രാജേഷ് തില്ലങ്കേരി 

പാർട്ടി കോൺഗ്രസിന് കണ്ണൂർ വേദിയാവുമെന്ന് കേട്ട ദിവസം തൊട്ട് അനിലണ്ണന്റെ മനസിൽ ലഡുപൊട്ടിയിരുന്നു. കോൺഗ്രസ് തറവാട്ടിൽ ജനിച്ചുവീണ അനിലണ്ണന് കോൺഗ്രസ് രക്തമാണത്രെ സിരകളിലൂടെ ഓടുന്നത്. അതിനാൽ കോൺഗ്രസല്ലാത്ത മറ്റൊരു പാർട്ടിയെ കുറിച്ച് ആലോചിക്കാൻ കഴിയില്ലെന്ന് ആ അണ്ണൻ പലതവണ പറഞ്ഞിട്ടുള്ളതാണ്.  

സി പി എം പാർട്ടി കോൺഗ്രസിന്റെ ഒരുക്കങ്ങൾ അങ്ങ് കണ്ണൂരിൽ നടക്കുമ്പോൾ സിരകളിൽ കോൺഗ്രസ് രക്തം ഓടുന്ന അനിലണ്ണന് ചുമ്മാതിരിക്കാൻ പറ്റുമോ ?
ഇല്ല…അങ്ങിനെയാണ് അനിലണ്ണൻ കോടിയേരിയെ കാണാനായി എ കെ ജി സെന്ററിൽ എത്തിയത്. കോൺഗ്രസിൽ നിന്നും രാജിവെക്കുകയാണെന്ന് പറയുമ്പോഴും അനിലണ്ണന് നിശ്ചയമില്ലായിരുന്നു അവിടെ എന്തെങ്കിലും ജോലി ലഭിക്കുമോ എന്ന്. എന്തായാലും അത്തരം സംശയങ്ങൾക്കെല്ലാം ശുഭപര്യവസായിയായി അനിലണ്ണനെ ചുവന്ന പരവതാനിയില്ലാത്തതിനാൽ ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു സഖാക്കൾ. അനിലണ്ണൻ വലതുകാൽ വച്ച് വിറക്കുന്ന അധരങ്ങളോടെ എ കെ ജി സെന്ററിൽ പ്രവേശിച്ചു. 
 

എന്റീശ്വരാ…. എ കെ ജി സെന്ററിന്റെ താക്കോൽ ഇനി സൂക്ഷിക്കുക ഇനിയീ അണ്ണനായിരിക്കുമോ ആവോ….?

യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്ക് രാഹുൽ ഗാന്ധി അഭിമുഖം നടത്തിയാണ് കെ പി അനിൽ കുമാറിനെ കണ്ടെത്തിയത്. എ ഗ്രൂപ്പിന്റെ മറപറ്റി നേതൃത്വത്തിലെത്തിയ കെ പി അനിൽ കുമാറിന് ഗ്രൂപ്പിന്റെ രോഗം മാറിയതിനെ തുടർന്ന് ജോലിയൊന്നും നൽകിയിരുന്നില്ല. സുധീര ഗാന്ധിയാണ് കെ പി അനിൽ കുമാറിലെ ഗാന്ധിയനെ തിരിച്ചറിഞ്ഞത്. അങ്ങിനെയാണ് കെ പി സി സി ജനറൽ  സെക്രട്ടറിയായതും, സംഘടനാ ചുമതലയിലേക്ക് മാറുന്നതും. 
 
ഹോ… അതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ….രോമാഞ്ചം ഉണ്ടായ അനിൽ കുമാർ, ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്കാണ് പെട്ടെന്ന് രാജി പ്രഖ്യാപിച്ചത്. പത്ര സമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചു, ഒട്ടും വൈകാതെ എ കെ ജി സെന്ററിലേക്ക് ഓടിക്കയറി. 
 
കയറിവാ മക്കളേ…. എന്നു പറഞ്ഞ് രണ്ടു കൈയ്യും നീട്ടി നിൽക്കുന്ന കോടിയേരിയും എസ് ആർ പിയും പിന്നെ രൂപത്തിൽ സീനിയറാണെന്നു തോന്നുമെങ്കിലും ബേബിയായ എം എ ബേബിയും…. കമ്മ്യൂണിസ്റ്റ് ഗാന്ധിയൻ പടി കയറി വന്നപ്പോൾ എലി പുന്നെല്ല് കണ്ടപോലെയായി.


കെ സുധാകരനെ ചീത്തവിളിച്ചാൽ സി പി എമ്മിൽ കിട്ടുന്ന സ്വീകാര്യതയെക്കുറിച്ച് നന്നായി അറിയാവുന്ന കെ പി അനിൽ കുമാർ പത്ര സമ്മേളനത്തിൽ കത്തിക്കയറിയത് കെ സുധാകരനെതിരെയായിരുന്നു. താലിബാൻ മോഡൽ ആക്രമത്തിലൂടെ പ്രദേശ് കോൺഗ്രസിനെ കയ്യടക്കിയത് മുതൽ സെമി കേഡർ വരെയായിരുന്നു അക്രമണം.
എന്തായാലും രാജിവച്ച മൂന്നു കോൺഗ്രസ് നേതാക്കളിൽ രണ്ടു പേർ വഴി തെറ്റാതെ സി പി എമ്മിലെത്തിയിട്ടുണ്ട്. ഒരാൾ അവിടെ പാലക്കാട് തന്നെ വഴിയറിയാതെ നിൽക്കുന്നുണ്ട്. 
 
പാവം ഗോപിയേട്ടൻ, തന്റെ വഴിയിലൂടെ നീങ്ങിയ രണ്ട് പേർ സി.പി.എമ്മിലെത്തിയതു കണ്ട് പണ്ടൊക്കെ സി പി എമ്മിലേക്ക് നേരിൽ എൻട്രിയുണ്ടായിരുന്നില്ല, ഏതെങ്കിലും ഘടകത്തിൽ പ്രവർത്തിക്കണം. എന്നാൽ ഇപ്പോൾ അതുവേണ്ടതില്ലെന്നാണ് കോടിയേരി സഖാവ് പറയുന്നത്. പാർട്ടി കോൺഗ്രസ് അടുത്തതിനാൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ വരുമെന്നും അവർക്കെല്ലാം ഉചിതമായ സ്ഥാനം നൽകുമെന്നും കോടിയേരിയും എ. വിജയരാഘവനും അറിയിച്ചിട്ടുണ്ട്.

സെമി കേഡറാവാൻ താല്പര്യമില്ലാത്ത കോൺഗ്രസ്  നേതാക്കൾ ഫുൾ ടൈം കേഡറാവാനായി സി പി എമ്മിലേക്ക് പോവുന്നത് ആവേശത്തോടെ നോക്കി നിൽക്കുകയാണ് കെ മുരളീധരനും വി ഡി സതീശനും. ഇനി കെ പി സി സി പുന:സംഘടന നടക്കാനുണ്ട്. അപ്പോൾ വീണ്ടും ആളുകൾ സി പി എമ്മിലേക്ക് ഒഴുകും. 
 
നിറഞ്ഞു കവിഞ്ഞുള്ള ഒഴുക്കാണോ, അതോ ചോർച്ചയാണോ എന്ന് കോൺഗ്രസ് നേതാക്കൾ നോക്കട്ടേ….

പാർട്ടി കോൺഗ്രസ് സിദ്ദാബാദ്…. കോൺഗ്രസ് പാർട്ടി സിദ്ദാബാദ്….

പാവം പ്രതിഭ എം എൽ എ 

നല്ല പ്രതിഭയുണ്ടായിട്ടും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെ പോയ എം എൽ എയാണ് യു പ്രതിഭ. ജില്ലാ പഞ്ചായത്ത് അധ്യക്ഷയും ആലപ്പുഴയിലെ പ്രമുഖ യുവ നേതാവുമായിരുന്നു പ്രതിഭ. നീണ്ടകാലത്തെ പൊതു പ്രവർത്തന പരിചയമാണ് പ്രതിഭയ്ക്കുള്ളത്. പാർട്ടിക്കുള്ളിൽ പോലും എതിരഭിപ്രായം ഉണ്ടായിരുന്നിട്ടും പ്രതിഭ രണ്ടാമതും എം എൽ എയായി തെരഞ്ഞെടുക്കപ്പെട്ടു.
 

സർവ്വകലാ വല്ലഭയാണ്, നല്ല ഗായിക, നന്നായി പ്രസംഗിക്കും, കർക്കിട മാസത്തിൽ രാമായണം വായിക്കും. എന്നിട്ടെന്താ കാര്യം, പൊതു പ്രവർത്തന രംഗത്ത് വേണ്ടെത്ര പരിഗണന ലഭിച്ചില്ല ഈ സ്ത്രീ രത്‌നത്തിന്. പ്രതിഭയുടെ ഒരു പരാതിയാണ് ഇപ്പോൾ നേതാക്കൾ ചർച്ച ചെയ്യുന്നത്. 
ആരോഗ്യ മന്ത്രി വീണാ ജോർജ് തന്റെ ഫോൺ എടുക്കുന്നില്ലെന്നാണ് പ്രതിഭയുടെ ആരോപണം. ഫെയിസ് ബുക്ക് പോസ്റ്റിലൊന്നുമല്ല എം എൽ എ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 
 
ഒരു പൊതു ചടങ്ങിൽ മന്ത്രി ശിവൻകുട്ടിയെ സ്റ്റേജിലിരുത്തിയായിരുന്നു പ്രതിഭയുടെ വെളിപ്പെടുത്തൽ. തന്റെ വ്യക്തിപരമായ ആവശ്യങ്ങൾ പറയാനൊന്നുമല്ല ഫോൺ ചെയ്യുന്നത്, പാവപ്പെട്ടവരെ ബാധിക്കുന്ന ചില വിഷയങ്ങൾ നേരിൽ ബോധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു എം എൽ എ. എന്നാൽ മന്ത്രിക്ക് ഫോണിൽ സംസാരിക്കാൻ താല്പര്യമില്ലത്രേ… ഫോൺ വിളിക്കുമ്പോൾ എടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നീട് തിരികെ വിളിക്കാനുള്ള സന്മമനസെങ്കിലും കാണിക്കാമായിരുന്നു എന്നും പ്രതിഭ പരിഭവപ്പെടുന്നു.

.
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് ആരോഗ്യമന്ത്രി വീണാ ജോർജ്. ദൈവം തന്നെ മറുപടി പറയുമെന്ന് പ്രതിഭയുടെ ആത്മഗതം….

പോലീസ് ഹെലികോപ്റ്റർ വരുത്തിയ ബാധ്യത 22 കോടി 

കേരളാ പൊലീസിനു വേണ്ടി സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ പൊടിച്ചത് കോടികൾ. 18 മാസത്തിനിടയിൽ ആകെ മൂന്ന് തവണ മാത്രം പറന്ന ഹെലിക്കോപ്റ്റർ സംസ്ഥാന സർക്കാരിനുണ്ടാക്കിയ ബാധ്യത 22 കോടി 21.5 ലക്ഷം രൂപ. ഡൽഹിയിൽ നിന്നും വാടകയ്ക്ക് എടുത്ത 11 സീറ്റുള്ള ഹെലികോപ്റ്ററാണ് തിരുവനന്തപുരം ശംഖുമുത്ത് ഭദ്രമായി പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്നത്. 2020 ലാണ് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. മാവോയിസ്റ്റ് നിരീക്ഷണത്തിനെന്ന് പറഞ്ഞാണ് കോപ്റ്റർ വാടകയ്‌ക്കെടുത്തത്.  എന്നാൽ പൊലീസ് ഒരിക്കൽ പോലും ഇതൊന്നും ഉപയോഗിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

 
കൊവിഡ് വ്യാപനത്തെതുടർന്ന്, കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും ഈ ദൂർത്ത് എന്തിനാണെന്നാണ് ആർക്കും അറിയാത്തത്.
മുഖ്യമന്ത്രി ദിവസവും പത്ര സമ്മേളനങ്ങളിലൂടെ വാക്‌സിൻ ചലഞ്ച്, കോവിഡ് ചലഞ്ച് എന്നൊക്കെ പറഞ്ഞ് കോടികൾ സമാഹരിക്കുന്നു, മറുഭാഗത്ത് കോടികൾ ഇതു പോലെ ദൂർത്തടിക്കുന്നു.

കേരളത്തിലെ പൊലീസിന് എന്തിനാണ് കോടികൾ ദൂർത്തടിക്കാൻ ഒരു ഹെലിക്കോപ്റ്ററെന്ന് ചോദിച്ചവർക്ക് മുഖ്യമന്ത്രിയുടെ പരിഹാസവും.


 ജോസ് കെ മാണി ജനകീയനല്ലെന്ന് സി പി ഐ, സി പി ഐക്ക് ഭയമെന്ന് കേരളാ കോൺഗ്രസ്

പാലായിലെ തോൽവിയുടെ ഞെട്ടലിൽ നിന്നും ഇതുവരെ മോചനം നേടാതെ വിഷമിച്ചിരിക്കുകയായിരുന്നു ജോസ് കെ മാണി. അമ്പത് വർഷം കെ എം മാണി കൈവെള്ളയിൽ കൊണ്ടുനടന്ന മണ്ഡലമായിരുന്നു  പാല. കെ എം മാണിയുടെ മരണത്തെതുടർന്ന് പാലായിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ  , എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന മാണി സി കാപ്പൻ വിജയിച്ചപ്പോൾ എതിരാളി ജോസ് കെ മാണിയായിരുന്നില്ല.

പാല പിടിക്കാൻ ജോസ് കണ്ടെത്തിയ മാർഗം, കേരളാ കോൺഗ്രസ് എമ്മിനെ ഇടത് പാളയത്തിലെത്തിക്കുകയായിരുന്നു. എന്നാൽ ആ തന്ത്രവും പാളി, മുന്നണി മാറിയിട്ടും കാപ്പൻ വീണ്ടും ഞെട്ടിച്ചു. 
കേരളാ കോൺഗ്രസിന് പരമ്പരാഗതമായി ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ ലഭിച്ചില്ല, പ്രാദേശിക ഇടതു നേതാക്കൾ വേണ്ടത്ര സഹകരിച്ചില്ല എന്നൊക്കെയുള്ള പരാതികൾ ജോസ് കെ മാണി ഉന്നയിച്ചിരുന്നു. പിന്നെ എല്ലാം മറക്കാൻ ശ്രമിച്ചു, അപ്പോഴാണ് സി പി ഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുമായി രംഗത്തെത്തിയത്. പാലായിൽ ജോസ് കെ മാണി തീരെ ജനകീയനായിരുന്നില്ലെന്നും, മാണി സി കാപ്പന്റെ ജനകീയതയെ തകർക്കാൻ ജോസിന് സാധിച്ചില്ലെന്നും സി പി ഐ കണ്ടെത്തി.

കേരളാ കോൺഗ്രസിന്റെ തോൽവിയെക്കുറിച്ചുള്ള കണ്ടെത്തൽ വീണ്ടും ചെന്തീയായി ജോസിന്റെ മനസിൽ ആളിക്കത്തി. ഇതോടെ സി പി ഐക്കെതിരെ പരാതി നൽകാനുള്ള തീരുമാനത്തിലാണ് ജോസ്. സി പി ഐക്ക് രണ്ടാം സ്ഥാനം നഷ്ടപ്പെടുമെന്ന ഭയമാണ് ഈ ആരോപണത്തിന് പിന്നിലെന്നാണ് ജോസിന്റെ പ്രതികരണം.

എന്തായാലും കുണ്ടറയിലെ തോൽവിക്ക് കാരണം പി സി വിഷ്ണുനാഥിന്റെ ലാളിത്യവും ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ജനകീയതയില്ലായ്മയുമാണെന്ന കണ്ടെത്തലിൽ പ്രതികരണം വന്നിട്ടില്ല, ഭാഗ്യം.

വെടി നിർത്തൽ പ്രഖ്യാപിച്ച് സ്ഥലം വിട്ട കെ ടി ജലീൽ

കെ ടി ജലീൽ കുഞ്ഞാലിക്കുട്ടിയുടെ അന്ത്യം കണ്ടേ മടങ്ങൂ എന്നൊക്കെ പ്രവചിച്ച കുറേ മാധ്യമങ്ങളുണ്ടായിരുന്നു സംസ്ഥാനത്ത്. ഇപ്പോ അവരെയൊന്നും കാണാനില്ലത്രേ… കാരണമെന്തെന്നോ, കെ ടി ജലീൽ വെടി നിർത്തൽ പ്രഖ്യാപിച്ചു. അക്കളി വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ഒടുവിൽ കെ ടി ജലീൽ ഉൾക്കൊണ്ടിരിക്കയാണ്.

പി കെ കുഞ്ഞാലിക്കുട്ടിയും മകനും എ ആർ സഹകരണ ബാങ്കിൽ നടത്തിയ ക്രമക്കേടും കള്ളപ്പണ നിക്ഷേപവുമാണ് കെ ടി ജലീൽ കുത്തിപ്പൊക്കിയത്. കേരളം ഞെട്ടുമെന്നായിരുന്നു എളാപ്പയുടെ പ്രഖ്യാപനം. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ അന്ത്യമാണ് തന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് പ്രഖ്യാപിച്ച കെ ടി ജലീൽ ഇഡിയുടെ അന്വേഷണം ആവശ്യപ്പെട്ടാണ് രംഗത്തെത്തിയത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ ടി ജലീലിനെ വിളിച്ച് ഉപദേശിച്ചു, വേണ്ടാത്ത പണിക്ക് പോയി, പൊല്ലാപ്പിൽ പെടരുതെന്ന്.

ഇതോടെ ജലീൽ വിരണ്ടു, ഇപ്പോൾ കെ ടി ജലീലുമില്ല, എ ആർ ബാങ്കുമില്ല. 
കുഞ്ഞാപ്പ നല്ല ബുദ്ധിമാനാണ്. കെ ടി ജലീലിന്റെ നീക്കങ്ങളിൽ പ്രതികരിച്ചില്ല, ഇ ഡിക്ക് മുന്നിൽ പോയതുമില്ല. പറയാനുള്ള തെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞു. ഇതോടെ  എല്ലാം പറഞ്ഞ് കോംപ്ലിമെന്റ്‌സാക്കി. 
 
എന്താല്ലേ… ഇവരെല്ലാം ഒറ്റ മുന്നണിയാണെന്ന് അറിയാത്ത പാവം അണികൾ.

സി പി എമ്മിൽ പരക്കെ നടപടികൾ ആരംഭിച്ചു

തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയിൽ സി പി എമ്മിൽ പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നത് സ്വാഭാവികമായ പരിപാടിയാണ്. മാറ്റാൻ നോട്ടമിട്ട നേതാക്കളെ തൽസ്ഥാനത്തു നിന്നും ഒഴിവാക്കാനുള്ള വഴിയാണ് അവലോകന റിപ്പോർട്ടുകൾ.

നടപടികൾ ആരംഭിച്ചിരിക്കയാണ്, എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ നേതാക്കൾ നടപടിക്ക് വിധേയമായത്. ഏറിയാ സെക്രട്ടറിയുൾപ്പെടെയുള്ള വരെയാണ് ഒഴിവാക്കുന്നത്. തൃപ്പൂണിത്തുറയിലെ തോൽവിയാണ് സി പി എമ്മിന് ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടാക്കിയത്. തൃക്കാക്കര, പിറവം, കളമശ്ശേരി എന്നിവിടങ്ങളിലും നേതാക്കൾക്കെതിരെ നടപടിയുണ്ടായി.

തെരഞ്ഞെടുപ്പിൽ ജാഗ്രതക്കുറവുണ്ടായി എന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. 
ജില്ലാ നേതാക്കളായിരുന്നവർ താഴേത്തട്ടിലേക്ക് തരം താഴ്ത്തപ്പെടുകയും, സ്ഥാനമാനങ്ങളിൽ നിന്നും തീർത്തും മാറ്റി നിർത്തപ്പെടുകയുമാണ്. ഇതേ സമയം കോൺഗ്രസ് വിട്ടു വരുന്നവർക്ക് പരിഗണന നൽകാനുള്ള തീരുമാനവും നടപ്പാവുന്നു. കോൺഗ്രസിലോ മറ്റേതെങ്കിലും പാർട്ടിയിലോ പ്രവർത്തിച്ചതിന് ശേഷം സി പി എമ്മിൽ ചേരുന്നതാണ് കുറച്ചുകൂടി സുരക്ഷിതം എന്ന് വ്യക്തം….

കാറൽ മാർക്‌സ് മുത്തപ്പാ സി പി എമ്മിലെ ബാക്കിയുള്ള നേതാക്കളെയെങ്കിലും രക്ഷിച്ചോണേ….

തിരിച്ചടിക്ക് ഗുജറാത്ത് മോഡലും കാരണമായെന്ന് ബി ജെ പിയും തിരിച്ചറിഞ്ഞു.

കേരളത്തിൽ ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് സംപൂജ്യരായ പാർട്ടിയാണ് ബി ജെ പി. കേന്ദ്രത്തിൽ അതിശക്തരാണെങ്കിലും കൊച്ചു കേരളത്തിൽ വലിയ വളർച്ചയുണ്ടാവാത്ത പാർട്ടിയാണ് ബി ജെ പി. ദൈവത്തിന്റെ പേരിലാണ് ഈ പാർട്ടി മറ്റു സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചതെങ്കിലും കേരളം ദൈവത്തിന്റെ സ്വന്തം നാടായതിനാൽ മറ്റു പൊടികൈകളൊന്നും ഇവിടെ നടന്നില്ല.
 
 

ആകെ ഒരു സീറ്റിൽ 2016 ൽ ജയിച്ചപ്പോൾ ബി ജെ പിക്ക് വൻവളർച്ചയുണ്ടാവുമെന്നൊക്കെ ദേശീയ നേതൃത്വത്തെ സംസ്ഥാന നേതാക്കൾ തെറ്റിദ്ധരിപ്പിച്ചു. അതുകൊണ്ട് ഗുണമുണ്ടായില്ല എന്നൊന്നും കരുതരുത്. കോടികൾ കേരളത്തിലേക്ക് ഒഴുകി, ഹെലികോപ്റ്ററിലും മറ്റുമായി കോടികൾ കൊണ്ടുവന്നുവെങ്കിലും കേരളീയർ ജനാധിപത്യം വ്യഭിചരിക്കുന്നവരല്ലാത്തതിനാൽ ഒരു കച്ചവടവും നടന്നില്ല.

ഒടുവിൽ തോറ്റു തുന്നം പാടി, തിരുവനന്തപുരത്തെ നേമം ഗുജറാത്തിന് സമമാണെന്നായിരുന്നു കുമ്മനം ജിയുടെ വീരവാദം, നേമത്ത് ബി ജെ പിക്ക് നിഷ്പ്രയാസം ജയിച്ചു കയറാവുന്ന വോട്ടുണ്ടെന്നായിരുന്നു കുമ്മനം രാജശേഖരൻ എന്ന പഴയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കരുതിയിരുന്നത്.

എന്തെല്ലാം സ്വപ്‌നങ്ങളായിരുന്നു നേതാക്കൾക്ക്. 35 സീറ്റ്, സംസ്ഥാന ഭരണം, ഇ ശ്രീധരൻ മുഖ്യമന്ത്രി, ജേക്കബ്ബ് തോമസ് അഭ്യന്തര മന്ത്രി…. എല്ലാം തകർന്നു തരിപ്പണമായി. 
വീരവാദങ്ങളെല്ലാം തിരിച്ചടിയായി എന്നാണ് ഇപ്പോൾ ബി ജെ പി തിരിച്ചറിയുന്നത്.

ലഹരി നുരയുന്ന കേരളം

കേരളം മയക്കുമരുന്നിന്റെ പറുദീസയായി മാറുകയാണോ ? എന്നു വേണം കരുതാൻ. കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്നിന്റെ അളവ് ആരെയും ഞെട്ടിക്കുന്നതാണ്. മിക്കവാറും എല്ലാ ദിവസവും കേരളത്തിൽ എവിടെയെങ്കിലും മയക്കുമരുന്ന് പിടികൂടുന്നുണ്ട്. പ്രായപൂർത്തിയാവാത്തവരും, വിദ്യാർത്ഥികളും യുവതികളുമാണ് പിടിക്കപ്പെടുന്നവരിൽ ഏറെയും. 1000 ൽ അധികം പേർ 21 വയസിന് താഴേയുള്ളവരാണ് എന്നത് അപകടാവസ്ഥയുടെ ആഴം വ്യക്തമാക്കുന്നു.
ഏറെ അപകടകാരിയായ എം ഡി എം എ പോലുള്ള സിന്തറ്റിക്ക് ഡ്രങ്ക്‌സാണ് കേരളത്തിലെത്തുന്നതിൽ ഏറെയും 2000 കിലോ കഞ്ചാവാണ് ആറുമാസത്തിൽ പിടിയിലായത്. ഇതെല്ലാം വ്യക്തമാക്കുന്നത് കേരളം ലഹരിമാഫിയയുടെ കൈകളിലാണെന്നാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി മയക്കുമരുന്ന് പാർട്ടികൾ അരങ്ങേറുന്നുണ്ട്.

ഇതേ അവസ്ഥ തുടർന്നാൽ കേരളത്തിലെ യുവാക്കളിൽ ഏറിയ പങ്കും ലഹരിക്ക് അടിമയാവുമെന്ന അവസ്ഥയാണ്. മയക്കുമരുന്ന് ആരാണ് കടത്തുന്നത്, ആർക്കുവേണ്ടിയാണ് കടത്തുന്നത്, പിന്നിൽ വൻകിട ശക്തികളുണ്ടോ എന്നിവയൊന്നും അന്വേഷണ സംഘത്തിന് പോലും വ്യക്തമല്ല. കാരിയർമാർ മാത്രം പിടിയിലാവുന്നു, കേസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങൾ അധികൃതർ തന്നെ ഒരുക്കുന്നു.
 
പണമുണ്ടാക്കാനുള്ള എളുപ്പ വഴികളിലാണ് എല്ലാവരും. ശക്തമായ നടപടികളുണ്ടായില്ലെങ്കിൽ വൻ ദുരന്തമാണ് വരാനിരിക്കുന്നത്.

വാൽകഷണം :
ഹരിതാ കേസ് വീണ്ടും ലീഗിന് തലവേദനയാവുകയാണ്. കേസിൽ പരാതിക്കാരിയും ഹരിതയുടെ മുൻ നേതാവുമായ ഫാത്തിമ തഹ്ലിയ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകിയിരിക്കയാണ്. കേസ് പൊല്ലാപ്പാവുമെന്ന് ഉറപ്പായിരിക്കയാണ്. ഹരിത എന്ന സംഘടനതന്നെ  വേണ്ടതില്ലെന്നാണ് ലീഗിന്റെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here