ജയ്പുർ : ലോകകപ്പിൽ തങ്ങളെ തോൽപ്പിച്ച ന്യൂസിലാൻഡിനെ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ അഞ്ചുവിക്കറ്റിന് കീഴടക്കിയ ഇന്ത്യൻ ടീം സ്ഥിരം നായകനായി രോഹിത് ശർമ്മയ്ക്കും കോച്ചായി രാഹുൽ ദ്രാവിഡിനും മികച്ച തുടക്കം സമ്മാനിച്ചു. പരമ്പരയിലെ രണ്ടാം മത്സരം നാളെ റാഞ്ചിയിലാണ്.

ജയ്പുരിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് ആറ് വിക്കറ്റ് നഷ്‌ടത്തിൽ 164ലെത്തിയപ്പോൾ രണ്ട് പന്തുകൾ ബാക്കിനിൽക്കേയാണ് ഇന്ത്യ വിജയം കണ്ടത്. നായകന്റെ വീര്യവുമായി പൊരുതിയ രോഹിത് ശർമ്മ(48), അർദ്ധസെഞ്ച്വറി നേടിയ സൂര്യകുമാർ യാദവ് (62) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ചേസിംഗിൽ തിളങ്ങിയത്.

അർദ്ധസെഞ്ച്വറികൾ നേടുകയും രണ്ടാം വിക്കറ്റിൽ 109 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്ത മാർട്ടിൻ ഗപ്ടിൽ (70)- മാർക്ക് ചാപ്മാൻ (63) സഖ്യമാണ് കിവീസിനെ ഈ സ്കോറിലെത്തിച്ചത്.ഒരു ഘട്ടത്തിൽ ഉയർന്ന സ്കോറിലേക്ക് പോകുമെന്ന് തോന്നിപ്പിച്ച കിവീസിനെ സ്പിന്നർ രവിചന്ദ്രൻ അശ്വിനും ഭുവനേശ്വർ കുമാറും ചേർന്നാണ് തടുത്തത്. ഇരുവർക്കും രണ്ട് വിക്കറ്റ് വീതം ലഭിച്ചു.റൺസ് വഴങ്ങിയെങ്കിലും ദീപക് ചഹറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീഴ്ത്തി.

 

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിതും രാഹുലും(15) ചേർന്ന് ആദ്യ അഞ്ചോവറിൽ 50 റൺസെടുത്തു.ആറാം ഓവറിന്റെ ആദ്യ പന്തിൽ രാഹുൽ ചാപ്മാന് ക്യാച്ച് നൽകി മടങ്ങി.തുടർന്ന് രോഹിതും സൂര്യകുമാറും ചേർന്ന് 109ലെത്തിച്ചു. അർദ്ധസെഞ്ച്വറിക്ക് രണ്ട് റൺസ് അകലെവച്ച് ഇന്ത്യൻ ക്യാപ്ടനെ ബൗൾട്ട് രവീന്ദ്രയുടെ കയ്യിലെത്തിക്കുകയായിരുന്നു. 36 പന്തുകൾ നേരിട്ട രോഹിത് അഞ്ചുഫോറും രണ്ട് സിക്സും പായിച്ചാണ് മടങ്ങിയത്.17-ാം ഓവറിൽ ടീം സ്കോർ 144ലെത്തിയപ്പോൾ സൂര്യയും മടങ്ങി.40 പന്തുകളിൽ ആറുഫോറും മൂന്ന് സിക്സും പായിച്ച സൂര്യയെ ബൗൾട്ട് മികച്ചൊരു യോർക്കറിലൂടെ ബൗൾഡാക്കുകയായിരുന്നു.തുടർന്ന് ശ്രേയസ് അയ്യരും(5),വെങ്കിടേഷ് അയ്യരും (4) പുറത്തായെങ്കിലും റിഷഭ് പന്ത് (17*) ഇന്ത്യയെ വിജയത്തിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here