ലണ്ടൻ: മാഞ്ചസ്റ്ററിൽ 22 പേരുടെ ജീവൻ പൊലിഞ്ഞ ഭീകരാക്രമണം നടത്തിയ ചാവേറിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടു. ചാവേറായ സൽമാൻ ആബീദിയുടെ ചിത്രമാണ് അന്വേഷണ ഏജൻസി പുറത്തുവിട്ടത്. കറുത്ത ജാക്കറ്റും ബേസ്ബോൾ തൊപ്പിയും ജീൻസും കണ്ണാടിയും ചാവേർ ധരിച്ചിട്ടുണ്ട്. ആക്രമണത്തിന് മുമ്പ് സി.സി.ടി.വിയിൽ പതിഞ്ഞ ചിത്രങ്ങളിൽ നിന്നാണ് ചാവേറിനെ തിരിച്ചറിഞ്ഞത്. 

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൽമാൻ ആബീദിയുടെ സഹോദരനടക്കം 11 പേർ പിടിയിലായിട്ടുണ്ട്. മാഞ്ചസ്റ്ററിൽ ജനിച്ച  ആബീദിയുടെ മാതാപിതാക്കൾ ലിബിയക്കാരാണ്. ലിബിയയിലായിരുന്ന ആബീദി മേയ് 18നാണ് ബ്രിട്ടനിലെത്തിയത്. 

ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ അമേരിക്കൻ പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീത പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ജനക്കൂട്ടത്തിനു നേരെയാണ് ചാവേർ ആക്രമണമുണ്ടായത്.  സംഭവത്തിൽ 22 പേർ കൊല്ലപ്പെട്ടു. 119ലധികം പേർക്ക് പരിക്കേറ്റു. 

ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. കൂടുതൽ ആക്രമണം നടത്തുമെന്നും ഐ.എസ് ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. 2005 ജൂലൈ അഞ്ചിന് ഇംഗ്ലണ്ടിലെ മൂന്ന് ട്രെയിനുകളിലായുണ്ടായ ചാവേർ സ്ഫോടനത്തിൽ 52 പേർ മരിക്കുകയും 700 പേർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here