സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ ക്യാപ്റ്റൻ വിരാട് കോലിയുടെ കീഴിൽ കുറച്ചു ഭയത്തോടെയാണു കളിക്കുന്നതെന്ന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ ലീ. വിരാട് കോലിയെ ഇന്ത്യൻ ടീമംഗങ്ങൾ ബഹുമാനിക്കുന്നുണ്ട്. എന്നാൽ കോലി താരങ്ങളിൽനിന്ന് ആവശ്യപ്പെടുന്ന പ്രകടനമാണ് അവരെ ഭയപ്പെടുത്തുന്നത്. ഇതേ താരങ്ങള്‍ അജിൻക്യ രഹാനെയുടെ കീഴിൽ കളിക്കുമ്പോൾ കൂടുതൽ ആശ്വാസമുള്ളതായി തോന്നിയിട്ടുണ്ടെന്നും ലീ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

കോലി എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിലൊരാളാണ്. സഹതാരങ്ങളെല്ലാം അദ്ദേഹത്തെ ബഹുമാനിക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. കോലിയോടൊപ്പം കളിക്കുമ്പോൾ ഒരു പരിധിക്ക് അപ്പുറം പോകാൻ അവർ ഭയപ്പെടുന്നു. പൂർണമായും പ്രൊഫഷനലിസത്തിലൂടെ കളിയെ സമീപിക്കാനാണ് കോലി ആവശ്യപ്പെടുന്നത്. താരങ്ങൾ ഫിറ്റായിരിക്കണം. ഗ്രൗണ്ടിൽ മികച്ചു നിൽക്കണം എന്നൊക്കെ ആഗ്രഹിക്കുന്നു. പക്ഷേ അവർ എപ്പോഴും കുറച്ചു ഭയപ്പെടുന്നതായി തോന്നുന്നു– ലീ വ്യക്തമാക്കി.

ഇന്ത്യൻ ടീമിന്റെ സിലക്ടറായിരുന്നെങ്കിൽ ക്യാപ്റ്റൻസി ഒഴിവാക്കി ബാറ്റിങ്ങിൽ ശ്രദ്ധിക്കണമെന്നു കോലിയോടു പറയുമായിരുന്നെന്നും ഷെയ്ൻ ലീ പറഞ്ഞു. കോലി ബാറ്റ്സ്മാനെന്ന രീതിയിൽ മാത്രം കളിക്കുന്നതാണു ടീമിനു നല്ലത്. എന്നാൽ കോലി ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കുമോ? എനിക്കു സംശയമാണ്. ഞാൻ സിലക്ടർ ആയിരുന്നെങ്കിൽ രഹാനെയെ ക്യാപ്റ്റൻ ആക്കുമായിരുന്നു. കോലിയെ ബാറ്റിങ്ങിൽ ശ്രദ്ധ നൽകാൻ വിടുമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഇന്ത്യൻ ടീമൊന്നാകെ കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുമായിരുന്നു.

സമയമെടുത്തു മാത്രമേ ഇക്കാര്യം വ്യക്തമാകൂവെന്നും ലീ പ്രതികരിച്ചു. ഓസ്ട്രേലിയയ്ക്കായി 45 ഏകദിനങ്ങൾ കളിച്ചിട്ടുള്ള താരമാണ് ബ്രെറ്റ് ലീയുടെ മൂത്ത സഹോദരൻ കൂടിയായ ഷെയ്ൻ ലീ. വിരാട് കോലിയുടെ അഭാവത്തിൽ അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ഓസീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രഹാനെയെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന് ക്രിക്കറ്റ് വിദഗ്ധരിൽ ചിലർ ആവശ്യമുന്നയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here