ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ജൂലായ് 19 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന മത്സരത്തോടെ ഏകദിനത്തില്‍ നിന്ന് വിടവാങ്ങുമെന്ന് സ്റ്റോക്‌സ് അറിയിച്ചു.

 

മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് ശാരീരിക അസ്വസ്ഥതകളുണ്ടാക്കുന്നുവെന്ന കാരണം നിരത്തിയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്റ്റോക്‌സിന്റെ ഹോം ഗ്രൗണ്ടായ ഡര്‍ഹാമിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം. 11 വര്‍ഷം നീണ്ട ഏകദിന കരിയറാണ് താരം അവസാനിപ്പിക്കുന്നത്.

 

ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഫൈനലില്‍ താരമായത് സ്റ്റോക്‌സായിരുന്നു. സ്‌റ്റോക്‌സിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായാണ് 2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനെ തകര്‍ത്ത് കിരീടം നേടിയത്. ഫൈനലില്‍ പുറത്താവാതെ 84 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്.

 

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന്‍ കൂടിയായ സ്‌റ്റോക്‌സ് 104 ഏകദിന മത്സരങ്ങളില്‍ ഇംഗ്ലണ്ട് കുപ്പായമണിഞ്ഞു. 2919 റണ്‍സും 104 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

‘ എന്റെ കരിയറിലെ അവസാന ഏകദിന മത്സരത്തിന് ചൊവ്വാഴ്ച ഡര്‍ഹാം ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. ഞാന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണ്. വേദനാജനകമായ തീരുമാനമാണിത്. ഇംഗ്ലണ്ടിനായി കളിക്കാന്‍ എനിക്കേറെ ഇഷ്ടമാണ്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുമ്പോള്‍ എനിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ട്. മറ്റൊരു താരത്തിന് വഴിമാറിക്കൊടുക്കണമെന്ന് ഇപ്പോള്‍ തോന്നുന്നു.’ – സ്‌റ്റോക്‌സ് പറഞ്ഞു.

ഈയിടെ അവസാനിച്ച പാകിസ്താനെതിരായ ഏകദിനപരമ്പരയില്‍ ഇംഗ്ലണ്ടിനെ സ്റ്റോക്‌സാണ് നയിച്ചത്. അന്ന് പാകിസ്താനെ 3-0 ന് തകര്‍ത്ത് പരമ്പര നേടാനും താരത്തിന് സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here