ടെഹ്റാൻ: ജനുവരി എട്ടിന് 176 പേരുടെ മരണത്തിനിടയാക്കി യുക്രെയ്ൻ യാത്രാ വിമാനം തകർന്നുവീണത് 25 സെക്കൻഡ് ഇടവേളയിൽ രണ്ടു മിസൈൽ ഏറ്റാണെന്ന് ഇറാൻ സ്ഥിരീകരിച്ചു. കോക്പിറ്റിൽ നടന്ന സംഭാഷണവും ബ്ലാക് ബോക്സിലെ വിവരങ്ങളും പാരിസിൽ അയച്ചു വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയതെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഔദ്യോഗികമായി അറിയിച്ചു.

ടെഹ്റാൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിനു നേരെ ഇറാൻ റവല്യൂഷനറി ഗാർഡ്‌സ് തൊടുത്ത ആദ്യ മിസൈൽ റേഡിയോ ഉപകരണങ്ങൾ നശിപ്പിച്ചു. 25 സെക്കൻഡിനു ശേഷം രണ്ടാമത്തെ മിസൈൽ ഏറ്റതോടെ വിമാനം അഗ്നിഗോളമായി പതിച്ചു. ആദ്യ മിസൈൽ ഏറ്റ ശേഷം 19 സെക്കൻഡുകൾ കോക്പിറ്റിൽ നടന്ന സംഭാഷണമാണു ലഭിച്ചത്.

ഇറാൻ–യുഎസ് സംഘർഷം രൂക്ഷമായ സമയത്തായിരുന്നു സംഭവം. ഇറാൻ ജനറൽ ഖാസിം സുലൈമാനി ഇറാഖിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു തിരിച്ചടിയായി ഇറാഖിലെ യുഎസ് വ്യോമത്താവളങ്ങൾക്കു നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here