ഒളിംപിക്സ് ഹോക്കിയിൽ വെങ്കലം നേടിയ പി.ആർ. ശ്രീജേഷ് ഹൃദയം തുറന്ന ചിരിയോടെ ആ മെഡലിൽ ചുംബിക്കുന്ന ദൃശ്യം ലോകമെങ്ങും മിനിസ്ക്രീനുകളിൽ നിറഞ്ഞപ്പോൾ ആലുവ മെട്രോ സ്റ്റേഷനു സമീപം മഴുവഞ്ചേരി സ്പെഷ്യൽറ്റി ഡെന്റൽ ക്ലിനിക്കിലിരുന്നു ഡോ. ജിജോ പോൾ ഓർത്തതു പഴയൊരു സർജറിയുടെ കഥ. 2011ലാണു സംഭവം. ചൈനയിൽ നടന്ന ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി നാട്ടിൽ തിരിച്ചെത്തിയ ശ്രീജേഷ് ഒടിഞ്ഞ പല്ലുമായാണു തന്റെ നാട്ടുകാരനായ ഡോ. ജിജോയെ കാണാനെത്തിയത്. 

കളിക്കളത്തിൽ  പ്രതിരോധം തീർക്കുന്നതിനിടെ പന്തടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മുകൾ താടിയുടെ ഇടതുവശത്തു മുൻനിരയിലെ പല്ല് പകുതി ഒടിഞ്ഞത്. മോണയിൽ ബാക്കി നിന്ന പല്ലിന്റെ കടഭാഗവും വേരും ശസ്ത്രക്രിയയിലൂടെ നീക്കിയ ശേഷം ടൈറ്റാനിയം ഇംപ്ലാന്റ് വഴി ഡോ. ജിജോ പല്ലു പുനഃസ്ഥാപിച്ചു. മടങ്ങുമ്പോൾ ശ്രീജേഷ് ഡോക്ടറോടുള്ള നന്ദി പ്രകടിപ്പിച്ചതു തനിക്കു പ്രിയപ്പെട്ട ഇന്ത്യൻ ജഴ്സി സമ്മാനിച്ചുകൊണ്ടാണ്. അതിന്നും അമൂല്യമായി സൂക്ഷിച്ചിരിക്കുന്നു ഡോ. ജിജോ. ശ്രീജേഷിന്റെ അച്ഛൻ രവീന്ദ്രനും അമ്മ ഉഷാകുമാരിയും ഡോ. ജിജോയുടെ ക്ലിനിക്കിൽ വരുന്നവരാണ്. ലോകം അറിയുന്ന മറ്റൊരു കളിക്കാരന്റെ ജഴ്സിയും ഗ്ലൗസും കൂടി ഡോക്ടറുടെ സമ്മാന ശേഖരത്തിലുണ്ട്. ഐഎസ്എൽ 2016 സീസണിൽ ഔദ്യോഗിക മെഡിക്കൽ സംഘത്തിൽ അംഗമായിരുന്ന ഡോ. ജിജോയ്ക്കു കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ഗ്രഹാം സ്റ്റാക് ആണു തന്റെ ജഴ്സിയും കയ്യുറകളും സമ്മാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here