ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യാനുള്ള ക്യാപ്റ്റൻ വിരാട് കോലിയുടെ തീരുമാനത്തിനെതിരെ ഇന്ത്യയുടെ മുൻ താരം വീരേന്ദർ സേവാഗ് രംഗത്ത്. വിരാട് കോലി അദ്ദേഹത്തിന്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിൽത്തന്നെ ബാറ്റിങ്ങിന് ഇറങ്ങുന്നതാണ് ടീമിനു നല്ലതെന്ന് സേവാഗ് അഭിപ്രായപ്പെട്ടു. ഓപ്പണറാകാനുള്ള തീരുമാനത്തിൽനിന്ന് കോലിയെ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കാൻ കെൽപ്പുള്ള ആരെങ്കിലും ഇപ്പോഴത്തെ ടീമിലുണ്ടോ എന്നും സേവാഗ് ചോദിച്ചു. താൻ ടീമിന്റെ പരിശീലക സംഘത്തിലുണ്ടായിരുന്നെങ്കിൽ കോലിയെ പറഞ്ഞു മനസ്സിലാക്കുമായിരുന്നു. രോഹിത് ശർമയ്‌ക്കൊപ്പം ഇപ്പോഴത്തെ സാഹചര്യത്തിൽ കെ.എൽ. രാഹുലിനെ ഓപ്പണറാക്കുന്നതാണ് ടീമിനു നല്ലതെന്നും സേവാഗ് അഭിപ്രായപ്പെട്ടു.

‘ഞാൻ ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിൽ ഉണ്ടായിരുന്നെങ്കിൽ, ക്യാപ്റ്റൻ വിരാട് കോലി വൺഡൗണായി ഇറങ്ങുന്നതാണ് നല്ലതെന്ന് പറഞ്ഞു ബോധ്യപ്പെടുത്തുമായിരുന്നു. പകരം കെ.എൽ. രാഹുൽ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നതാണ് ടീമിനു നല്ലത്. സത്യത്തിൽ ബാറ്റിങ് ഓർഡർ നിശ്ചയിക്കുന്നതിൽ അന്തിമ തീരുമാനം അദ്ദേഹത്തിന്റേതാണ്. പക്ഷേ, എല്ലാവരും സമാനമായ നിർദ്ദേശം മുന്നോട്ടുവച്ചാൽ അതു കേൾക്കാൻ തയാറാകണം’ – സേവാഗ് ചൂണ്ടിക്കാട്ടി.

മുൻപ് ഇന്ത്യൻ ടീമിന്റെ നായകൻമാരായിരുന്ന താരങ്ങളെല്ലാം ഇത്തരത്തിൽ മറ്റുള്ളവരുടെ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും ചെവികൊടുത്തിരുന്നവരാണെന്ന് സേവാഗ് ചൂണ്ടിക്കാട്ടി. ‘സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ തുടങ്ങി മഹേന്ദ്രസിങ് ധോണി പോലും രണ്ടോ മൂന്നോ പേർ സമാനമായ അഭിപ്രായം പറഞ്ഞാൽ അത് പരിഗണിക്കാൻ തയാറായിരുന്നു. പക്ഷേ, ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ അതു സാധ്യമാകുമോ എന്ന് എനിക്കറിയില്ല’ – സേവാഗ് പറഞ്ഞു.

‘വിരാട് കോലി ഓപ്പണറാകുന്നതിലും നല്ലത് വൺഡൗണായിത്തന്നെ ഇറങ്ങുന്നതാണ് എന്ന് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്ന ആരെങ്കിലും ഇപ്പോഴത്തെ ടീമിലുണ്ടോ എന്ന് എനിക്കു സംശയമുണ്ട്. അതാണ് പ്രശ്നം. ഇപ്പോഴത്തെ ഫോം വച്ച് കെ.എൽ. രാഹുൽ ഇന്നിങ്സ് ഓപ്പൺ ചെയ്താൽ അതു ടീമിന് വളരെയധികം സഹായകരമായിരിക്കും. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരെ ബാറ്റു ചെയ്ത ശൈലിയിൽ അതേ സ്വാതന്ത്ര്യത്തോടെ കളിക്കാൻ രാഹുലിനു കഴിഞ്ഞാൽ, ഏറ്റവും വിനാശകാരിയായ ബാറ്റർ അദ്ദേഹമായിരിക്കും’ – സേവാഗ് ചൂണ്ടിക്കാട്ടി.

ഇത്തവണ ഐപിഎലിൽ പഞ്ചാബ് കിങ്സ് നായകനായിരുന്ന രാഹുൽ, ബാറ്ററെന്ന നിലയിൽ തകർപ്പൻ ഫോമിലായിരുന്നു. 13 മത്സരങ്ങളിൽനിന്ന് 626 റൺസ് അടിച്ചുകൂട്ടിയ രാഹുലാണ് ഇപ്പോഴും റൺവേട്ടയിൽ മുന്നിൽ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഋതുരാജ് ഗെയ്ക്‌വാദിന് രാഹുലിനെ മറികടക്കാൻ അവസരമുണ്ടെങ്കിലും, അതിനു സാധ്യത വിരളമാണ്. അവസാന ലീഗ് മത്സരത്തിൽ തകർത്തടിച്ച് 98 റൺസെടുത്ത രാഹുലിന്റെ ശൈലി തുടരാനായാൽ, അദ്ദേഹം വളരെ വിനാശകാരിയായിരിക്കും എന്നാണ് സേവാഗ് ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here