ആന്റിഗ്വ : 13കൊല്ലം മുമ്പ് യുവ്‌രാജ് സിംഗ് സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിൽ ആറു സിക്സുകൾക്ക് ശിക്ഷിച്ചതിന്റെ ഓർമ്മയുണർത്തി വെസ്റ്റിൻഡീസ് ക്യാപ്ടൻ കെയ്റൺ പൊള്ളാർഡ്.ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിലാണ് പൊള്ളാഡ് ഒരു ഓവറിൽ ആറ് സിക്സുകൾ പറത്തിയത്. സ്പിന്നർ അഖില ധനഞ്ജയയാണ് വിൻഡീസ് ക്യാപ്ടന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. തൊട്ടുമുമ്പുള്ള തന്റെ ഓവറിൽ ഹാട്രിക് നേടിയതിന്റെ അഭിമാനത്തിൽ നിന്ന അഖിലയെയാണ് പൊള്ളാഡ് അടിച്ചു പഞ്ചറാക്കിയത്. പൊള്ളാഡിന്റെ ബാറ്റിംഗ് കരുത്തിൽ വിൻഡീസ് ലങ്കയ്ക്കെതിരെ നാല് വിക്കറ്റ് ജയം സ്വന്തമാക്കുകയും ചെയ്തു.മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ 13.1 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് വിജയലക്ഷ്യം മറികടന്നു. മികച്ച രീതിയിൽ പന്തെറിഞ്ഞ് ഹാട്രിക്ക് വിക്കറ്റും വീഴ്ത്തി നിൽക്കുകയായിരുന്ന അഖില ധനഞ്ജയ എറിഞ്ഞ ആറാം ഓവറിലാണ് പൊള്ളാർഡ് സിക്സറുകൾ ആറെണ്ണം പറത്തിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഓവറിലെ ആറ് പന്തും സിക്സ് പറത്തുന്ന മൂന്നാമത്തെ താരമായി പൊള്ളാർഡ്.

11 പന്തുകൾ നേരിട്ട പൊള്ളാഡ് 38 റൺസെടുത്ത് പുറത്തായി. താരം ആകെ നേടിയതും ആറ് സിക്സുകളും രണ്ട് സിംഗിളും മാത്രമാണ്.ദക്ഷിണാഫ്രിക്കൻ താരം ഹെർഷലെ ഗിബ്സും ഇന്ത്യൻ ആൾ റൗണ്ടർ യുവരാജ് സിംഗുമാണ് മുൻപ് ഈ നേട്ടം കൈവരിച്ച രണ്ട് താരങ്ങൾ. ഗിബ്സ് 2007 ലോകകപ്പിൽ നെതർ‌ലൻഡ്സിന്റെ ഡാൻ വാൻബ്യൂംഗിനെതിരെയും യുവരാജ് 2007 ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെയുമാണ് ഒരു ഓവറിൽ ആറ് സിക്സ് പറത്തിയത്. മൂന്നാമതും സിക്സ് നേടിയപ്പോൾ ആറെണ്ണം അടിക്കുമെന്നു തോന്നിയതായി പൊള്ളാർഡ് മത്സരശേഷം പറഞ്ഞു.ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും നോക്കിയാലും ഇതുവരെ എട്ടു താരങ്ങൾ മാത്രമാണ് ഒരു ഓവറിൽ ആറ് സിക്സുകൾ‌ നേടിയത്. വിൻഡീസ് താരമായ ഗാർഫീൽഡ് സോബേഴ്സാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. 1968ൽ ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിനിടെയായിരുന്നു സോബേഴ്സ് ആറ് സിക്സ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here