ഐപിഎല്ലിൽ (IPL 2022) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ (Kolkata Knight Riders) തകർത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad). മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.5 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. സീസണിൽ ഹൈദരാബാദിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. രാഹുൽ ത്രിപാഠി (37 പന്തിൽ 71), എയ്ഡൻ മാർക്രം (36 പന്തിൽ 68*) എന്നിവരുടെ തകർപ്പൻ അർധസെഞ്ചുറി പ്രകടനങ്ങളാണ് ഹൈദരാബാദിന്റെ ജയം അനായാസമാക്കിയത്.

സ്കോർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – 20 ഓവറിൽ 175/8; സൺറൈസേഴ്‌സ് ഹൈദരാബാദ് 17.5 ഓവറിൽ 176/3

കൊൽക്കത്ത ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദ് തുടക്കത്തിൽ തന്നെ റാൻഡ് വിക്കറ്റുകൾ നഷ്ടമായി പ്രതിയോധത്തിലായെങ്കിലും മൂന്നാം വിക്കറ്റിൽ രാഹുൽ ത്രിപാഠിയും – എയ്ഡൻ മാർക്രവും കൂട്ടിച്ചേർത്ത 94 റൺസ് അവരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വിജയത്തിനരികെ ത്രിപാഠി പുറത്തായപ്പോൾ മാർക്രമായിരുന്നു ഹൈദരാബാദിന്റെ വിജയറൺ നേടിയത്. എട്ട് പന്തിൽ അഞ്ച് റൺസോടെ നിക്കോളാസ് പൂരാനും പുറത്താകാതെ നിന്നു.

കൊൽക്കത്തയ്ക്കായി ബൗളിങ്ങിൽ ആന്ദ്രേ റസൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് എടുത്തത്. നിതീഷ് റാണയുടെയും (36 പന്തിൽ 54) റസലിന്റെയും (25 പന്തിൽ 49*) പ്രകടനങ്ങളാണ് തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ കൊൽക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഹൈദെരാബാദിനായി ബൗളിങ്ങിൽ നടരാജൻ മൂന്ന് വിക്കറ്റുകളും ഉമ്രാൻ മാലിക്ക് രണ്ട് വിക്കറ്റുകളും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here