കൊച്ചി: ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപെട്ട ഫാ.ടോം ഉഴുന്നാലില്‍ ഉടന്‍ ജന്മനാട്ടിലേക്കില്ല. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കും വരെ ഫാ. ടോം ഉഴുന്നാലില്‍ റോമില്‍ ചികിത്സയില്‍ തുടരുമെന്ന് സലേഷ്യന്‍ സഭ ആഗോളതലവന്‍ ഫാ. ഏഞ്ചല്‍ ഫെര്‍ണാണ്ടസ് ആര്‍ടൈം. ഫാ. ടോമിനെ മോചിപ്പിക്കാന്‍ സലേഷ്യന്‍ സഭയോട് മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ല എന്നും വത്തിക്കാന്‍ നല്‍കിയോ എന്നു അറിയില്ലെന്നും ഫാ. ആര്‍ടൈം പറഞ്ഞു.

വിദേശ സന്ദര്‍ശനം കഴിഞ്ഞു റോമില്‍ മടങ്ങി എത്തിയ ശേഷമാണ് ഫാ. അര്‍ടൈം ഫാ. ടോം ഉഴുന്നാലിലിനെ സന്ദര്‍ശിച്ചത്. ഡോക്ടര്‍മാര്‍ ഫാദര്‍ ഉഴുന്നാലിലിന്റെ ആരോഗ്യ സ്ഥിതിയില്‍ പൂര്‍ണ തൃപ്തരാകും വരെ റോമില്‍ ചികിത്സ തുടരും. ഇതിന് ശേഷമേ ഇന്ത്യയിലേക്ക് മടങ്ങൂ. തട്ടിക്കൊണ്ടു പോയവരുമായി ബന്ധപെടാന്‍ കഴിഞ്ഞുവെന്ന് ആഴ്ചകള്‍ക്കു മുന്‍പ് വത്തിക്കാന്‍ അറിയിച്ചിരുന്നു. ഇത് പ്രതീക്ഷ വര്‍ധിപ്പിച്ചു. സലേഷ്യന്‍ സഭയോട് മോചനദ്രവ്യം ആവശ്യപെട്ടിട്ടില്ലന്നും വത്തിക്കാന്‍ നല്‍കിയോ എന്നു അറിയില്ലെന്നും ഫാ. ആര്‍ടൈം പറഞ്ഞു. ഒമാന്‍ സുല്‍ത്താനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഫാ. അര്‍ടൈം സലേഷ്യന്‍ സഭയുടെ പേരില്‍ നന്ദി പറഞ്ഞു.

കഴിഞ്ഞദിവസം ഫാ.ടോം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. ഒമാനില്‍നിന്നു റോമിലെത്തിയ ഫാ.ടോം, സലേഷ്യന്‍ സഭാധികൃതര്‍ക്കൊപ്പമാണു മാര്‍പാപ്പയെ കണ്ടത്. മാര്‍പാപ്പയുടെ പതിവു പൊതുസന്ദര്‍ശന പരിപാടിക്കു ശേഷം സ്വകാര്യച്ചടങ്ങില്‍ ആയിരുന്നു കൂടിക്കാഴ്ച. മുന്നില്‍ മുട്ടുകുത്തിയ ഫാ. ടോമിനെ മാര്‍പാപ്പ തലയില്‍ കൈവച്ച് ആശീര്‍വദിക്കുന്ന ചിത്രം വത്തിക്കാന്‍ അധികൃതര്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.

തന്നെ തട്ടിക്കൊണ്ടുപോയവര്‍ ഒരിക്കല്‍പോലും മോശമായി പെരുമാറിയിട്ടില്ലെന്നു ഫാ.ടോം പറഞ്ഞു. പ്രമേഹത്തിനുള്ള മരുന്നുകളും അവര്‍ നല്‍കിയതായി തടവറയിലെ അനുഭവങ്ങള്‍ വത്തിക്കാനില്‍ സലേഷ്യന്‍ സഭാംഗങ്ങളോടു പങ്കുവയ്ക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ഒന്നരവര്‍ഷവും ഒരേ വസ്ത്രമാണു ധരിച്ചത്. ഇതിനിടയില്‍ രണ്ടോ മൂന്നോ തവണ തന്നെ സ്ഥലംമാറ്റിയിരുന്നു. ഓരോ തവണയും കണ്ണു മൂടിക്കെട്ടിയാണു കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയവര്‍ അറബിക്കാണു സംസാരിച്ചിരുന്നത്. അതിനാല്‍ അവരുമായി ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു.

അവര്‍ക്കു വശമുള്ള അല്‍പം ചില ഇംഗ്ലിഷ് വാക്കുകള്‍ കൊണ്ടായിരുന്നു സംസാരമത്രയും. തെക്കന്‍ യെമനിലെ ഏഡനിലെ മിഷണറീസ് ഓഫ് ചാരിറ്റി നടത്തിയിരുന്ന വൃദ്ധസദനത്തിനു നേരെ ഭീകരാക്രമണം നടക്കുമ്പോള്‍ അവിടത്തെ ചാപ്പലിലായിരുന്നു താന്‍. അവിടെ നിന്നാണു തട്ടിക്കൊണ്ടുപോകുന്നത്. തടവിനിടെ പ്രാര്‍ഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. അള്‍ത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. കുര്‍ബാനയിലെ പ്രാര്‍ഥനകളും പ്രതിവചനങ്ങളും മനസ്സില്‍ ഉരുവിടും.

തടവിനിടെ താന്‍ കൊല്ലപ്പെടുമെന്ന് ഒരിക്കല്‍പോലും ചിന്തിച്ചിരുന്നില്ല. ഭീകരാക്രമണം നടക്കുന്നതിന്റെ തലേന്ന് ഏഡനിലെ മിഷണറീസ് ഓഫ് ചാരിറ്റിയില്‍ നടന്ന ഒരു സംഭവം അദ്ദേഹം അനുസ്മരിച്ചു. ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനു നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു വിവരിക്കുന്നതിനിടെ, ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നതാകും ഇതിലും നല്ലതെന്നു ഡയറക്ടര്‍ പറഞ്ഞു. എന്നാല്‍ തനിക്കു ക്രിസ്തുവിനുവേണ്ടി ജീവിക്കണം എന്നായിരുന്നു അവിടെയുണ്ടായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന്റെ പ്രതികരണം. ഈ പ്രതികരണം നടത്തിയയാള്‍ പിറ്റേന്ന് ആക്രമണത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു – ഫാ.ടോം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here