മുംബയ്: ശ്രീലങ്കൻ പരമ്പരയിലെ ടി ട്വന്റി ടീമിൽ ഇടംപിടിച്ച് സഞ്ജു സാംസൺ. പരിക്കിൽ നിന്ന് മുക്തനായതിനെ തുടർന്നാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നത്. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സയിലാണ് സഞ്ജു. ഐ പി എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടൻ കൂടിയായ സഞ്ജുവിനെ വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ടീമിലേക്കും പരിഗണിച്ചിരുന്നുവെന്നാണ് അറിയുന്നത്. എന്നാൽ പരിക്കിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. കേരളത്തിന്റെ രഞ്ജി ടീമിലേക്കും സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല.

സഞ്ജുവിനെ കൂടാതെ പരിക്കിൽ നിന്ന് മുക്തനായ രവീന്ദ്ര ജ‌ഡേജയും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ജഡേജയും പരിക്കിനെ തുടർന്ന് ചികിത്സയിലായിരുന്നു. വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്ന വൈസ് ക്യാപ്ടൻ ജസ്പ്രീത് ബുമ്രയും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റ് പേസ് ബൗളർമാർ. ഇവരെ കൂടാതെ പുതുമുഖ താരം ആവേശ് ഖാനും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം പേസ് ബൗളർ ശാർദൂൽ താക്കൂറിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. വിരാട് കൊഹ്ലി, റിഷഭ് പന്ത് എന്നിവ‌ർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇരുവരും ഇന്ത്യൻ ടീമിന്റെ ബയോ ബബിളിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here