വാഷിങ്ടന്‍: വ്യാപകനാശം വിതച്ച ‘ഹാര്‍വി’ക്കു പിന്നാലെ കരീബിയന്‍ മേഖലയില്‍നിന്നു യുഎസ് തീരത്തേക്കു നീങ്ങുന്ന ‘ഇര്‍മ’ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിലേക്ക് എത്തുന്നു.മണിക്കൂറുകള്‍ക്കകം ഫ്‌ളോറിഡ സംസ്ഥാനത്തെത്തുന്ന ചുഴലിക്കാറ്റ് വന്‍ നാശമുണ്ടാക്കുമെന്നാണു മുന്നറിയിപ്പ്. കരീബിയന്‍ ദ്വീപുകളില്‍ വലിയ നാശംവിതച്ചാണ് ഇര്‍മ യുഎസിലേക്കു പ്രവേശിക്കുന്നത്. കരീബിയന്‍ ദ്വീപുകളില്‍ ഇര്‍മ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 17 ആയി.
ദുരിതത്തിന്റെ തീവ്രത കുറയ്ക്കാനായി ഫ്‌ളോറിഡയില്‍നിന്നു ജനങ്ങളെ വലിയതോതില്‍ ഒഴിപ്പിക്കുന്നുണ്ട്. ഇന്ധന പമ്പുകളിലും വിമാനത്താവളങ്ങളിലും വന്‍ തിരക്കാണ്. കിഴക്കന്‍ തീരത്തെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് ഫ്‌ളോറിഡ. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടക്കുന്നത്. ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. അതിവിനാശകാരിയായ കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുന്ന ഇര്‍മ വെള്ളിയാഴ്ച കാറ്റഗറി നാലിലേക്കു താഴ്ന്നത് നേരിയ ആശ്വാസമാണ്. 1851നു ശേഷം കാറ്റഗറി അഞ്ചില്‍പ്പെട്ട ചുഴലിക്കാറ്റ് മൂന്നുവട്ടം മാത്രമാണു യുഎസിലെത്തിയിട്ടുള്ളത്.
അതേസമയം, കരീബിയന്‍ ദ്വീപായ സെന്റ് മാര്‍ട്ടിനില്‍ ഇര്‍മ വ്യാപകനാശം വിതച്ചു. ഇതുവരെ 17 പേര്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് അധീനതയിലുള്ള കരീബിയന്‍ ദ്വീപായ സെന്റ് മാര്‍ട്ടിന്‍, യുഎസ് ദ്വീപായ വിര്‍ജിന്‍ ഐലന്‍ഡ്‌സ് എന്നിവിടങ്ങളിലും ആന്‍ഗ്വില്ല, ബാര്‍ബുഡ എന്നിവിടങ്ങളിലുമാണ് ആളുകള്‍ മരിച്ചത്.

ദ്വീപുരാജ്യമായ ബാര്‍ബുഡ ഏതാണ്ടു പൂര്‍ണമായി തകര്‍ന്നടിഞ്ഞു.
ഇതുവരെ പത്തു ലക്ഷത്തിലേറെപ്പേരെ ദുരന്തം ബാധിച്ചതായാണു കണക്ക്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ബുധനാഴ്ച രൂപംകൊണ്ട കാറ്റഗറി ഒന്നില്‍പ്പെട്ട കാത്യ ചുഴലിക്കാറ്റ് കിഴക്കന്‍ മെക്‌സിക്കോ തീരങ്ങളിലേക്കു നീങ്ങി. ഹോസെ ചുഴലിക്കാറ്റും ഇര്‍മയുടെ പിന്നാലെ ശക്തിപ്രാപിച്ച് കാറ്റഗറി നാലിലേക്കു പ്രവേശിച്ചു. വരുംദിവസങ്ങളില്‍ ഹോസെയുടെ ശക്തികുറയുമെന്നാണു പ്രവചനം.
വിനോദസഞ്ചാര കേന്ദ്രമായ സെന്റ് മാര്‍ട്ടിന്‍ ദ്വീപ് 95 ശതമാനവും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നശിച്ചുവെന്നാണു റിപ്പോര്‍ട്ടുകള്‍. രണ്ടു ചെറുദ്വീപുകള്‍ അടങ്ങുന്ന രാജ്യമായ ബാര്‍ബുഡയില്‍ പത്തില്‍ ഒന്‍പതു കെട്ടിടങ്ങളും തകര്‍ന്നു. ദീപില്‍ ആകെ രണ്ടായിരത്തില്‍ താഴെ ജനങ്ങളേയുള്ളൂ. ഇവരില്‍ പകുതിയോളം പേരുടെ വീടുകള്‍ നശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here