ഗുവാഹാത്തി: ഫുട്‌ബോള്‍ ഇതിഹാസം അന്തരിച്ച ഡീഗോ മാറഡോണയുടെ മോഷണം പോയ വാച്ച്‌ അസമില്‍നിന്നു കണ്ടെത്തി. അസമിലെ ശിവനഗര്‍ ജില്ലയില്‍ നിന്നാണു വാച്ച്‌ കണ്ടെടുത്തത്‌. മോഷണവുമായി ബന്ധപ്പെട്ട്‌ ഒരാളെ കസ്‌റ്റഡിയിലെടുത്തതായി പോലീസ്‌ പറഞ്ഞു. മാറഡോണയുടെ ദുബായ്‌ സന്ദര്‍ശനത്തിനിടെയായിരുന്നു മോഷണം. ദുബായിലെ ഒരു കമ്പനിയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്‌തിരുന്ന വാസിദ്‌ ഹുസൈനാണു പ്രതി. മാറഡോണയുടെ ദുബായിലെ വസ്‌തുവകകള്‍ സൂക്ഷിച്ചിരുന്നത്‌ ഈ കമ്പനിയായിരുന്നു.
വാച്ചും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിച്ചിരുന്ന ലോക്കര്‍ കുത്തിത്തുറന്നാണു വാസിദ്‌ മോഷ്‌ടിച്ചതെന്ന്‌ അസം ഡി.ജി.പി. ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞു. ഓഗസ്‌റ്റിലാണു പിതാവിനു സുഖമില്ലെന്നു കാണിച്ച്‌ പ്രതി നാട്ടില്‍ മടങ്ങിയെത്തിയത്‌. ദുബായ്‌ പോലീസും അസം പോലീസും സംയുക്‌തമായി പ്രതിയുടെ വസതിയില്‍ തെരച്ചില്‍ നടത്തി. ഹബ്‌ലോട്ടിന്റെ ഏകദേശം 20 ലക്ഷം രൂപ വിലയുള്ള ലിമിറ്റഡ്‌ എഡിഷന്‍ വാച്ചില്‍ മാറഡോണയുടെ കൈയൊപ്പുമുണ്ട്‌. ഏതാനും മാസങ്ങള്‍ക്കു മുമ്പാണു വാച്ച്‌ കാണാതായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here