തിരുവനന്തപുരം: ഐ.പി.എൽ ലേലപട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി എസ്.ശ്രീശാന്ത്. ചെന്നായ് കൂട്ടത്തിനിടയിലേക്ക് തന്നെ എറിഞ്ഞു കൊടുത്താലും തിരിച്ചു വരുമെന്ന് ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ ശ്രീശാന്ത് പറഞ്ഞു. ഇതിനൊപ്പം ഒരു വിഡിയോയും ശ്രീശാന്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ഐ.പി.എൽ ലേലത്തിൽ നിന്ന് ഒഴിവാക്കിയതിൽ സങ്കടമില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. കുറേക്കാലമായി കാത്തിരിക്കുകയാണ്. ഇനിയും കാത്തിരിക്കാൻ തയാറാണ്. ഒരിക്കലും കീഴടങ്ങില്ല. ലക്ഷ്യത്തിലെത്തുന്നത് വരെ കഠിനമായി അധ്വാനിക്കും. അടുത്ത വർഷം ഐ.പി.എല്ലിൽ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം ഐ.പി.എൽ താരലേലത്തിലെ അന്തിമ പട്ടികയിൽ നിന്നും ശ്രീശാന്തിനെ ഒഴിവാക്കിയിരുന്നു. ടീമുകൾ താൽപര്യം കാണിക്കാത്തിനെ തുടർന്നാണ് ഒഴിവാക്കിയതെന്നാണ് സൂചന. ഒത്തുകളി വിവാദത്തെ തുടർന്ന് വിലക്ക് നേരിട്ട ശ്രീശാന്ത് ഈയടുത്ത് കേരള ടീമിലൂടെയാണ് വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.