വാഷിങ്ടൺ: ബശ്ശാർ അൽ അസദ് സർക്കാരിൻെറ രാസായുധാക്രമണത്തിനെതിരെ സിറിയൻ വ്യോമതാവളത്തിൽ അമേരിക്കയുടെ മിസൈലാക്രമണം. സിറിയൻ സർക്കാറിൻെറ നിയന്ത്രണത്തിലുള്ള ഹോംസിലെ ശെയ്റാത്തിലുള്ള വ്യോമ താവളത്തിൽ ഇന്ന് പുലർച്ചെ 3.45നാണ് അമേരിക്കൻ അക്രമണമുണ്ടായത്. 

സിറിയൻ വ്യോമ താവളത്തിൻറെ എയർ സ്ട്രിപ്പ്, യുദ്ധ സാമ്രഗ്രികൾ സൂക്ഷിക്കുന്ന സ്ഥലം, കൺട്രോൾ ടവർ, വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലം എന്നിവിടങ്ങളിൽ അറുപതോളം  ക്രൂയിസ് മിസൈലുകൾ വർഷിച്ചതായാണ് യു.എസ് ഒൗദ്യോഗിക വൃത്തങ്ങളും അറിയിച്ചത്. 

സംഭവത്തെ ന്യായീകരിച്ച് യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപ് രംഗത്ത് വന്നിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് കൈക്കൊണ്ട നടപടിയാണിതെന്നും രാസായുധം തടയേണ്ടത് ആവശ്യമാണെന്നുമാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. രാസായുധ പ്രയോഗം നടത്തിയ സിറിയൻ സർക്കാറിനെതിരെ രൂക്ഷ ഭാഷയിൽ ട്രംപ് ഇന്നലെ പ്രതികരിച്ചിരുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിമതരുടെ നിയന്ത്രണ മേഖലയായ ഇദ്ലിബ് പ്രവിശ്യയിലെ ഖാൻ ശൈഖൂനിൽ ബശ്ശാർ അൽ അസദിെൻറ സൈന്യം രാസായുധ പ്രയോഗം നടത്തിയത്. സരിൻ വിഷ വാതകമാണ് പ്രയോഗിച്ചത്. സംഭവത്തിൽ 60 പേർ മരിച്ചതായാണ് പ്രാഥമിക വിവരമെങ്കിലും 100 പേർ മരിച്ചതായും 500 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ടുണ്ടായിരുന്നു.

ഇതിനെ ലോക രാഷ്ട്രങ്ങൾ ശക്തമായി വിമർശിച്ചതിനെതിന് പിന്നാലെ ട്രംപും സിറിയക്കെതിരെ പ്രതികരിച്ചിരുന്നു. രാസായുധ പ്രയോഗം ഏല്ലാ നിയന്ത്രണങ്ങളെയും ലംഘിക്കുന്നതാണെന്നും സിറിയയിൽ കാര്യങ്ങൾ ചുവന്ന വരയിലാണെന്നും ട്രംപ് പറഞ്ഞപ്പോൾ സിറിയൻ പ്രശ്നത്തിൽ യു.എൻ ഇടപെടൽ പരാജയപ്പെടുകയാണെങ്കിൽ അമേരിക്ക വിഷയത്തിൽ ഇടപെടുമെന്നാണ് അംബാസിഡർ നിക്കി ഹാലെ  പ്രതികരിച്ചത്. സിറിയയിലെ രാസായുധ പ്രയോഗത്തിൽ റഷ്യയും സിറിയൻ പ്രസിഡൻറ് അസദുമാണ് പ്രതികൂട്ടിൽ നിൽക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here