ദുബായ്: ട്വന്റി 20 ലോകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരേ തകര്‍പ്പന്‍ ഇന്നിങ്‌സ് പുറത്തെടുത്ത ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ റെക്കോഡ് ബുക്കില്‍. 

ഒരു ട്വന്റി 20 ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓസ്‌ട്രേലിയന്‍ താരമെന്ന നേട്ടമാണ് ഫൈനലിലെ അര്‍ധ സെഞ്ചുറിയോടെ വാര്‍ണര്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ 38 പന്തില്‍ നിന്ന് മൂന്ന് സിക്സും നാലു ഫോറുമടക്കം വാര്‍ണര്‍ 53 റണ്‍സെടുത്തിരുന്നു. ഇതോടെ ഈ ലോകകപ്പിലെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 289 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റിലെ താരവും വാര്‍ണര്‍ തന്നെ.

2007-ലെ ട്വന്റി 20 ലോകകപ്പിന്റെ പ്രഥമ പതിപ്പില്‍ ആറ് ഇന്നിങ്സുകളില്‍ നിന്ന് 265 റണ്‍സ് നേടിയ മാത്യു ഹെയ്ഡന്റെ പേരിലുള്ള റെക്കോഡാണ് വാര്‍ണര്‍ മറികടന്നത്. 2012 ലോകകപ്പില്‍ 249 റണ്‍സ് നേടിയ ഷെയ്ന്‍ വാട്ട്സണെയും വാര്‍ണര്‍ പിന്നിലാക്കി.

ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് വാര്‍ണര്‍. 303 റണ്‍സുമായി പാക് നായകന്‍ ബാബര്‍ അസമാണ് ഒന്നാമത്. 

മത്സരത്തില്‍ കിവീസിനെ തകര്‍ത്ത് ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യ ട്വന്റി 20 ലോകപ്പ് കിരീടം സ്വന്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here