രാജേഷ് തില്ലങ്കേരി

അങ്ങിനെ ആ ദിവസം ഇതാ നാളെയാണ് സുഹുർത്തുക്കളെ…നാളെയാണ്…. ഇനി ഒരു പകൽ മാത്രമാണ് ബാക്കിയുള്ളത്.  കേരളം അടുത്ത അഞ്ച് വർഷം ആര് ഭരിക്കണമെന്ന് വോട്ടർമാർ നാളെ വിധിയെഴുതും.

കോവിഡ് കാരണം ഒരു വർഷമായി ഉത്സവങ്ങൾ ഒന്നും കാര്യമായി നടന്നിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണം യഥാർത്ഥത്തിൽ വലിയൊരു ഉത്സവമേളമായിരുന്നു. തെരഞ്ഞെടുപ്പ് ഉത്സവത്തിന്റെ ഉത്രാടപ്പാച്ചിലായിരുന്നു ഇന്ന്. കൊട്ടിക്കലാശം പാടില്ലെന്നുള്ള നിർദ്ദേശം പാലിച്ചു. എന്നാൽ കൊട്ടിക്കലാശത്തിനെ വെല്ലുന്ന റോഡ് ഷോയാണ് എല്ലാ മണ്ഡലങ്ങളിലും അരങ്ങേറിയത്. കോട്ടയത്ത് ചില മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും വലിയ ജനക്കൂട്ടമായിരുന്നു.

എന്തെല്ലാമായിരുന്നു വിവാദങ്ങൾ, ആരോപണങ്ങൾ, പ്രത്യാരോപണങ്ങൾ. നടപ്പാക്കാൻ പോവുന്ന പദ്ധതികൾ, കൊടുത്ത അരി പയറ്, കടുക് എന്നിവയുടെ കണക്കുകൾ വേറെ. പുട്ടും കടലയും മുതൽ ചായവാങ്ങിച്ചു കൊടുത്തതുവരെയുള്ള കണക്കുകൾ നിരത്തിയാണ് ഒരു പക്ഷത്തിന്റെ വോട്ടുതേടൽ.

വിവാദമായ നിരവധി കരാറുകൾ, സ്വർണത്തിന്റെ ഇങ്ങോട്ടുള്ള കടത്ത് ഇന്ത്യൻ മണി ഡോളറാക്കിയുള്ള തിരിച്ചുകടത്തൽ ഇങ്ങനെയുള്ള കടത്തുകളുടെ പട്ടികയായിരുന്നു മറുപക്ഷത്തിന്റെ ആരോപണം. പ്രളയഫണ്ട്  തട്ടിപ്പുകൾ… എല്ലാം ആവശ്യത്തിനും അനാവ്യത്തിനും വാരിവിതറിയിട്ടുണ്ട്. രണ്ടു തവണയായി അരങ്ങേറിയ മാവോയിസ്റ്റ് ഏറ്റുമുട്ടലുകളും മരണങ്ങൾ തുടങ്ങിയവയൊന്നും ആരും മിണ്ടിയില്ലെന്നതും ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പ് ഉത്സവത്തിന് കൊട്ടിക്കലാശം പാടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. കൊട്ടിക്കലാശം ഇത്തവണ കൊട്ടാതെ കലാശിച്ചു. റോഡ് നിറയെ ആഘോഷവും ആൾക്കൂട്ടവും. കോവിഡ് വ്യാപനം തടയാനായിരുന്നു ഈ നിയമം, എന്നാൽ അതിനെ മറികടക്കാൻ കണ്ടെത്തിയ മാർഗമായിരുന്നു റോഡ് ഷോ. ഷോ കാണാനായി തടിച്ചുകൂടിയത് സാധാരണ കൊട്ടിക്കലാശത്തിന് പങ്കെടുക്കുന്നതിലും എത്രയോ അധികം പേരും.

പൊടിപൊടിച്ചത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ


മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് ഉത്സവം ഏറ്റവും ഗംഭീരമായത്. പെരളശേരിയിൽ നിന്നും ആരംഭിച്ച റോഡ് ഷോ  പിണറായിൽ സമാപിച്ചു. മലയാളികൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത റോഡ് ഷോയാണ് അരങ്ങേറിയത്. ഉച്ചയ്ക്ക് തുടങ്ങിയ ഷോ യ്ക്ക് പൊലിമവർദ്ധിപ്പിക്കാൻ രാഷ്ട്രീയക്കാർ മാത്രമല്ല സിനിമാ താരങ്ങളും എത്തിയിരുന്നു.  40 കിലോമീറ്റർ ദൂരത്തിലാണ് പിണറായി വിജയന്റെ റോഡ് ഷോ നടന്നത്.

ലോക നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുമെന്നാണ് പിണറായി വിജയന്റെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം.  ഏതാണ് മാതൃകാ ലോകമെന്നു മാത്രം മുഖ്യമന്ത്രി പറഞ്ഞിട്ടില്ലത്രേ…

അവസാന നിമിഷത്തിൽ നേമത്ത് രാഹുലും


കോൺഗ്രസുകാരും റോഡ് ഷോയിൽ മുന്നിട്ടു നിന്നു. പ്രിയങ്കവരാത്തതിന്റെ മനോവിഷമത്തിൽ കഴിയുകയായിരുന്ന രാഹുൽ നേമത്തേക്ക് പറന്നിറങ്ങി. അങ്ങിനെ സഹോദരിയുടെ അഭാവം രാഹുൽ നികത്തി. നേമത്ത് മാത്രമല്ല  കഴക്കൂട്ടത്തും രാഹുൽ റോഡ് ഷോ നടത്തി. സ്ഥാനാർത്ഥി ഡോ എസ് എസ് ലാലിന്റെ അമ്മയെ കാണാനും രാഹുൽ സമയം കണ്ടെത്തി. സഹോദരി പ്രിയങ്ക കായംകുളത്തെ സ്ഥാനാർത്ഥിയുടെ അമ്മയെ കാണാൻ വീട്ടിൽ പോയിരുന്നല്ലോ. അപ്പോൾ ഒരു പരാതി വരാതെ സൂക്ഷിക്കേണ്ടത് ഹൈക്കമാന്റിന്റെ കടമയാണല്ലോ….പ്രത്യേകിച്ചും ഹൈക്കമാന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൂടി ആവുമ്പോൾ.



ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമെന്ന് രജനീകാന്ത് പറഞ്ഞതു പോലെയാണ് അവസാന നിമിഷം രാഹുൽ ഗാന്ധി പ്രചാരണത്തിനെത്തിയപ്പോഴുണ്ടായത്. നിരാശരായിരുന്ന കെ മുരളീധരനും, എസ് എസ് ലാലിനും വലിയ ആശ്വാസമാണ് രാഹുലിന്റെ റോഡ് ഷോ ഉണ്ടാക്കിയത്. റോഡ് ഷോ നടത്തി വാഹനങ്ങൾ തൂങ്ങിപ്പിടിച്ചും മറ്റും കൈകളിൽ പാട് വന്നെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എന്തായാലും കേരളത്തിലെ ജോലി തീർന്ന ആശ്വാസം ആ മുഖത്തുണ്ടായിരുന്നു.

വി എസില്ലാത്ത തെരഞ്ഞെടുപ്പ്, ക്യാപ്റ്റന്റെ പേരിൽ ചില പടലപിണക്കൾ….


അമ്പത് വർഷത്തിനിടയിൽ പുന്നപ്ര സമര നായകൻ ഈ തെരഞ്ഞെടുപ്പിൽ ഇല്ലായിരുന്നു. വി എസ് എന്ന നായകനായിരുന്നു കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ സ്റ്റാർ. ക്യാപ്റ്റൻ എന്ന പേരിലല്ലെന്നു മാത്രം.  
വി എസ് നേതൃത്വത്തിന്റെ പലനയങ്ങളെയും എതിർത്താണ് നീങ്ങിയിരുന്നത്. എന്നിട്ടും വി എസിന്റെ ജനപ്രീതി തള്ളിക്കളയാൻ പാർട്ടിക്ക് ആവുമായിരുന്നില്ല. നേതൃത്വത്തോട് പോരാടിയിരുന്ന വി എസിനെ ബക്കറ്റിലെ വെള്ളമെന്നായിരുന്നു പിണറായി  വിശേഷിപ്പിച്ചിരുന്നത്, കടലിലെ തിരകണ്ട് ആ വെള്ളം ബക്കറ്റിൽ കോരിയെടുത്ത ഒരു കുട്ടിയുടെ കഥയായിരുന്നു പണിറായി പറഞ്ഞത്. എന്നാൽ ബക്കറ്റിൽ തിരയില്ല. പാർട്ടിയിൽ ഒരാൾക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് അണികളെ ഓർപ്പിച്ച പിണറായി ഇപ്പോൾ ക്യാപ്റ്റനായി മാറിയതിനെക്കുറിച്ചായിരുന്നു പി ജയരാജന്റെ ഓർമ്മപ്പെടുത്തൽ. പിന്നീട് പി ജയരാജൻ അതിൽ നിന്നും ഉരുണ്ടുമാറി.

എല്ലാവരും പാർട്ടിക്ക് വിധേയനാവണമെന്നായിരുന്നു പി ജയരാജൻ ഉദ്ദേശിച്ചതെന്നായിരുന്നു പിണറായിയുടെ വിശദീകരണം. എന്തായാലും ഈ തെരഞ്ഞെടുപ്പിൽ പിണറായി ഷോയാണ് ഉണ്ടായത് . കേരളത്തിലുടനീളം താരപ്രചാരകനായി മുഖ്യമന്ത്രിയെ മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തി. പാർട്ടി സെക്രട്ടറിയില്ലാത്തതിനാൽ ആ റോളിലും പിണറായി തന്നെയായിരുന്നുവല്ലോ.

ക്യാപ്റ്റനില്ലാത്ത യു ഡി എഫ്
പിണറായി ക്യാപ്റ്റനായി ഇടതുപക്ഷത്തെ നയിച്ചപ്പോൾ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം നിരവധി നേതാക്കൾ ഒരുമിച്ചു നിന്നു നയിക്കുകയായിരുന്നു വത്രെ യു ഡി എഫിൽ. മലബാറിൽ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ് ക്യാപ്റ്റനായിരുന്നത്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ രമേശ് ചെന്നിത്തല.
മലബാറിൽ ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിച്ച കെ സുധാകരൻ ക്യാപ്റ്റനായില്ലെന്നതും ശ്രദ്ധേയമാണ്.



യു ഡി എഫിൽ ക്യാപ്റ്റനില്ലെന്ന് ഉമ്മൻ ചാണ്ടി, കമ്മിറ്റിയുടെ ചെയർമാൻ മാത്രമാണ് താനന്നും വ്യക്തമാക്കിയിട്ടുണ്ട്.

 കേരളത്തിൽ എൽ ഡി എഫും യു ഡി എഫും തമ്മിലാണ് മത്സരമെന്നും. പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് ബി ജെ പി വലിയ പ്രചാരണം സംഘടിപ്പിച്ചുവെന്നതല്ലാതെ ജനങ്ങളിൽ എത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ലെന്നുമാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്.

ബി ജെ പിയുടെ തലശേരി തലവേദനകൾ;
മനസാക്ഷി ഇല്ലാത്ത സി ഒ ടി വോട്ട് 


സ്ഥാനാർത്ഥിയില്ലാതായ തലശേരിയിൽ മനസാക്ഷി വോട്ടിന് ബി ജെ പി ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം കേന്ദ്രമന്ത്രി വി മരളീധരൻ. ഇഷ്ടമുള്ളവർക്ക് വോട്ടു ചെയ്യാനല്ല സി ഒ ടി നസീറിന് തന്നെ വോട്ട് ചെയ്യണമെന്നാണ് വി മുരളീധരൻ പറയുന്നത്. ബി ജെ പി  സ്ഥാനാർത്ഥിയില്ലാതായതിന് ശേഷം ബി ജെ പി ഏറെ പ്രതിസന്ധിയിലായിരുന്നു. ഒടുവിൽ മുൻ സി പി എം പ്രവർത്തകനും ഷംസീറിന്റെ കടുത്ത എതിരാളിയുമായ സി ഒ ടി നസീറിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. എന്നാൽ നാല് ദിവസം മുൻപ് സി ഒ ടി ബി ജെ പി വോട്ട് തനിക്കാവശ്യമില്ലെന്ന് പരസ്യ പ്രസ്താവന നടത്തി.
തലശേരിയിൽ കോൺഗ്രസുമായി ബി ജെ പി വോട്ട് കച്ചവടമെന്ന് എൽ ഡി എഫും, സി പി എമ്മുമായാണ് വോട്ട് കച്ചവടമെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു. ആരുമായും വോട്ട് കച്ചവടമില്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ബി ജെ പി ക്ക് ഉണ്ടല്ലോ.

സി ഒ ടി കൂടി ബി ജെ പിയെ തള്ളി പറഞ്ഞതോടെ വലിയ പ്രതിസന്ധിയിലേത്ത് ബി ജെ പി ചെന്നു പതിച്ചിരിക്കയാണ്. ജില്ലാ അധ്യക്ഷൻ ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് മനസാക്ഷി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തത്. കോൺഗ്രസിനോ, സി പി എമ്മിനോ വോട്ട് ചെയ്യാൻ പാടില്ലെന്നും ക്ലോസ് വച്ചാണ് മസാക്ഷി വോട്ട്.

വോട്ടർമാർക്ക് തീരുമാനിക്കാമെന്നും എന്നാൽ രണ്ട് മുന്നണിക്കും വോട്ടുചെയ്യരുതെന്നുമുള്ള തീരുമാനം പ്രവർത്തകരെ കുഴയ്ക്കുന്നതായി. ഇതിനിടയിലാണ് ജില്ലാ നേതൃത്വത്തെ തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയത്. മനസാക്ഷി വോട്ടില്ല, സി ഒ ടി ക്ക് തന്നെ വോട്ട് ചെയ്യണമെന്നായിരുന്നു മുരളീധരന്റെ ആഹ്വാനം.  
തലശേരിയിലെ  മനസാക്ഷിയില്ലാത്ത ബി ജെ പി ക്കാർ സി ഒ ടിക്കും, മനസാക്ഷിയുള്ള ബി ജെ പി പ്രവർത്തകർ ഇഷ്ടത്തിനുസരിച്ചും വോട്ടു ചെയ്യുമെന്ന് പ്രതീക്ഷിക്കാം.


തൃപ്പൂണിത്തുറയിൽ പോസ്റ്റർ യുദ്ധം


മൗനപ്രചാരണം എന്നാൽ പോസ്റ്റർ പ്രചാരണമാണെന്ന് കണ്ടെത്തിയവരാണ് തൃപ്പൂണിത്തുറയിലേത്. ഇന്നലെ പ്രചാരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവർ ഇന്ന് രാവിലെ കണ്ടത് നഗരത്തിൽ നിറയെ പതിപ്പിച്ചിരിക്കുന്ന പോസ്റ്ററാണ്. ബി ജെ പിക്ക് വോട്ട് ചെയ്ത് സി പി എമ്മിനെ സഹായിക്കരുതെന്നായിരുന്നു പോസ്റ്റർ. ശബരിമല വിസ്വാസ സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്ററുകൾ. സംഭവം കണ്ട് ഹാലിളകിയിരിക്കയാണ് ബി ജെ പി സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണൻ, ശബരിമലയിൽ പോരാടിയത് താനാണെന്നും കെ ബാബുവിന് നേട്ടമുണ്ടാക്കാനായി ആരോ ചെയ്ത സൂത്രപ്പണിയാണ് പോസ്റ്ററിന് പിന്നിലെന്നായിരുന്നു ബി ജെ പി സ്ഥാനാർത്ഥിയുടെ പ്രതികരണം.

നമ്മുടെ പോസ്റ്റർ ഇങ്ങനെയല്ലെന്നും , വിശ്വാസികളല്ല പോസ്റ്ററിനു പിന്നിലെന്നുമായിരുന്നു ശബരിമല ആചാര സംരക്ഷണ സമിതിയുടെ പ്രതികരണം. ശബരിമല മുഖ്യവിഷയമായി മാറിയ മണ്ഡലമാണ് തൃപ്പൂണിത്തുറ. മുൻ മന്ത്രി കെ ബാബുവും, സി പി എം നേതാവ് എം സ്വരാജുമാണ് ഇവിടെ പ്രധാനമായി ഏറ്റുമുട്ടുന്ന സ്ഥാനാർത്ഥികൾ.

അവസാനഘട്ടത്തിൽ ആരോപണത്തിന്റെ പെരുമഴ


വൈദ്യുതി ഇടപാടിലെ 1000 കോടിയുടെ അഴിമതിയായിരുന്നു ചെന്നിത്തലയുടെ അവസാന ലാപ്പിലെ അഴിമതി. എന്നാൽ ബോംബ് ചീറ്റിപ്പോയെന്നായിരുന്നു പിണറായിയുടെ വെളിപ്പെടുത്തൽ. ബോംബ് പൊട്ടുമെന്ന് മുന്നറിയിപ്പ് നൽകിയതും മുഖ്യമന്ത്രിയായിരുന്നു. കേരളം ഏത് ബോംബാണ് പൊട്ടുകയെന്ന അന്വേഷണത്തിലാണ്. ആറ്റംബോംബ് പൊട്ടിയാലും ഒന്നും സംഭവിക്കില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.


വൈദ്യുതി വാങ്ങിയതിലെ അഴിമതിയില്ലെന്ന് മുഖ്യമന്ത്രി


കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൈദ്യുതി വാങ്ങിയത് ഇതിലും കൂടുതൽ വിലയ്ക്കാണെന്നായിരുന്നു പിണറായിയുടെ വെളിപ്പെടുത്തൽ. കേരളം 2.64 പൈസയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങുമ്പോൾ, പഞ്ചാബിലെ സർക്കാർ വാങ്ങുന്നത് 5.67 രൂപയ്ക്കാണ്. അതേ കാറ്റായി വൈദ്യുതിയാണ് കേരളവും വാങ്ങുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറയുന്നത്.  എന്നാൽ അദാനിയുമായി കരാർ ഉണ്ടാക്കിയിട്ടില്ലെന്നാണ് എം എം മണി പറയുന്നത്.

 എന്നാൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നവേളയിൽ  പതിനായിരം കോടി രൂപയുടെ  കരാർ ഉണ്ടാക്കിയെന്നായിരുന്നു മന്ത്രി എ കെ ബാലന്റെ ആരോപണം. അദാനിയാണ്
മോദി -പിണറായി കൂട്ടുകെട്ടിന്റെ പാലമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.

അദാനി പവറിൽ നിന്നും താപവൈദ്യുതി വാങ്ങിയതിന്റെ പേരിലായിരുന്നു ചെന്നിത്തയുടെ ആരോപണങ്ങൾ.
വൈദ്യുതി ഒപ്പുവച്ചതിന്റെ രേഖകൾ ഉണ്ടെങ്കിൽ പുറത്തുവിടണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. ആയിരം കോടിയുടെ നഷ്ടം കേരളത്തിനുണ്ടാക്കിയെന്നായിരുന്നു മന്ത്രി എ കെ ബാലന്റെ ആരോപണം. ഇലക്ട്രിസിറ്റി വകുപ്പ് മന്ത്രി സ്വതസിദ്ധമായ രീതിയിൽ ചെന്നിത്തലയ്ക്ക് തലയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. പഞ്ചാബിൽ കൂടിയ വിലയ്ക്ക് വാങ്ങിയെന്നു പറഞ്ഞ് മുഖ്യമന്ത്രിയും ഒഴിഞ്ഞു.
കേരളീയർക്ക് അറിയേണ്ടത്, ഇതിൽ അഴിമതിയുണ്ടോ, അദാനിയെ ശക്തമായി എതിർത്തിരുന്ന ഇടത് പക്ഷത്തിന് അദാനിയുമായി എന്ത് ബന്ധമാണ് എന്നൊക്കെയായിരുന്നു. നിർഭാഗ്യവശാൽ തെരഞ്ഞെടുപ്പാണല്ലോ…. ആരോട് ചോദിക്കാൻ.

ധനകാര്യ വിദഗ്ധനാണെന്ന് സ്വയം വിശേഷിപ്പിച്ച് നടക്കുന്ന തോമസ് ഐസകിന് കയറിനെകുറിച്ചുള്ള ഗവേഷണത്തിലാണ് ഡോക്ടറേറ്റെന്നും, ധനതത്വശാസ്ത്രത്തിൽ ബിരുദമുള്ള എന്നോട് കളിവേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറ്റൊരു പൊട്ടിക്കൽ….



വാൽക്കഷണം :


പെട്രോൾ വിലവർധനയിൽ പ്രതിഷേധിച്ച് മലമ്പുഴയിലെ യു ഡി എഫ് സ്ഥാനാർത്ഥി  അനന്തകൃഷ്ണൻ കാളവണ്ടിയിൽ ആയിരുന്നു യാത്ര. റോഡുകൾ ഗംഭീരമാക്കിയത് അറിയിക്കാനായി വട്ടിയൂർകാവിലെ എൽ ഡി എഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് റോഡ് റോളറിലും അവസാന ഘട്ട പ്രചരണം നടത്തിയത്രേ. ഷോയിലാണ് എല്ലാവർക്കും താല്പര്യം.
കോവിഡ് കാലത്ത് ആൾക്കൂട്ടത്തെ നിശിതമായി വിമർശിച്ചിരുന്ന മുഖ്യമന്ത്രി, സ്വന്തം മണ്ഡലത്തിൽ ഇന്നലെയുണ്ടാക്കിയ ആൾക്കൂട്ടം, ആരും കണ്ടില്ല…
കോവിഡ് പോയിട്ടില്ലെന്ന സത്യം ആരും ഓർത്തതുമില്ല…

LEAVE A REPLY

Please enter your comment!
Please enter your name here