കൊവിഡിന് പിന്നാലെ ലോകം മറ്റൊരു ദുരന്തം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള തന്റെ ആശങ്കളും അദ്ദേഹം പങ്കുവച്ചു. അധികൃതർക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു.

കൊവിഡിന് വാക്സിന് നിർമിക്കുന്നത് പോലെ ഇതിനെ പ്രതിരോധിക്കുന്നത് എളുപ്പാമാകില്ലെന്നും ബിൽ ഗേറ്റ്സ് ഓർമ്മപ്പെടുത്തി. “കൊവിഡ് നിങ്ങൾക്ക് പതിനായിരക്കണക്കിന് ഡോളർ ചെലവഴിച്ച് അവസാനിപ്പിക്കാൻ കഴിയും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം വളരെ കഠിനമാണ്. ഇത് പകർച്ചവ്യാധി സമയത്ത് കണ്ടതിനേക്കാൾ വലുതായിരിക്കും.” ബിൽ ഗേറ്റ്സ് പറഞ്ഞു. നേരത്തെ തന്റെ ബ്ലോഗ് പോസ്റ്റിലും ബിൽ ഗേറ്റ്സ് ഈ കാര്യം കുറിച്ചിരുന്നു. 2060 ആകുമ്പോഴേക്കും കാലാവസ്ഥാ വ്യതിയാനം കൊവിഡിനെ പോലെ മാരകമാകും. 2100 ആകുമ്പോഴേക്കും ഇത് അഞ്ചിരട്ടി മാരകമാകുമെന്നും ഗേറ്റ്സ് പറഞ്ഞു.2021 ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘കാലാവസ്ഥാ ദുരന്തം എങ്ങനെ ഒഴിവാക്കാം’ എന്ന തന്റെ പുസ്തകത്തിൽ ഗേറ്റ്സ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധി കാലക്രമേണ വ്യാപിക്കുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യും. നാസ സൂചിപ്പിക്കുന്നത് പോലെ കാലാവസ്ഥാ രീതികളെയും സമുദ്രനിരപ്പിനെയും ഭൂമിയിലെ ജീവിതത്തെ പിന്തുണയ്ക്കുന്ന എല്ലാ സംവിധാനങ്ങളെയും ഇത് ബാധിച്ചേക്കും.

കൊവിഡ് പോലെ ഒരു മഹാമാരി ലോകത്ത് പൊട്ടിപ്പുറപ്പെടുമെന്ന് ശാസ്ത്ര ഡേറ്റയുടെ അടിസ്ഥാനത്തില്‍ 2015ൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്തിന്റെ കൈയ്യില്‍ ഇതിന് ഉത്തരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊവിഡിന് വാക്സിൻ കണ്ടെത്തുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനം വരുത്തിവയ്ക്കാൻ പോകുന്ന വിനാശത്തിന് പ്രതിരോധം തീർക്കാൻ നടപടി സ്വീകരിക്കാൻ സമയമായെന്നും ഗേറ്റ്സ് ഓർമിപ്പിച്ചു. വരുന്ന 40 വർഷത്തിനുള്ളിൽ ലോകത്തെ മൊത്തം താപനില ഉയരുമെന്നും ഇത് ആഗോള മരണനിരക്ക് ഉയർത്തുമെന്നും പ്രവചനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here