ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ നിർത്തണമെന്ന് പാകിസ്താൻ പേസ് ബൗളിങ് ഇതിഹാസം വസീം അക്രം. ഇംഗ്ലണ്ട് ആൾറൗണ്ടർ ബെൻ സ്റ്റോക്‌സ് ഇടവേളകളില്ലാത്ത മത്സരക്രമം ചൂണ്ടിക്കാട്ടി ഏകദിനത്തിൽനിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് അക്രത്തിന്റെ അഭിപ്രായപ്രകടനം. ഇത് 50 ഓവർ ക്രിക്കറ്റിന്റെ നിലനിൽപ്പിനെക്കുറിച്ച് ചൂടേറിയ ചർച്ചക്ക് വഴിതുറന്നിരിക്കുകയാണ്.

”50 ഓവര്‍ ഫോര്‍മാറ്റില്‍നിന്ന് വിരമിക്കാനുള്ള ബെൻ സ്റ്റോക്‌സിന്റെ തീരുമാനം വേദനിപ്പിക്കുന്നു. എന്നാല്‍ അദ്ദേഹത്തോട് യോജിക്കാതിരിക്കാനാവില്ല. കാരണം, ഏകദിന ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ താരങ്ങള്‍ ക്ഷീണിക്കുകയാണ്. അതുകൊണ്ടാണ് താരങ്ങള്‍ ട്വന്റി 20 ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് കലണ്ടറില്‍നിന്ന് ഏകദിന ഫോര്‍മാറ്റ് എടുത്ത് മാറ്റണമെന്നാണ് എന്റെ അഭിപ്രായം. ഏകദിന ക്രിക്കറ്റ് ഇപ്പോൾ ഒരു ഇഴച്ചിൽ മാത്രമാണ്, പ്രത്യേകിച്ച് ട്വന്റി 20യുടെ വരവിന് ശേഷം. ട്വന്റി 20 ഒരു തരത്തിൽ എളുപ്പമാണ്, നാല് മണിക്കൂറിൽ കളി അവസാനിച്ചു. അനുദിനം വളരുന്ന ഈ ഫോർമാറ്റിന് മുന്നിൽ 50 ഓവർ മത്സരത്തിന് ഭാവിയില്ല. ഒരു കളിക്കാരന് ഏകദിന ക്രിക്കറ്റ് കളിക്കുന്നത് വളരെ മടുപ്പുളവാക്കുന്നതാണ്. ട്വന്റി 20ക്ക് ശേഷം ഏകദിന ക്രിക്കറ്റ് ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതായി തോന്നുന്നു” അക്രം അഭിപ്രായപ്പെട്ടു.

 

കരിയറിൽ 356 ഏകദിനങ്ങളിൽ നിന്ന് 502 വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് ഇടങ്കയ്യൻ പേസറായ വസീം അക്രം. ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം അദ്ദേഹം കമന്റേറ്റായി സജീവമാണ്.

നേരത്തെ മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയും ഇതേ അഭിപ്രായം പങ്കുവെച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ചായിരുന്നു നമ്മളെല്ലാം ആശങ്കപ്പെട്ടിരുന്നതെന്നും എന്നാല്‍ ഭാവിയില്‍ നിരവധി താരങ്ങള്‍ ഏകദിന ക്രിക്കറ്റ് മതിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഇതോടെ ഏകദിന ക്രിക്കറ്റിന്റെ ഭാവി തന്നെ പ്രതിസന്ധിയിലാകുമെന്നുമായിരുന്നു ഓജ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here