സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം 327 റൺസിന് പുറത്തായ ഇന്ത്യ, ആതിഥേയർക്ക് പേസിലൂടെത്തന്നെ ഉജ്വല തിരിച്ചടി നൽകി. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 197 റൺസിനു പുറത്തായി. ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 130 റൺസ് ലീഡ്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി 44 റൺസ് വഴങ്ങി 5 വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്ര 16 റൺസും ശാർദൂൽ ഠാക്കൂർ 51 റൺസും വഴങ്ങി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റും കിട്ടി.

മൂന്നു വിക്കറ്റിന് 272 എന്ന സ്കോറിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ആദ്യ സെഷനിൽത്തന്നെ 327 റൺസിന് ഓൾഔട്ടായിരുന്നു. 71 റൺസിന് 6 വിക്കറ്റെടുത്ത ലുങ്കി എൻഗിഡി, 72 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത കഗീറോ റബാദ എന്നിവരുടെ ഉജ്വല ബോളിങ്ങാണു ദക്ഷിണാഫ്രിക്കയ്ക്കു കരുത്തായത്. മാർക്കോ യാൻസെൻ ഒരു വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്ന ഇന്ത്യ, മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 16/1 എന്ന നിലയിലാണ്. നാല് റൺസെടുത്ത ഓപ്പണർ മയാങ്ക് അഗർവാളിന്റെ വിക്കറ്റാണ് നഷ്ടമായത്. കെ.എൽ.രാഹുൽ (5*), ശാർദൂൽ ഠാക്കൂർ (4*) എന്നിവരാണ് ക്രീസിൽ. ഇതോടെ ഇന്ത്യയ്ക്ക് 146 റൺസ് ലീഡായി.

നേരത്തെ, ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ ആദ്യ ഓവറിൽത്തന്നെ ക്യാപ്റ്റൻ ഡീൻ എൽഗാറിനെ (1) ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുമ്ര ഇന്ത്യയ്ക്കു ബ്രേക്ക് നൽകി. ഏയ്ഡൻ മാർക്രം (13), കീഗാൻ പീറ്റേഴ്സൻ (15) എന്നിവരെ ബോൾഡാക്കിയ മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു പിന്നീട്. റസ്സി വാൻ ഡർ ദസ്സനെ (3) മുഹമ്മദ് സിറാജാണു പുറത്താക്കിയത്. 5–ാം വിക്കറ്റിൽ 72 റൺസ് ചേർത്ത തെംബ ബവൂമ– ക്വിന്റൻ ഡി കോക്ക് സഖ്യം ദക്ഷിണാഫ്രിക്കയ്ക്കു പ്രതീക്ഷ നൽകിയെങ്കിലും ഡി കോക്കിനെ (36) ബോൾഡാക്കിയ ശാർദൂൽ ഇന്ത്യയ്ക്കു മേൽക്കൈ തിരികെ നൽകി.

5 വിക്കറ്റിനു 109 എന്ന സ്കോറിലാണു ദക്ഷിണാഫ്രിക്ക ചായയ്ക്കു പിരിഞ്ഞത്. ചായയ്ക്കു ശേഷം വിയാൻ മൾഡറെ (12) ഷമി പുറത്താക്കി. കീപ്പർ ഋഷഭ് പന്തിനായിരുന്നു ക്യാച്ച്. അർധ സെഞ്ചുറി തികച്ച തെംബ ബവൂമയെ (52) ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച ഷമി ദക്ഷിണാഫ്രിക്കയുടെ 7–ാം വിക്കറ്റും വീഴ്ത്തി. പിന്നീട് ഒത്തുചേർന്ന മാർക്കോ യാൻസെൻ –കഗീസോ റബാദ സഖ്യം 8–ാം വിക്കറ്റിൽ 37 റൺസ് ചേർത്ത് ഇന്ത്യയെ തെല്ലുനേരം വലച്ചെങ്കിലും ഷാർദൂൽ, യാൻസനെ (19) വിക്കറ്റിനു മുന്നിൽ കുരുക്കി കൂട്ടുകെട്ടു പൊളിച്ചു. റബാദയെ (25), ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച ഷമി ഇന്നിങ്സിലെ വിക്കറ്റ് നേട്ടം അഞ്ചാക്കി. ടെസ്റ്റ് കരിയറിൽ ഷമിയുടെ 200–ാം വിക്കറ്റായിരുന്നു ഇത്. കേശവ് മഹാരാജിനെ പുറത്താക്കിയ ബുമ്ര, ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനു തിരശ്ശീലയിട്ടു.

∙ ആദ്യ സെഷനിൽ ഇന്ത്യൻ കൂട്ടത്തകർച്ച

മൂന്നാം ദിവസം ഇന്ത്യയ്ക്ക് 6 ഓവറിനിടെത്തന്നെ കെ.എൽ. രാഹുൽ (128), അജിൻക്യ രഹാനെ (48) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. റബാദയെ പുൾ ചെയ്യാനുള്ള ശ്രമത്തിനിടെ രാഹുലിന്റെ ബാറ്റിൽ ഉരസിയ പന്ത് വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് പിടികൂടി. അധികം വൈകിയില്ല, ലുങ്കി എൻഗിഡിയെ കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെ ഡി കോക്കിനു തന്നെ ക്യാച്ച് നൽകി രഹാനെയും മടങ്ങി.

ആദ്യ ദിവസം 272–3 എന്ന സ്കോറിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. കനത്ത മഴയെ തുടർന്ന് മത്സരത്തിന്റെ 2–ാം ദിവസം ഒരു പന്തു പോലും എറിയാനായിരുന്നില്ല. മത്സരം പുനരാരംഭിച്ച മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽത്തന്നെ 2 സെറ്റ് ബാറ്റർമാരെയും നഷ്ടമായത് ഇന്ത്യയ്ക്കു കനത്ത തിരിച്ചടിയായി. പിന്നാലെ ഇറങ്ങിയ താരങ്ങളും വഴിക്കുവഴിയായി വിക്കറ്റ് കളഞ്ഞു. 

രവിചന്ദ്രൻ അശ്വിനാണു (4) പിന്നീടു പുറത്തായത്. റബാദയ്ക്കു തന്നെയായിരുന്നു വിക്കറ്റ്. എൻഗിഡിയെ കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെ ഋഷഭ് പന്തും (8) വിക്കറ്റ് നഷ്ടമാക്കി. ശാർദുൽ ഠാക്കൂറിനെ (4) റബാദതന്നെ വീഴ്ത്തി. മുഹമ്മദ് ഷമിയെ (8) പുറത്താക്കിയ എൻഗിഡി വിക്കറ്റ് നേട്ടം ആറാക്കി. ജസ്പ്രീത് ബുമ്രയെ (14) യാൻസെനാണു പുറത്താക്കിയത്. മുഹമ്മദ് സിറാജ് 4 റൺസോടെ പുറത്താകാതെനിന്നു. 

മൂന്നാം ദിനം 15.3 ഓവർ മാത്രമാണ് ഇന്ത്യയ്ക്കു ബാറ്റു ചെയ്യാനായത്. 20 റൺസ് ചേർക്കുന്നതിനിടെ 6 വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമാക്കിയത്. ബുമ്ര– സിറാജ് സഖ്യം 10–ാം വിക്കറ്റിൽ 19 റൺസ് ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here