രാജേഷ് തില്ലങ്കേരി

തങ്ങൾക്കിഷ്ടമല്ലാത്തവരെ ഇല്ലാതാക്കുകയെന്നത് ഒരു കാടൻ നിയമമാണ്. എന്നാൽ കേരളത്തിൽ എവിടെയുമില്ലാത്ത ആ കാടൻ നിയമം നടപ്പാക്കാൻ ഒരിക്കലും മടിക്കാത്ത ഒരു ദേശമുണ്ട്. അത് കണ്ണൂരാണ്. കണ്ണീരിനും മുഷ്യത്വത്തിനും ഒന്നും ഒരു വിലയും കൽപ്പിക്കാത്ത രാഷ്ട്രീയക്കാരുടെ നാട്.
കണ്ണൂർ ഏറെക്കുറേ ശാന്തമായിരുന്നു കുറച്ചുകാലം. രാഷ്ട്രീയ എതിരാളികളെ കൊലക്കത്തിക്ക് ഇരയാക്കുന്ന അധമ രാഷ്ട്രീയത്തിൽ നിന്നെല്ലാം പതിയെ മാറിക്കൊണ്ടിരിക്കയായിരുന്നു കണ്ണൂർ.


കൊലപാതക പരമ്പര അരങ്ങേറിയിരുന്ന പാനൂരിലും കൂത്തുപറമ്പിലും തലശ്ശേരിയിലുമെല്ലാം എത്രയെത്ര സമാധാന യോഗങ്ങൾ നടന്നു.
ഇന്നിതാ വീണ്ടും കണ്ണൂരിൽ ഒരു സമാധാന യോഗ നടക്കുന്നു. ജില്ലാ കലക്ടറാണ് എല്ലാ രാഷ്ട്രീയ പ്രതിനിധികളുടെയും യോഗം വിളിച്ചിരിക്കുന്നത്.
ഇനിയൊരു തുള്ളിച്ചോരയും ഇവിടെ ജനാധിപത്യം സംരക്ഷിക്കാനായി വീഴില്ലെന്ന് ഓരോ രാഷ്ട്രീയ നേതാക്കളും സത്യം ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം. പക്ഷേ, അതല്ലല്ലോ വിഷയം, അണികൾ എന്നൊരു വർഗമുണ്ടല്ലോ. വൈകാരികമായി മാത്രം പെരുമാറുന്ന ഒരു തലമുറയായി ആരാണെ ഈ അണികളെ മാറ്റിയത്. ആരും  ഉത്തരം നൽകാത്ത ചോദ്യമാണിത്. അണികൾ വേണം, അവരാണ് പാർട്ടികളുടെ ശക്തി. എന്നാൽ അവരെ അടക്കിനിർത്താനുള്ള ശക്തിയും ഈ നേതാക്കൾക്ക് ഉണ്ടാവേണ്ടതല്ലേ…



ഒരു വലിയ നേതാവിന്റെ മകൻ പറഞ്ഞിരിക്കുന്നു ഇരന്ന് വാങ്ങിയതാണ് മരണമെന്ന്. എന്തൊരു കാടൻ ചിന്തയാണിത്. കണ്ണൂരിന്റെ ചില ഭാഗങ്ങളിൽ അക്രമം വീണ്ടും ശക്തി പ്രാപിക്കയാണ്. എത്രയെത്ര കൊലപാതകങ്ങളും, അക്രമങ്ങളും ഒപ്പം എത്രയെത്ര സമാധാന യോഗങ്ങളും കണ്ടതാണീ കണ്ണൂർ. തെരഞ്ഞെടുപ്പിൽ പാർട്ടികൾ ജയിക്കും തോൽക്കും, ഇതെല്ലാം ജനാധിപത്യത്തിന്റെ നീതിയാണല്ലോ. ഒരാൾക്കല്ലേ ജയമുള്ളൂ. അതിനർത്ഥം എതിരാളി ദുർബലനെന്നല്ലല്ലോ. ഇവിടെ തോൽവിയെന്നല്ല, ചെറിയ തിരിച്ചടികൾപോലും അംഗീകരിക്കാൻ പറ്റാത്ത ഒരു ജനവിഭാഗം രൂപപ്പെട്ടിരിക്കുന്നു.


കണ്ണൂരിൽ നാം കുറച്ചുകാലമായി കാണുന്ന ശാന്തത കൃത്രിമമാണ്. എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു വലിയ ബോംബാണ് കണ്ണൂർ, ആർക്കും തടഞ്ഞു നിർത്താൻ പറ്റാത്ത ഒരു വൈകാരിക തലം അവിടെയുണ്ട്.

തീ കൊണ്ട് തലചൊറിയുന്നതാണ് കണ്ണൂരിലെ രീതി. ആരെയും കുറ്റം പറയുകയല്ല. ഇതൊക്കെ അപരിഷ്‌കൃതമാണെന്നും, പരിഷ്‌കൃത സമൂഹത്തിന് ഇതെല്ലാം ആപത്താണെന്നും ഇനിയെങ്കിലും കേരളം തിരിച്ചറിയേണ്ടതല്ലേ…

കേരളം ഏറെ വികസിച്ചു എന്നൊക്കെ അവകാശപ്പെടുമ്പോഴും, ആ വികസനം കേവലം റോഡുകളുടേത് മാത്രമാവുന്നതിന്റെ ദുരന്തമാണ് കണ്ണൂരിൽ നിന്നും നാം വീണ്ടും കേൾക്കുന്നത്.  

പാനൂരിലും കൂത്തുപറമ്പിലും കൊലപാതക പരമ്പര അരങ്ങേറിയപ്പോൾ അവിടെ സമാധാനം സംരക്ഷിക്കാനായി ഒട്ടേറെ സാമൂഹ്യ പ്രവർത്തകരും സിനിമാ താരങ്ങളും മുന്നിട്ടിറങ്ങി. പാനൂരിൽ സിനാമാ താരങ്ങൾ ഒരു ദിവസം അക്രമ രാഷ്ട്രീയത്തിനെതിരെ അണിനിരന്നു. വലിയ വാർത്താ പ്രാധാന്യമാണ് ആ സമരത്തിന് ലഭിച്ചത്. സുരേഷ് ഗോപിയായിരുന്നു അതിന് നേതൃത്വം നൽകിയത്. കേരളം അതൊക്കെ ഇപ്പോൾ ഓർക്കുന്നുവോ ആവോ.
എന്തായാലും ഏറെ പണിപ്പെട്ടാണ് അക്രമ രാഷ്ട്രിയത്തിൽ നിന്നും കണ്ണൂരിനെ മോചിപ്പിച്ചത്. ഇനിയും കണ്ണൂരിന്റെ പേര് ചീത്തയാക്കരുത്. അതിനുള്ള വഴി ഒരു രാഷ്ട്രീയ പാർട്ടിയും തേടരുതെന്നാണ് കണ്ണൂരിലെ സമാധാന പ്രേമികളുടെ അഭ്യർത്ഥന. വികസനമാണ് നമുക്കിനി ആവശ്യം. അത് പുതിയ ലോകം തിരിച്ചറിയുന്നുണ്ട്. രാഷ്ട്രീയ നേതൃത്വവും തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു.

രാജേട്ടനെ എവിടെയോ കണ്ട ഓർമ്മയിൽ നേമം

നേമത്തിന്റെ സിറ്റിംഗ് എം എൽ എയാണ് ഒ രാജഗോപാൽ. നേമത്തുകാർ സ്‌നേഹപൂർവ്വം രാജേട്ടൻ എന്ന് വിളിച്ചിരുന്ന രാജേട്ടൻ.  എന്നാൽ ഇത്തവണ ആ രാജേട്ടനല്ല അവിടെ മത്സരിച്ചത്. ബി ജെ പിക്കാർ സ്‌നേഹത്തോടെ വിളിക്കുന്ന മറ്റൊരു രാജേട്ടനാണ് നേമത്ത് മത്സരിച്ചത്. നേമവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞത് രാജഗോപാൽ പറഞ്ഞത് നേമത്ത് ഞാൻ ഒരുതവണ എം എൽ എയായിരുന്നുവെന്നും അതിൽ കവിഞ്ഞുള്ള ബന്ധമൊന്നും എനിക്ക് നേമവുമായില്ലെന്നായിരുന്നു.


നേതൃത്വവുമായുള്ള ബന്ധത്തിൽ വിള്ളൽ വീണിട്ട് കാലം കുറച്ചായി. സിറ്റിംഗ് എം എൽ എ മാത്രമല്ലല്ലോ രാജഗോപാൽ. തലമുതിർന്ന നേതാവുകൂടിയാണല്ലോ എന്ന പരിഗണനയിൽ രാജഗോപാലിനെതിരെ നടപടിയൊന്നും എടുക്കാതിരിക്കുകയായിരുന്നു ബി ജെ പി. കാർഷിക ബില്ലിനെതിരെ നിയമസഭയിൽ അനുകൂലിച്ചും, പലനിർണായക ഘട്ടത്തിലും സി പി എമ്മിനോട് ആഭിമുഖ്യം കാണിക്കുകയും ചെയ്തതോടെയാണ് രാജേട്ടൻ ബി ജെ പി നേതൃത്വത്തിന് അനഭിമതനായി മാറുന്നത്.


പലതവണ തോറ്റ രാജഗോപാൽ ഇനി മത്സരിക്കാനില്ലെന്നും ശിഷ്ടകാലം മാതാഅമൃതാനന്ദമയിയുടെ
ശിഷ്യനായി ജീവിക്കാനാണ് തീരുമാനമെന്നും പ്രഖ്യാപിച്ചിട്ട് ആറ് വർഷമായി. ആ പ്രഖ്യാപനത്തിന് ശേഷമാണ് നേമത്ത് രാജഗോപാൽ ജയിച്ചത്. തോറ്റ് തോറ്റ് ജയിച്ച നേതാവാണ് ഒ രാജഗോപാൽ. എന്നിട്ടോ, നേമത്തേക്ക് മറ്റൊരു രാജൻ വന്നു. രാജശേഖരനുമായുള്ള ബന്ധ മെന്താണെന്ന് ചോദിച്ചാൽ രാജഗോപാൽ ഇനി പറയുന്ന ഉത്തരം ” ഞാൻ പണ്ടുണ്ടായിരുന്ന ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നുവെന്ന് കേട്ടിട്ടുണ്ട് , മറ്റു ബന്ധങ്ങളൊന്നും അദ്ദേഹവുമായിട്ടില്ല” എന്നായിരിക്കും.

ജി സുകുമാരൻ നായർ കോൺഗ്രസുകാരനായിരുന്നു വെന്ന് എം എം മണി കണ്ടെത്തി

തെരഞ്ഞെടുപ്പ് ദിവസം എൻ എസ് എസ് ജന.സെക്രട്ടറിയുണ്ടാക്കിയ പ്രതിസന്ധി സി പി എമ്മിനെ വെട്ടിലാക്കി. വിശ്വാസി സമൂഹത്തോടൊപ്പം നിൽക്കുന്നവരെ തെരഞ്ഞെടുക്കണമെന്നായിരുന്നു സുകുമാരൻ നായരുടെ ആഹ്വാനം. ശബരിമല വിശ്വാസികളുടെ കൂടെ നിൽക്കുന്നവരെ തെരഞ്ഞെടുക്കണമെന്ന സുകുമാരൻ നായരുടെ അഭ്യാർത്ഥന കേരള രാഷ്ട്രീയത്തിൽ വലിയ കോലാഹലമാണ് ഉണ്ടാക്കിയിരിക്കുന്നത്.


സുകുമാരൻ നായരുടെ നിലപാട് നേരത്തെ വേണമെന്നായിരുന്നു വെള്ളാപ്പള്ളി നടേശഗുരുവിന്റെ സിദ്ധാന്തം. എല്ലാവരും ശബരിമലയിൽ കുരുങ്ങി വീഴുന്ന കാഴ്ചയാണ് കാണുന്നത്. ശബരിമല ഏറ്റോ, അതോ ചീറ്റിപ്പോയോ എന്നൊക്കെ അറിയണമെങ്കിൽ മെയ് രണ്ടുവരെ ക്ഷമിക്കണം, എന്തായാലും കൊഴുക്കുകയാണ് കേരള രാഷ്ട്രിയം.



മഴകഴിഞ്ഞു, ഇതാ മരം പെയ്യുന്നു….

മഞ്ചേശ്വരത്ത് ബി ജെ പിക്ക് സി പി എമ്മിന്റെ വോട്ട് കിട്ടിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു ഡീൽ നടന്നിട്ടുണ്ടെന്നും, കെ സുരേന്ദ്രനെ നിയമ സഭയിൽ എത്തിക്കാനുള്ള ഡീലാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുന്നു.എന്നാൽ മുല്ലപ്പള്ളിയുടെ പ്രസ്താവന ഏത്  അവസരത്തിലുള്ളതാണെന്ന് അറിയാതെ നട്ടം തിരിയുകയാണ് മഞ്ചേശ്വരത്തെ യു ഡി എഫ് സ്ഥാനാർത്ഥി. എല്ലാതരത്തിലും വിജയം ഉറപ്പിച്ച യു ഡി എഫ് സ്ഥാനാർത്ഥി തോറ്റുപോവുമെന്നുപറയാൻ അല്പം ലജ്ജവേണ്ടേ എന്നാണ് ചോദ്യം, ഈ ചോദ്യം ഉയർത്തിയത് മറ്റാരുമല്ല. കാസർകോട് അത്ഭുതരമായി ജയിച്ച് എം പിയായി രാജ്‌മോഹൻ ഉണ്ണിത്താനാണ്.

കണ്ണൂരിന്റെ പടത്തക്കുതിരയായ കെ സുധാരനും, ബി ജെ പി നേതാവ് കെ സുരേന്ദ്രനും ഇത് തള്ളിക്കളഞ്ഞിരിക്കയാണ്.

നിരവധി പോരാട്ടങ്ങൾ ഇനി വരാനിരിക്കയാണ്. മുല്ലപ്പള്ളി-കെ സുധാകരൻ, മുല്ലപ്പള്ളി- രാജ് മോഹൻ ഉണ്ണിത്താൻ, മുരളീധരൻ- മുല്ലപ്പള്ളി…. ഇങ്ങനെ പോവുകയാണ് ആ പട്ടിക. ഉടൻ പോരാട്ട ഭൂമിയിലേക്ക് ആ പട്ടികയുടെ പൂർണരൂപം അവതരിപ്പിക്കും… ഉറപ്പ്….

വാൽക്കഷണം :

കോൺഗ്രസ് ജയിച്ചാൽ അതിന്റെ പങ്കാളിത്തം മുല്ലപ്പള്ളിക്ക് ലഭിക്കില്ല. എന്നാൽ കോൺഗ്രസിന് എന്തെങ്കിലും തിരിച്ചടിയുണ്ടായാൽ അതിന്റെയെല്ലാം പാപഭാരം മുല്ലപ്പള്ളി ഏറ്റെടുക്കേണ്ടിവരും. എല്ലാവരെയും വെറുപ്പിച്ചിട്ടുണ്ട് മുല്ലപ്പള്ളി. കോൺഗ്രസ് അധികാരത്തിൽ വന്നാലും മുല്ലപ്പള്ളിക്ക് വലിയ നേട്ടമൊന്നും അവകാശപ്പെടാനില്ല… എല്ലാ ഐക്യശ്രമത്തിലും ഒരു ഇടങ്കോലിടാനുള്ള ശ്രമവും മുല്ലപ്പള്ളി നടത്തിയിരുന്നതായാണ് ആരോപണം. എന്നാലും മുല്ലപ്പള്ളിയാണല്ലോ കെ പി സി സി അധ്യക്ഷൻ,
 മുല്ലപ്പള്ളി സിന്ദാബാദ്….കോൺഗ്രസ് ഐക്യം സിന്ദാബാദ്

LEAVE A REPLY

Please enter your comment!
Please enter your name here