വെസ്റ്റ് ഇൻഡീസും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടി-20 ഇന്ന്. സെൻ്റ് കിറ്റ്സിലെ വാർണർ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ കളി വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0നു മുന്നിട്ടുനിൽക്കുകയാണ്. ഇന്നത്തെ കളി വിജയിച്ച് പരമ്പരയിലേക്ക് തിരികെവരാനാണ് വെസ്റ്റ് ഇൻഡീസിൻ്റെ ശ്രമം. (west indies india t20)

 
 
 

ടി-20യ്ക്ക് ചേരാത്ത ശ്രേയാർ അയ്യർക്ക് ടീമിൽ വീണ്ടും വീണ്ടും അവസരം നൽകുന്നതിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് രണ്ടാം മത്സരം നടക്കുന്നത്. ശ്രേയാസിനു പകരം സഞ്ജുവിനെ പരിഗണിക്കണമെന്ന് ക്രിക്കറ്റ് നിരീക്ഷകർ അടക്കം വിവിധ കോണുകളിൽ നിന്ന് അഭിപ്രായമുയരുന്നുണ്ട്. എന്നാൽ, പകരക്കാരനായി എത്തിയതിനാൽ സഞ്ജുവിൻ്റെ സാധ്യതകൾ വളരെ വിരളമാണ്. പ്രധാന സ്ക്വാഡിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്ക് പരുക്കേറ്റെങ്കിലേ സാധാരണ ഗതിയിൽ പകരം താരങ്ങൾക്ക് അവസരം ലഭിക്കാറുള്ളൂ. എന്നാൽ, ഏഷ്യാ കപ്പ്, ടി-20 ലോകകപ്പ് എന്നീ പ്രധാന ടൂർണമെൻ്റുകൾ മുന്നിൽ കണ്ട് ടീം ഒരുക്കുന്നതിനാൽ സഞ്ജുവിനെ പരീക്ഷിച്ചേക്കാനും ഇടയുണ്ട്.

അശ്വിൻ, ജഡേജ, ബിഷ്ണോയ് എന്നീ മൂന്ന് സ്പിൻ ഓപ്ഷനുകളുമായാണ് ഇന്ത്യ ആദ്യ കളിയിൽ ഇറങ്ങിയത്. ഇവരിൽ ബിഷ്ണോയിയെയോ അശ്വിനെയോ പുറത്തിരുത്തി അക്സർ പട്ടേൽ കളിച്ചേക്കും. എന്നാൽ, ആദ്യ കളിയിൽ ഇരു താരങ്ങളും മികച്ച പ്രകടനം നടത്തിയതിനാൽ ഇവരെ ടീമിൽ നിലനിർത്താനും സാധ്യതയുണ്ട്. സൂര്യകുമാർ യാദവിനെ ഓപ്പണറായി പരീക്ഷിച്ചത് വിജയിച്ചില്ലെങ്കിലും ഇന്നത്തെ കളിയിൽ അതിനു മാറ്റമുണ്ടാവാനിടയില്ല.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അമേരിക്കയിലേക്കുള്ള വീസ ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇതോടെ, പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ വെസ്റ്റ് ഇൻഡീസിൽ തന്നെ നടന്നേക്കും. അവസാന രണ്ട് മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ മത്സരത്തിനായി പോകാനുള്ള രണ്ട് ടീം അംഗങ്ങളുടെയും വീസ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് വിവരം. ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ട്വന്റി 20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ 68 റൺസിന് പരാജയപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here