മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റെത്തുന്ന മുംബൈക്ക് രണ്ടാം മത്സരത്തില്‍ ജയം അഭിമാന പ്രശ്‌നമാണ്. അതേ സമയം ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചാമ്പലാക്കിയെത്തുന്ന സഞ്ജുവും സംഘവും മുംബൈ ഇന്ത്യന്‍സിന് വലിയ തലവേദന ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മുംബൈക്ക് തിരിച്ചടിയായത് ബൗളിങ് നിരയുടെ മോശം പ്രകടനമാണ്. ജസ്പ്രീത് ബുംറ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയതോടെ മറ്റ് ബൗളര്‍മാരും നിറം മങ്ങി. ബേസില്‍ തമ്പി, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ് എന്നിവരെയൊന്നും വിശ്വസ്തന്മാരെന്ന് വിളിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് തന്നെ മുംബൈയുടെ ബൗളിങ് നിരയില്‍ ദൗര്‍ബല്യമുണ്ടെന്ന് തന്നെ പറയാം.

അതേ സമയം സഞ്ജുവിന്റെ രാജസ്ഥാന്‍ ഹൈദരാബാദിനെതിരേ സമ്പൂര്‍ണ്ണ ആധിപത്യത്തോടെയാണ് ജയിച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും അടക്കി ഭരിക്കുന്ന ജയം. ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ജോസ് ബട്‌ലര്‍ എന്നിവരെല്ലാം ഹൈദരാബാദിനെതിരേ തിളങ്ങി. ബൗളിങ്ങിലേക്ക് വരുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് കൈവിട്ടപ്പോള്‍ രാജസ്ഥാന്‍ സ്വന്തമാക്കിയ ട്രന്റ് ബോള്‍ട്ട് തന്നെയാണ് വജ്രായുധം. ന്യൂബോളിലെ ബോള്‍ട്ടിന്റെ ബൗളിങ് മികവ് രാജസ്ഥാന്റെ കരുത്തുയര്‍ത്തുന്ന കാര്യമാണ്.

പ്രസിദ്ധ് കൃഷ്ണയും പേസ് നിരയില്‍ തിളങ്ങുമ്പോള്‍ യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍ എന്നീ ലോകോത്തര സ്പിന്നര്‍മാരും രാജസ്ഥാനായി ഹൈദരാബാദിനെതിരേ തിളങ്ങിയിരുന്നു. രാജസ്ഥാന്‍ ഇത്തവണ എല്ലാ ടീമുകള്‍ക്കും വലിയ ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീമാണ്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് പിന്നീട് ഈ നേട്ടത്തിലേക്കെത്താനായിട്ടില്ല. എന്നാല്‍ ഇത്തവണ പ്രതീക്ഷകളേറെയാണ്.

25 തവണയാണ് മുംബൈയും രാജസ്ഥാനും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 13 തവണയും മുംബൈ ജയിച്ചപ്പോള്‍ 11 തവണ രാജസ്ഥാന്‍ ജയം സ്വന്തമാക്കി. അവസാന ആറ് പോരാട്ടത്തില്‍ 3-3 ജയം വീതമാണ് ഇരു കൂട്ടരും നേടിയത്. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വലിയ അനുഭവസമ്പത്തുള്ള ടീമാണ് മുംബൈ.

LEAVE A REPLY

Please enter your comment!
Please enter your name here