ബ്യൂണസ് ഐറിസ്: ജൂണിൽ ആരംഭിക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂര്‍ണമെന്റിനു മുമ്പ് കളിക്കാര്‍ക്കും സ്റ്റാഫിനും കടുത്ത നിയന്ത്രണങ്ങളൊരുക്കി അര്‍ജന്റീന ദേശീയ ടീം.

കോവിഡ് മഹാമാരി ആരംഭിച്ച ശേഷം രാജ്യം ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ടീം തീരുമാനിച്ചത്.

മെയ് 26 മുതല്‍ ടൂര്‍ണമെന്റ് അവസാനിക്കുന്നതുവരെ എസെയ്‌സയിലെ ദേശീയ ടീം കോപ്ലക്‌സായിരിക്കും ടീം അംഗങ്ങളുടെയും മറ്റും താമസസ്ഥലം. ജൂണ്‍ 13 മുതല്‍ ജൂലായ് 10 വരെയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ്.

എല്ലാ കളിക്കാര്‍ക്കും സിംഗിള്‍ റൂമുകള്‍ ആവശ്യമായതിനാല്‍ കോച്ച് ലയണല്‍ സ്‌കലോണിക്കും സ്റ്റാഫിനുമായി 17 ട്രെയ്‌ലറുകളും വാടകയ്ക്ക് എടുത്തിട്ടുണ്ട്.

ഫിറ്റ്‌നസ് സെന്റര്‍, റസ്റ്റോറന്റ്, കോവിഡ് പരിശോധനാ കേന്ദ്രം എന്നിവയ്ക്കായി വലിയ ടെന്റുകളാണ് അര്‍ജന്റീന സോക്കര്‍ ഫെഡറേഷന്‍ (എ.എഫ്.എ) സ്ഥാപിച്ചിരിക്കുന്നത്. സാമൂഹിക അകലം എല്ലായിടത്തും പാലിക്കുക എന്നത് മുന്‍നിര്‍ത്തിയാണിത്. മാത്രമല്ല ഓരോ കളിക്കാര്‍ക്കും വസ്ത്രം മാറാന്‍ പ്രത്യേക മുറികളുണ്ട്.

കളിക്കാര്‍ എത്തിക്കഴിഞ്ഞാല്‍ അവരുടെ കോവിഡ് പരിശോധനാഫലം വരുന്നതുവരെ ഐസൊലേഷനില്‍ കഴിയണം. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഇത്തരത്തില്‍ പരിശോധനയുണ്ടാകും. പുറത്തുനിന്നുള്ള ആര്‍ക്കും തന്നെ ബബിളിനുള്ളില്‍ താരങ്ങളെ സന്ദര്‍ശിക്കാനാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here