ബമാക്കോ: മാലിയില്‍ വ്യോമാക്രമണം നടത്തി 50 അല്‍ ഖായിദ ഭീകരരെ വധിച്ചുവെന്ന് ഫ്രാന്‍സ്. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. മേഖലയില്‍ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്.
അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിനു പിന്നാലെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധമന്ത്രി പറഞ്ഞു. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈല്‍ ആക്രമണത്തിന് എത്തിയത്. അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുൽ ഇസ്‌ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്.

ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു പിന്നാലെയാണു മാലിയിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഫ്രഞ്ച് വ്യോമസേന കടുത്ത ആക്രമണം ആഴിച്ചുവിട്ടത്. തെക്കന്‍ ഫ്രാന്‍സിലെ നീസ് പട്ടണത്തിലെ ഒരു പള്ളിക്കു സമീപം കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ കഴുത്തറുത്തു കൊന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here