സ്വന്തം ലേഖകൻ

കൊച്ചി : ടോക്ക്യോ ഒളിമ്പിക്‌സിൽ വെങ്കലം നേടി രാജ്യത്തിന് അഭിമാനമായ ഹോക്കിയുടെ നായകൻ പി ആർ ശ്രീജേഷിന് ഇന്ന് ജന്മനാട് രാജകീയ സ്വീകരണം നൽകും.   ഇന്ന് വൈകിട്ട് അഞ്ചിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന ശ്രീജേഷിനെ വാഹനങ്ങളുടെ അകമ്പടിയോടെ ജന്മനാടായ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലേക്ക്  ആനയിക്കും. സംസ്ഥാന സർക്കാർ, സ്‌പോർട്‌സ് കൗൺസിൽ, ഒളിമ്പിക്‌സ് അസോസിയേഷൻ, ഹോക്കി അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം. കായികവകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

കായിക താരങ്ങളും, പൊതുപ്രവർത്തകരും അടങ്ങുന്ന സംഘത്തിന് മാത്രമായിരിക്കും സ്വീകരണ പരിപാടിൽ പങ്കെടുക്കാൻ അനുമതി.  പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വൻജനക്കൂട്ടം ഒഴിവാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സ്വീകരണ പരിപാടിയിൽ സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഹോക്കിയിൽ രാജ്യം വെങ്കല മെഡൽ നേടിയിട്ട് അഞ്ചു ദിവസം പിന്നിട്ടിട്ടും നായകനും ഗോളിയുമായ ശ്രീജേഷിന് പ്രത്യേകിച്ച് പാരിതോഷികങ്ങളൊന്നും പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവാത്തത് വലിയ പ്രതിഷേധങ്ങൾ കാരണമായിട്ടുണ്ട്.
മെഡൽ നേടാനായതിൽ ഏറെ സന്തോഷമാണ് ഉണ്ടാക്കിയതെന്ന് ഡൽഹിയിൽ സ്വീകരണ ചടങ്ങിൽ പി ആർ ശ്രീജേഷ് പ്രതികരിച്ചിരുന്നു.
21 വർഷമായി കിഴക്കമ്പലത്തുകാരനായ പി ആർ ശ്രീജേഷ് ഹോക്കിയിൽ ഗോൾ പോസ്റ്റിലുണ്ട്. ശ്രീജേഷിന്റെ കരുത്തിൽ രാജ്യം നിരവധി മെഡലുകളാണ് കരസ്ഥമാക്കിയത്.
ജൂണിയർ ഏഷ്യാകപ്പ്, സീനിയർ ചാമ്പ്യൻ ഷിപ്പ്, ഏഷ്യൻ ഗെയിംസ് തുടങ്ങി നിരവധി രാജ്യാന്തര കായിക മേളകളിൽ മികവുതെളിയിച്ച ഗോളിയാണ് പി ആർ ശ്രീജേഷ്. മികച്ച ഗോളിയായും മികച്ച നായകനായും ശ്രീജേഷ് തന്റെ കായിക കരുത്ത് നിലനിർത്തിക്കൊണ്ടേയിരുന്നു. ടോക്യോയിൽ മുഴങ്ങിക്കേട്ട ഈ കിഴക്കമ്പലം കാരന്റെ നാമം ഇന്ത്യൻ ഹോക്കിയുടെ ചരിത്രത്തിലെ ഒരുനാഴികകല്ലാണ്. 49 വർഷത്തിനുശേഷം  നേടുന്ന ഹോക്കി വെങ്കലമെഡലിന്  രാജ്യം എക്കാലവും കടപ്പെട്ടിരിക്കുന്ന താരമാണ് പി ആർ ശ്രീജേഷ്. കിഴക്കമ്പലത്തിന്റെയും കേരളത്തിന്റെയും അഭിമാന സ്തംഭമാണ് ഈ താരം.

LEAVE A REPLY

Please enter your comment!
Please enter your name here