മുംബൈ: കൊവിഡ് (Covid-19) ആശങ്കകൾക്കിടെ ഐപിഎല്ലില്‍ (IPL 2022) ഇന്ന് ഡൽഹി ക്യാപിറ്റല്‍സ് (Delhi Capitals), പഞ്ചാബ് കിംഗ്‌സിനെ (Punjab Kings) നേരിടും. രാത്രി എട്ടിന് മുംബൈയിലാണ് മത്സരം (DC vs PBKS). പുനെയില്‍ നടക്കേണ്ടിയിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ഡൽഹി ക്യാപിറ്റല്‍സ് താരങ്ങളെ ഇന്ന് രാവിലെ വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌താൽ മത്സരം മാറ്റിവെക്കും. 

ഡൽഹി താരം മിച്ചൽ മാർഷ് ഉൾപ്പെടെ അഞ്ച് പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മത്സരം അനിശ്ചിതത്വത്തിലായത്. ഏപ്രില്‍ 15ന് ടീം ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. സ്‌പോര്‍ട്‌സ് മസാജ് തെറാപ്പിസ്റ്റായ ചേതന്‍ കുമാറിന് ഏപ്രില്‍ 16ന് വൈറസ് ബാധ കണ്ടെത്തി. ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ടീം ഡോക്‌ടര്‍ അഭിജിത്ത് സാല്‍വി, സോഷ്യല്‍ മീഡിയ കണ്ടന്‍റ് ടീം മെമ്പര്‍ ആകാശ് മാനെ എന്നിവര്‍ക്ക് ഏപ്രില്‍ 18നും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

കൊവിഡ് പിടിപെട്ട എല്ലാവരും ഐസൊലേഷനില്‍ തുടരുകയാണ്. പരിശോധനാഫലം നെഗറ്റീവായാല്‍ മാത്രമേ ഇവര്‍ക്ക് ടീമിന്‍റെ ബയോ-ബബിളില്‍ തിരിച്ച് പ്രവേശിക്കാനാകൂ. ആദ്യമായി കൊവിഡ് കണ്ടെത്തിയ ഏപ്രില്‍ 15 മുതല്‍ എല്ലാ ദിവസവും ഡല്‍ഹി ടീം അംഗങ്ങള്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നടത്തിവരികയാണ്. ഇന്നലെ നടത്തിയ എല്ലാ പരിശോധനയുടെ ഫലങ്ങളും നെഗറ്റീവായിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ന് നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയുടെ ഫലം നിര്‍ണായകമാണ്. 

നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മിച്ചര്‍ മാര്‍ഷിന് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച രാവിലെ നടത്തിയ റാപ്പിഡ് ആന്‍റിജന്‍ പരിശോധനയില്‍ താരത്തിന് കൊവി‍ഡ് കണ്ടെത്തി. നേരിയ പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ച മാര്‍ഷിന് പിന്നാലെ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ ആദ്യ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ വൈകിട്ടോടെ മാര്‍ഷടക്കമുള്ള മൂന്ന് പേരുടെ ഫലം പോസിറ്റീവാകുകയായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here