അഹമ്മദാബാദ് : മൂന്നുദിവസം ശേഷിക്കെ ഇംഗ്ലണ്ടിനെ പത്ത് വിക്കറ്റിന് തകർത്ത് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയം സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സിൽ ജയിക്കാൻ 49 റൺസ് വേണ്ടിയിരുന്ന ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു. 15 റൺസെടുത്ത് ശുഭ്മാൻ ഗില്ലും 25 റൺസെടുത്ത രോഹിത് ശർമയും 7.4 ഓവറിൽ ഇന്ത്യയെ വിജയതീരത്തെത്തിക്കുകയായിരുന്നു,​ സ്‌കോർ ഇംഗ്ലണ്ട്: 112, 81. ഇന്ത്യ: 145, 49 ന് പൂജ്യം.

ആദ്യ ഇന്നിംഗ്‌സിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 145 റൺസിന് ഓൾ ഔട്ടായി. 33 റൺസിന്റെ ലീഡും ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ വെറും 81 റൺസിന് ഇന്ത്യ പുറത്താക്കി. 32 റൺസ് വഴങ്ങി അഞ്ചുവിക്കറ്റെടുത്ത അക്ഷർ പട്ടേലും48 റൺസ് വഴങ്ങി നാലുവിക്കറ്റെടുത്ത ആർ അശ്വിനും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർത്തത്.

25 റൺസെടുത്ത ബെൻ സ്‌റ്റോക്സ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചുനിന്നത്. രണ്ടാം ദിനം 17 വിക്കറ്റുകളാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ വീണത്. ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരേ ടെസ്റ്റിൽ നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്.

ഈ വിജയത്തോടെ നാലുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 21 ന് മുന്നിലെത്തി. നാലാമത്തെ ടെസ്റ്റ് മത്സരത്തിൽ തോൽക്കാതിരുന്നാൽ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കാം.

ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ രണ്ടിന്നിംഗ്സുകളിൽ നിന്നുമായി 11 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അശ്വിൻ ഏഴ് വിക്കറ്റുകൾ വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here