ജനീവ: ലോകരാജ്യങ്ങൾ കൊവിഡിന് ശേഷം അടുത്ത മഹാമാരിയ്‌ക്കായി ഇപ്പോഴേ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. 73ആമത് ലോകാരോഗ്യ അസംബ്ളി വെർച്വൽ യോഗ ശേഷമാണ് ലോകാരോഗ്യ സംഘടന ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ട് വച്ചത്. ആരോഗ്യ പരിപാലനത്തിൽ മികച്ച സംവിധാനങ്ങളുള‌ള രാജ്യങ്ങൾക്ക് കൊവിഡ് രോഗത്തെ ഫലപ്രദമായി നേരിടുന്നതിനും അതിജീവിക്കുന്നതിനും കഴിഞ്ഞതായി ലോകാരോഗ്യ സംഘടന വിലയിരുത്തി. അവരെ സംഘടന അഭിനന്ദിച്ചു.

ലോകരാജ്യങ്ങൾ ആരോഗ്യ പരിപാലനത്തിൽ മികച്ച അടിത്തറയുണ്ടാക്കിയാൽ മാത്രമേ ആരോഗ്യപൂർണമായ സുസ്ഥിരമായൊരു ലോകം സാദ്ധ്യമാകുള‌ളുവെന്ന് ലോകാരോഗ്യ സംഘടന ഓർമ്മിപ്പിച്ചു. ലോകത്ത് ഏത് രാജ്യത്തായാലും സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ അടിത്തറയ്‌ക്ക് പ്രധാനം ആരോഗ്യമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. കൊവിഡ് രോഗം ഗുരുതരമായി ബാധിച്ച് തുടങ്ങിയ ഉടനെ വിവിധ രാജ്യങ്ങൾ രോഗം ഭേദമാകുന്നതിനുള‌ള വാക്‌സിൻ കണ്ടെത്തുന്നതിനും ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനും ശ്രമം ആരംഭിച്ചു.വാക്‌സിനുകൾ, രോഗനിർണയം,രോഗചികിത്സ എന്നിവ മെച്ചപ്പെടുത്തുന്നതിനുള‌ള പദ്ധതികൾ വിവിധ രാജ്യങ്ങളിൽ നന്നായി നടക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളിലും ഇവ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കും. അടുത്ത പതി‌റ്റാണ്ടിൽ 2030 വരെ ഇൻഫ്ളുവൻസ,ക്ഷയം, ഗള ക്യാൻസർ,ഭക്ഷ്യസുരക്ഷ തുടങ്ങി വിവിധ രോഗങ്ങളെയും സാമൂഹിക പ്രശ്‌നങ്ങളെയും നേരിടുന്നതിനും അവയുടെ പ്രതിവിധി കണ്ടെത്തുന്നതിനും ആഴത്തിലുള‌ള ആലോചനകൾ തുടങ്ങിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here