മാതൃക ദമ്പതിമാരായാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയേയും മിഷേല്‍ ഒബാമയേയും ഏവരും വിശേഷിപ്പിക്കുന്നത്.

അത്രയ്ക്കും സ്‌നേഹത്തിലാണ് രണ്ടുപേരും. എന്നാല്‍ മിഷേലിനെ കാണുന്നതിന് മുമ്പ് ഒബാമയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. ആ പ്രണയ തകര്‍ച്ചയാണ് ഒബാമയെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്.

ഒബാമയുടെ ജീവിതത്തെ ആസ്പദമാക്കി പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവ് ഡേവിഡ് ജെ ഗാരോ എഴുതിയ റൈസിങ് സ്റ്റാര്‍ എന്ന പുസ്തകത്തിലാണ് ഒബാമയുടെ പ്രണയത്തെക്കുറിച്ച് പറയുന്നത്.

വെറുതേ തമാശയ്ക്കുള്ള പ്രണയമൊന്നുമായിരുന്നില്ല അത്. അസ്ഥിക്ക് പിടിച്ച ഒന്നാന്തരം പ്രണയം തന്നെ. പക്ഷേ സംഗതി ഒരുഭാഗത്തേക്കേ ഉണ്ടായിരുന്നുള്ളൂ.

ഷെയ്‌ല മിയോഷി ജാഗര്‍ എന്നായിരുന്നു കക്ഷിയുടെ പേര്. ഒബേര്‍ലിന്‍ കോളേജിലെ പ്രൊഫസറാണ് ഷെയ്‌ല ഇപ്പോള്‍. ഷെയ്‌ലയുമായി പുസ്തക രചയിതാവ് നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ഭാഗം തന്നെയാണ് റൈസിങ് സ്റ്റാറിന്റെ മുഖ്യ ആകര്‍ഷണവും.

എണ്‍പതുകളില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസറായി ജോലി ചെയ്യുമ്പോഴാണ് ഒബാമ ഷെയ്‌ലയെ പരിചയപ്പെടുന്നത്. 1986ലാണ് തനിക്ക് ഷെയ്‌ലയെ ഇഷ്ടമാണെന്നും വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നും ഒബാമ ഷെയ്‌ലയുടെ മാതാപിതാക്കളോട് പറയുന്നത്. അന്ന് ഒബാമയ്ക്ക് 25ഉം പ്രണയിനിക്ക് 23ഉം ആയിരുന്നു പ്രായം.

പക്ഷേ വിവാഹം കഴിക്കാനുള്ള പ്രായമായിട്ടില്ല എന്ന് പറഞ്ഞ് ഷെയ്‌ലയുടെ രക്ഷിതാക്കള്‍ ഈ ആലോചന നിരസിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഒബാമയ്ക്ക് ചിക്കാഗോയിലെ മേയര്‍ സ്ഥാനമോ സെനറ്റംഗമോ ഗവര്‍ണറോ ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതിനും ശേഷമാണ് ആ കണ്ണുകള്‍ വൈറ്റ്ഹൗസിലേക്ക് തിരിയുന്നതെന്നും ഗാരോ എഴുതുന്നു.

ഒബാമ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ആയതും ഷെയ്‌ല ഡച്ച് ജാപ്പനീസ് ആയതും ഇരുവരുടേയും ബന്ധത്തിന് ഉലച്ചിലുണ്ടാക്കി. പക്ഷേ അപ്പോഴും ഷെയ്‌ലയോടുള്ള ഇഷ്ടം ഒബാമ മനസില്‍ സൂക്ഷിച്ചിരുന്നു. ഹാര്‍വാര്‍ഡ് നിയമ സ്‌കൂളിലേക്ക് പോകുന്നതിന് മുമ്പായി ഒരിക്കല്‍ക്കൂടി ഒബാമ ഷെയ്‌ലയോട് തന്റെ ഇഷ്ടം തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ സിയോളില്‍ ഗവേഷണത്തിന് പോകണമെന്ന് പറഞ്ഞ് അവരത് വീണ്ടും നിരസിച്ചു.

തുടര്‍ന്ന് ഹാര്‍വാര്‍ഡിലേക്ക് പോയ ഒബാമ അവിടെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കേയാണ് മിഷേലിനെ പരിചയപ്പെടുന്നതെന്നും റൈസിങ് സ്റ്റാറില്‍ ഗാരോ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here