മുംബൈ: രാജ്യന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സെഷന് ഇന്ത്യ വീണ്ടും ആതിഥ്യമരുളുന്നു. 40 വര്‍ഷത്തിനു ശേഷമാണ് ഐഒസി സെഷന്‍ ഇന്ത്യയില്‍ വീണ്ടും ചേരുന്നത്. 1983ല്‍ ഡല്‍ഹിലാണ് ആദ്യമായി ഐഒസി സെഷന്‍ ഇന്ത്യയില്‍ നടന്നത്.

2023ല്‍ മുംബൈയിലായിരിക്കും സെഷന്‍ നടക്കുക. ഇന്ന് ചൈനയിലെ ബീജിംഗില്‍ നടന്ന 139ാമത് ഐഒസി സെഷനിലാണ് ഇന്ത്യയെ എതിരില്ലാതെ തിരഞ്ഞെടുത്തത്. ഇന്നു ചേര്‍ന്ന സെഷനില്‍ ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയെ പ്രതിനിധീകരിച്ച് 2008 ബീജിംഗ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ഐഒസി അംഗം നിത അംബാനി, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് നരിന്ദര്‍ ബത്ര, യുവജന കായിക മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ എന്നിവര്‍ പങ്കെടുത്തു. ബീജിംഗില്‍ നടക്കാനിരിക്കുന്ന വിന്റര്‍ ഒളിമ്പിക്‌സിനു മുന്നോടിയായിരുന്നു യോഗം.

40 വര്‍ഷത്തെ കാത്തിരിപ്പ് ശേഷം ഐഒസി സെഷന്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നുവെന്ന് നിത അംബാനി പറഞ്ഞു. 2023ല്‍ മുംബൈയില്‍ ഇന്ത്യയില്‍ ഐഒസി സെഷന്‍ ചേരുന്നതിന് തീരുമാനിച്ച ഒളിമ്പിക് കമ്മിറ്റിയോട് നന്ദിയുണ്ട്. ഇന്ത്യയുടെ ഒളിമ്പിക് സ്വപ്‌നങ്ങള്‍ക്ക് ഇത് വലിയ പ്രചോദനമാകും. ഇന്ത്യന്‍ കായിക ലോകത്തിന് പുതിയ യുഗവുമായിരിക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷയും പ്രചോദനവുമാണ് സ്‌പോര്‍ട്‌സ്. ഭാവിയില്‍ ഇന്ത്യയില്‍ ഒളിമ്പിക്‌സ് എത്തിക്കുക എന്ന സ്വപ്‌നത്തിന് ശക്തിപകരുന്നതാണ് ഈ തീരുമാനം.

ഐഒസി അംഗങ്ങളുടെ ജനറല്‍ യോഗമാണ് ഐഒസി സെഷന്‍. അതിന്റെ തീരുമാനം അന്തിമവുമാണ്. ഓര്‍ഡിനറി സെന്‍സ് വര്‍ഷത്തിലൊരിക്കല്‍ ചേരാറുണ്ടെങ്കിലും അസാധാരണമായ സമ്മേളനം പ്രസിഡന്റിന്റെ അംഗീകാരത്തോടെയോ അല്ലെങ്കില്‍ മൂന്നിലൊന്ന് അംഗങ്ങളുടെ ആവശ്യപ്രകാരമോ ആയിരിക്കും ചേരുക.

ഐഒസിയ്ക്ക് വോട്ടിംഗ് അവകാശമുള്ള 101 അംഗളുണ്ട്. ഇതിനു പുറമേ 45 ഓണററി അംഗങ്ങളുമുണ്ട്. അവര്‍ക്ക് വോട്ടവകാശമില്ല. അംഗങ്ങള്‍ക്ക് പുറമേ 50ലേറെ രാജ്യാന്തര സ്‌പോര്‍ട് ഫെഡറേഷനുകളില്‍ നിന്നുള്ള പ്രസിഡന്റ്, സെക്രട്ടറി ജനറല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് ഐഒസി സെഷന്‍.

LEAVE A REPLY

Please enter your comment!
Please enter your name here