ങള്‍ തടയാന്‍ ലോക രാഷ്ട്രങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യകതയെ പറ്റിയും ട്രംപ് തന്റെ പ്രസ്താവനയിലൂടെ ഓര്‍മ്മിപ്പിച്ചു.

രാഷ്ട്രീയത്തില്‍ മതമേലധ്യക്ഷന്‍മാരുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും ഇടപെടലിനെയും അദ്ദേഹം സ്വാഗതം ചെയ്തു. ഇവര്‍ക്കു രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടുന്നതില്‍ നിന്ന് വിലക്കിയിരുന്ന ജോണ്‍സണ്‍ നിയമം പുനപരിശോധിക്കുന്ന കാര്യവും ട്രംപ് എടുത്തുപറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here