ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാമത്തെ ഇന്നിംഗ്സിൽ ഇന്ത്യ 245നു പുറത്ത്. 378 റൺസാണ് ഇന്ത്യ ഇംഗ്ലണ്ടിനു മുന്നിലേക്ക് വച്ചിരിക്കുന്ന വിജയലക്ഷ്യം. ഏകദേശം 150 ഓവറുകൾ ബാക്കിനിൽക്കെ ഈ വിജയലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ട് ശ്രമിക്കും. (india second innings england target)

 
 
 

രണ്ടാം ഇന്നിംഗ്സിൽ ശുഭ്മൻ ഗിൽ (4) വേഗം മടങ്ങി. ഹനുമ വിഹാരിക്കും (11) ക്രീസിൽ ഏറെ സമയം ചെലവഴിക്കാനായില്ല. വിരാട് കോലി (20) മോശം ഫോം തുടർന്നപ്പോൾ ഋഷഭ് പന്തും ചേതേശ്വർ പൂജാരയും നേടിയ അർധസെഞ്ചുറികളാണ് ഇന്ത്യൻ ഇന്നിംഗ്സിൽ ഊർജമായത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്തു. പൂജാര (66) പുറത്തായതോടെ ഇന്ത്യക്ക് വീണ്ടും ബാറ്റിംഗ് തകർച്ച നേരിട്ടു. ഋഷഭ് പന്ത് 57 റൺസെടുത്തു. ശ്രേയാസ് അയ്യർ (19), ശാർദുൽ താക്കൂർ (4), മുഹമ്മദ് ഷമി (13), രവീന്ദ്ര ജഡേജ (23), ജസ്പ്രീത് ബുംറ (7) എന്നിവരൊക്കെ വേഗം പുറത്തായി. 4 വിക്കറ്റ് വീഴ്ത്തിയ ബെൻ സ്റ്റോക്സ് ആണ് ഇന്ത്യയെ ചുരുട്ടിക്കൂട്ടിയത്. ഉച്ചഭക്ഷണത്തിനു ശേഷം വീണ വിക്കറ്റുകളൊക്കെ സ്വന്തമാക്കിയത് സ്റ്റോക്സ് ആയിരുന്നു.

വിജയലക്ഷ്യം എത്ര ആയാലും അത് മറികടക്കാൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോ പറഞ്ഞിരുന്നു. നാലാം ദിനത്തിലെയും അഞ്ചാം ദിനത്തിലെയും പിച്ചുകളുടെ അവസ്ഥ അറിയാം. എന്ത് തന്നെയായാലും വിജയലക്ഷ്യം മറികടക്കാൻ ശ്രമിക്കുന്ന തന്നെ ചെയ്യുമെന്ന് താരം പ്രതികരിച്ചു. നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തിട്ടുണ്ട്. 361 റൺസിൻ്റെ ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്.

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിൻ്റെ സാധ്യതകൾ അവസാനിച്ചു എന്ന് മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ മൈക്കൽ വോൺ അഭിപ്രായപ്പെട്ടിരുന്നു. 400നടുത്തുള്ള ലീഡാവും ഇന്ത്യ ലക്ഷ്യം വെക്കുകയെന്നും അത് മറികടക്കാൻ ഇംഗ്ലണ്ടിനു സാധിച്ചേക്കില്ലെന്നും വോൺ പറഞ്ഞു. പന്ത് അസ്ഥിരമായാണ് ബൗൺസ് ചെയ്യുന്നത്. സ്പിന്നർമാർക്ക് നേട്ടം ലഭിച്ചേക്കാം. ഷമിക്കും വിക്കറ്റ് ഉപയോഗപ്പെടുത്താൻ കഴിഞ്ഞേക്കുമെന്നും ക്രിക്ക്‌ബസുമായി സംസാരിക്കവെ വോൺ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here