അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 99 റണ്‍സിന് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് എട്ടുവിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ അക്ഷര്‍ പട്ടേലിനെയാണ് (0) ഇന്ത്യയ്ക്ക് നഷ്ടമായത്. ജോ റൂട്ടാണ് താരത്തെ പുറത്താക്കിയത്. അതേ ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിനെയും (0) റൂട്ട് പുറത്താക്കിയിരുന്നു.റൂട്ടിന്റെ കുത്തിത്തിരിഞ്ഞ പന്ത് സുന്ദറിന്റെ വിക്കറ്റ് പിഴുതു. ഇതോടെ ഇന്ത്യ 125 ന് എട്ട് എന്ന നിലയിലേക്ക് വീണു.

സ്‌കോര്‍ 117-ല്‍ നില്‍ക്കെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. മത്സരത്തിലെ തന്റെ ആദ്യ ബോളില്‍ തന്നെ പന്തിനെ പുറത്താക്കി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് വിക്കറ്റ് നേട്ടം ആഘോഷിച്ചു. പന്തിന്റെ ബാറ്റിലുരസിയ ബോള്‍ വിക്കറ്റ് കീപ്പര്‍ ഫോക്‌സ് കൈയ്യിലൊതുക്കി. ഇതോടെ ഇന്ത്യ തകര്‍ന്നു

അജിങ്ക്യ രഹാനെയ്ക്ക് പിറകേ മികച്ച ഫോമില്‍ കളിച്ച രോഹിത് ശര്‍മയെയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ജാക്ക് ലീച്ചാണ് രോഹിത്തിനെയും പുറത്താക്കിയത്. സ്വീപ് ഷോട്ടിന് ശ്രമിച്ച താരത്തെ ലീച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി.

96 പന്തുകളില്‍ നിന്നും 11 ബൗണ്ടറികളുടെ അകമ്പടിയോടെ 66 റണ്‍സ് നേടിയശേഷമാണ് രോഹിത് ക്രീസ് വിട്ടത്. നേരത്തേ രഹാനെയുടെ വിക്കറ്റും ലീച്ചാണ് നേടിയത്. ഏഴുറൺസെടുത്ത താരത്തെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നിൽ കുടുക്കി.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. അത് വലിയൊരു നഷ്ടമായി വിരാട് കോലിക്ക് തോന്നിയെങ്കിലും കളി തുടങ്ങിയതോടെ നിരാശ മാഞ്ഞു. ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡില്‍ രണ്ടു റണ്‍സ് മാത്രം നില്‍ക്കേ ഓപ്പണര്‍ ഡൊമിനിക് സിബ്ലിയെ (0) ഇഷാന്തിന്റെ പന്തില്‍ രണ്ടാം സ്ലിപ്പില്‍ രോഹിത് ശര്‍മ ക്യാച്ചെടുത്തത് ഒരു തുടക്കം മാത്രമായിരുന്നു.

ആറാം ഓവറില്‍, കോലി അക്‌സറിന് പന്ത് നല്‍കി സ്പിന്‍ പരീക്ഷണം തുടങ്ങി. ഗുജറാത്തുകാരനായ അക്‌സര്‍, ആദ്യ പന്തില്‍ത്തന്നെ ജോണി ബെയര്‍‌സ്റ്റോയെ (0) എല്‍ബി യിലൂടെ മടക്കി. മറ്റൊരു ഓപ്പണര്‍ സാക് ക്രോളിയുടെ (84 പന്തില്‍ 53) ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ പതനം ദയനീയമായേനെ. ക്രോളി പത്ത് ഫോറടിച്ചു. മറ്റ് 10 ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് എടുത്തതും 53 റണ്‍സ്. 38 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത അക്‌സറിന്റെ സ്പിന്‍ ബൗളിങ്ങിനുമുന്നിലാണ് ഇംഗ്ലണ്ട് ഇടറിവീണത്.

ഇന്ത്യയുടെ മറുപടിയും എളുപ്പത്തിലായിരുന്നില്ല. 27-ാം പന്തിലാണ് ശുഭ്മാന്‍ ഗില്‍ ആദ്യ റണ്‍ (ഫോര്‍) നേടിയത്. ഇതിനിടെ രണ്ട് അപകടകരമായ അപ്പീലുകളെ അതിജീവിച്ചു. രണ്ടാം ഓവറില്‍ ബെന്‍ സ്റ്റോക്‌സ് ഗില്ലിനെ സ്ലിപ്പില്‍ ക്യാച്ചെടുത്തെങ്കിലും പന്ത് ഗ്രൗണ്ടില്‍ മുട്ടിയതിനാല്‍ ഔട്ട് കൊടുത്തില്ല. ഇതിനെതിരേ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് അമ്പയറുമായി തര്‍ക്കിച്ചു.

സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ എല്‍ബി അപ്പീലിലും ഗില്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. രണ്ടു ഫോറടക്കം, 51 പന്തില്‍ 11 റണ്‍സെടുത്ത ഗില്‍ ആര്‍ച്ചറുടെ പന്തില്‍ ക്രോളിക്ക് അനായാസ ക്യാച്ച് നല്‍കി മടങ്ങി. വണ്‍ഡൗണായെത്തിയ ചേതേശ്വര്‍ പുജാര നാലാം പന്തില്‍ ജാക് ലീച്ചിനുമുന്നില്‍ എല്‍ബി ആയതോടെ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 33 എന്ന നിലയില്‍നിന്ന് രണ്ടിന് 34 എന്ന അവസ്ഥയിലായി.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here