സതാംപ്ടൻ : ന്യൂസീലൻഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കു 2 ഓപ്പണർമാരെയും നഷ്ടമായി. രോഹിത് ശർമ (34), ശുഭ്മാൻ ഗിൽ (28) എന്നിവരാണു പുറത്തായത്. നന്നായി ബാറ്റു ചെയ്തിരുന്ന രോഹിത്തിനെ പേസർ കെയ്ൽ ജാമിസനാണു വീഴ്ത്തിയത്. ഓഫ് സ്റ്റംപ് ലൈനു പുറത്തുള്ള പന്തിൽ ഷോട്ടിനു ശ്രമിച്ച രോഹിത്തിന്റെ ബാറ്റിൽ ഉരുമിയ പന്ത് മൂന്നാം സ്ലിപ്പിൽ ടിം സൗത്തി പിടികൂടി. ടീം സ്കോർ 62ൽ എത്തി നിൽക്കെയായിരുന്നു ഇത്. പിന്നാലെ നീൽ വാഗ്‌നറുടെ പന്തിൽ ഗില്ലിനെ വിക്കറ്റ് കീപ്പർ വാൾട്ടിങ് പിടികൂടുകയായിരുന്നു. ഇതോടെ ഇന്ത്യ 63–2 എന്ന നിലയിലായി. ചേതേശ്വർ പുജാര, ക്യാപ്റ്റൻ വിരാട് കോലി എന്നിവരാണു ക്രീസിൽ. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബോളിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ 61–ാം ടെസ്റ്റ് കളിക്കുന്ന വിരാട് കോലി റെക്കോർഡ് ബുക്കിലും ഇടംപിടിച്ചു. 60 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച മഹേന്ദ്രസിങ് ധോണിയുടെ റെക്കോർഡ് മറികടന്ന കോലി, ടെസ്റ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്ന ക്യാപ്റ്റനെന്ന സ്ഥാനം ഒറ്റയ്ക്ക് സ്വന്തമാക്കി. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ മാറ്റങ്ങളില്ല. ഇന്ത്യ രണ്ടു സ്പിന്നർമാരുമായി കളിക്കുമ്പോൾ, ഒറ്റ സ്പിന്നർ പോലുമില്ലാതെയാണ് കിവീസ് കളത്തിലിറങ്ങുന്നത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ നിഷ്പക്ഷ വേദിയിൽ കളിക്കുന്നത്. ഇതുവരെ കളിച്ച മത്സരങ്ങളിൽ 276 ടെസ്റ്റുകൾ സ്വന്തം മൈതാനത്തും 274 ടെസ്റ്റുകൾ എതിരാളികളുടെ മൈതാനത്തുമാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. നാട്ടിൽ കളിച്ച ടെസ്റ്റുകളിൽ 109 എണ്ണം ഇന്ത്യ ജയിച്ചു. 53 ടെസ്റ്റുകൾ തോറ്റു. വിദേശത്തു കളിച്ചതിൽ 53 ടെസ്റ്റുകൾ ജയിച്ചപ്പോൾ 116 ടെസ്റ്റുകൾ തോറ്റു.

നേരത്തെ, മത്സരത്തിന്റെ ആദ്യദിനം പൂർണമായും മഴമൂലം ഉപേക്ഷിച്ചിരുന്നു. ആദ്യ ദിനം ടോസ് ചെയ്യാനോ ഒരു ബോൾ പോലുമെറിയാനോ കഴിയാതെ ഉപേക്ഷിച്ചെങ്കിലും റിസർവ് ദിനം നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇന്നു മുതൽ അഞ്ച് ദിവസം കളി നടക്കും. ഇനിയുള്ള ദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെങ്കിലും ആദ്യ സെഷനുകളിൽ കളി തടസ്സപ്പെടില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയില്ലെങ്കിൽ ഇന്ന് അര മണിക്കൂർ നേരത്തേ മത്സരം തുടങ്ങും. അതേസമയം, ഇന്നത്തെ മത്സരത്തിനും മഴ ഭീഷണിയുണ്ട്.

റോസ്ബൗൾ സ്റ്റേഡിയം ഒരു ദിവസം മുഴുവൻ മഴയിൽ‌ കുതിർന്നതോടെ പ്രതിസന്ധിയിലായത് ഇന്ത്യൻ ടീമാണ്. മത്സരത്തിനു തലേന്നുതന്നെ അന്തിമ ഇലവനെ പ്രഖ്യാപിച്ച ഇന്ത്യ 2 സ്പിന്നർമാരെ ഉൾപ്പെടുത്തിയിരുന്നു. കിവീസ് ഇതുവരെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

∙ റിസർവ് ദിനത്തിലെ കളി

സതാംപ്ടനിൽ മഴയ്ക്കു സാധ്യതയുള്ളതിനാലാണ് ജൂൺ 23 റിസർവ് ദിനമായി മുൻകൂട്ടി നിശ്ചയിച്ചത്. ആദ്യദിനം പൂർണമായി കളി മുടങ്ങിയതോടെ ജൂൺ 23, സാങ്കേതികമായി ഫൈനലിലിന്റെ 5–ാം ദിനമാകും. പരമാവധി 83 ഓവറാണ് റിസർവ് ദിനത്തിൽ അനുവദിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here