അൽമാറ്റി : കസഖിസ്ഥാനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ‘ അജ്ഞാത ന്യുമോണിയ ‘ കേസുകൾ കൊവിഡ് മൂലമാകാമെന്ന് ലോകാരോഗ്യ സംഘടന. കസഖിസ്ഥാനിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10,000ത്തിലേറെ പേർക്കാണ് പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 56,455 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗികളായുള്ളത്. 264 പേർ മരിച്ചു.രാജ്യത്തെ കൊവിഡ് പരിശോധനയെ സംബന്ധിച്ചും പരിശോധനാ സംവിധാനത്തിന്റെ ഗുണനിലവാരവും നിരീക്ഷിക്കുകയാണ് ലോകാരോഗ്യ സംഘടന.

മുമ്പ് ന്യുമോണിയയുമായെത്തിയവർക്ക് തെറ്റായ കൊവിഡ് ഫലം കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ന്യുമോണിയ കേസുകൾ കൊവിഡാകാമെന്നും എന്നാൽ ശരിയായ രീതിയിൽ പരിശോധന നടക്കാതെ പോയതാകാമെന്നും ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. മൈക്കേൽ റയാൻ പറഞ്ഞു. ഈ ന്യുമോണിയ കേസുകളെ പറ്റി പഠിക്കാൻ ലോകാരോഗ്യ സംഘടനയുടെ സംഘം കസഖിസ്ഥാനിൽ എത്തിയിട്ടുണ്ട്.ചൈനീസ് അധികൃതരാണ് കസഖിസ്ഥാനിൽ അജ്ഞാത ന്യുമോണിയ പടർന്നുപിടിക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ആദ്യമായി നൽകിയത്. കഴിഞ്ഞ മാസം 600 ഓളം പേരാണ് രാജ്യത്ത് ന്യുമോണിയ ബാധിച്ച് മരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തുള്ള ചൈനീസ് പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ചൈനീസ എംബസി അറിയിച്ചിരുന്നു. കൊവിഡിനെക്കാൾ മരണ നിരക്ക് കൂടിയതാണ് പുതുതായി പടർന്നു പിടിക്കുന്ന ന്യുമോണിയ രോഗമെന്ന് ചൈനീസ് എംബസി അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 1,772 പേരാണ് കസഖിസ്ഥാനിൽ അജ്ഞാത ന്യുമോണിയ ബാധിച്ച് മരിച്ചത്. ജൂണിൽ മരിച്ചത് 628 പേരാണ്. ഇതിൽ ചൈനീസ് പൗരന്മാരും ഉൾപ്പെടുന്നു. അതേ സമയം, ചൈനീസ് എംബസിയുടെ വാദം തള്ളിക്കൊണ്ട് കസഖിസ്ഥാൻ രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here