അബുദാബി ∙ യുഎഇയിൽ ഇന്ധനവില ഓഗസ്‌റ്റ് ഒന്നുമുതൽ പുനഃക്രമീകരിക്കാൻ തീരുമാനിച്ചതായി ഊർജമന്ത്രാലയം അറിയിച്ചു. ഇപ്പോൾ 1.72 ദിർഹത്തിനു ലഭ്യമാകുന്ന പെട്രോളിന്റെ വിലയിൽ മാറ്റം വരും. രാജ്യാന്തര എണ്ണവിലയുമായി ബന്ധപ്പെടുത്തിയാകും ഓരോ മാസത്തെയും വിലനിർണയം. ഇതിനായി വിലനിർണയ സമിതി രൂപീകരിച്ചെന്നും ഊർജമന്ത്രി സുഹൈൽ അൽ മസൂറി അറിയിച്ചു. ഊർജമന്ത്രാലയ അണ്ടർ സെക്രട്ടറിയായിരിക്കും സമിതി അധ്യക്ഷൻ. ധനമന്ത്രാലയം അണ്ടർ സെക്രട്ടറി, അഡ്‌നോക് ഡിസ്‌ട്രിബ്യൂഷൻ സിഇഒ, എമിറേറ്റ്‌സ് നാഷനൽ ഓയിൽ കമ്പനി സിഇഒ എന്നിവർ അംഗങ്ങളായിരിക്കും. സമിതി എല്ലാ മാസവും 28നു യോഗം ചേർന്നു തുടർന്നു വരുന്ന മാസത്തിലെ നിരക്കു പ്രഖ്യാപിക്കും. ഓഗസ്‌റ്റിലെ വില ഈ മാസം 28നു നിശ്‌ചയിക്കും. രാജ്യാന്തര വിലനിലവാരം അനുസരിച്ച് ഉപഭോക്‌താവിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഊർജമന്ത്രാലയം അണ്ടർ സെക്രട്ടറിയും ഇന്ധനവില സമിതി ചെയർമാനുമായ ഡോ. മത്തർ അൽ ന്യാദി അറിയിച്ചു. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചാണോ പെട്രോൾ വില നിശ്‌ചയിക്കുന്നതെന്ന് ഉറപ്പാക്കാനാണ് ഊർജ – ധന മന്ത്രാലയ പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിലയ്ക്കു പുറമേ പെട്രോളിയം കമ്പനികളുടെ ലാഭവുംകൂടി ഉറപ്പാക്കിയാകും വില നിശ്‌ചയിക്കുക.

പ്രവർത്തനച്ചെലവു കുറച്ച് മികവു വർധിപ്പിക്കാൻ എണ്ണക്കമ്പനികൾക്കു നിർദേശവും നൽകും. പെട്രോൾ വിലയിലെ പുനഃക്രമീകരണം ഇലക്‌ട്രിക് – ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പെടെ ഇന്ധനക്ഷമത കൂടിയ വാഹനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്നാണു വിലയിരുത്തൽ. പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ ജനങ്ങൾക്കു പ്രേരണയാകും. 2013ൽ യുഎഇയിൽ പുറന്തള്ളപ്പെട്ട ഹരിതഗൃഹ വാതകങ്ങളിൽ 22% വാഹനങ്ങൾമൂലമായിരുന്നു. 4.46 കോടി ടൺ കാർബൺ ഡൈ ഓക്‌സൈഡ് ആണു പുറന്തള്ളിയത്. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുവാഹനങ്ങൾ ഉപയോഗിക്കുന്നതോടെ കാർബൺ ബഹിർഗമനം കുറയും. പരിസ്‌ഥിതി സൗഹൃദ ടാക്‌സികളും മറ്റും ഉൾപ്പെടുത്തി മികച്ച പൊതുഗതാഗത സംവിധാനമാണ് യുഎഇയുടേതെന്നു മന്ത്രി സുഹൈൽ അൽ മസൂറി അറിയിച്ചു. വർഷങ്ങളായി 1.72 ദിർഹമാണു യുഎഇയിൽ പെട്രോൾ വില. ഡീസൽ വില പെട്രോളിനെ അപേക്ഷിച്ചു കൂടുതലാണ് – 2.90 ദിർഹമാണ് ഇന്നലത്തെ വില. ഭാരവാഹനങ്ങളാണു ഡീസൽ ഉപയോഗിക്കുന്നത്. പുതിയ നയത്തോടെ ഡീസൽ വില കുറയുമെന്നാണ് ഊർജമന്ത്രി അറിയിച്ചത്. അതിനാൽ വിലക്കയറ്റത്തിനു സാധ്യതയില്ലെന്നു സർക്കാർ കണക്കുകൂട്ടന്നു. പെട്രോൾ വിലയിൽ ഒരു ദിർഹത്തോളം മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്‌ധർ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here