കേപ്ടൗൺ: പുതുചരിത്രം രചിക്കാനെത്തിയ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് വനിതാ ക്രിക്കറ്റിൽ വീണ്ടും ഓസ്ട്രേലിയയുടെ സമഗ്രാധിപത്യം. വനിതാ ട്വന്റി20 ലോകകപ്പിൽ ആദ്യമായി ഫൈനൽ കളിച്ച ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസീസിന് ആറാം ലോക കിരീടം. തുടർച്ചയായ ഏഴാം ഫൈനൽ കളിച്ച ഓസീസ്, 19 റൺസിനാണ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ്. ദക്ഷിണാഫ്രിക്കയുടെ മറുപടി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ അവസാനിച്ചു.

ഓപ്പണർ ലോറ വോൾവാർത്ത് അർധസെഞ്ചറിയുമായി പൊരുതിയെങ്കിലും, ഓസീസിന്റെ മുറുക്കമാർന്ന ബോളിങ്ങിനു മുന്നിൽ പിന്തുണ നൽകാൻ സഹതാരങ്ങൾക്ക് സാധിക്കാതെ പോയതാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്ക്കായി ലോറ 48 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 61 റൺസെടുത്തു. പവർപ്ലേയിൽ തകർപ്പൻ ബോളിങ് കാഴ്ചവച്ച ഓസീസ്, ദക്ഷിണാഫ്രിക്കയെ ഒരു വിക്കറ്റ് നഷ്ടത്തിൽ 22 റൺസിൽ ഒതുക്കിയിരുന്നു.

ലോറയ്ക്ക് പുറമെ ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത് 23 പന്തിൽ 25 റൺസെടുത്ത ക്ലോയ് ട്രിയോൺ മാത്രം. ടാസ്മിൻ ബ്രിറ്റ്സ് (10), മരിസെയ്ൻ കാപ്പ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവർ. ഓസീസിനായി മേഗൻ ഷൂട്ട്, ആഷ്‍ലി ഗാർഡ്നർ, ഡാർസി ബ്രൗൺ, ജെസ് ജൊനാസൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ട്വന്റി20 ലോകകപ്പ് ഫൈനലുകളിൽ രണ്ട് അർധസെഞ്ചറി നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോർഡുമായി ബേത് മൂണി തകർത്തടിച്ചതോടെയാണ് ഓസീസ് ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നിൽ 157 റൺസ് വിജയലക്ഷ്യമുയർത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നിലവിലെ ചാംപ്യൻമാർ കൂടിയായ ഓസീസ്, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 156 റൺസെടുത്തത്. ഓപ്പണറായി ഇറങ്ങിയ മൂണി, 53 പന്തിൽ 74 റൺസുമായി പുറത്താകാതെ നിന്നു. ഈ ലോകകപ്പിൽ മൂണിയുടെ മൂന്നാം അർധസെഞ്ചറി കൂടിയാണിത്. 53 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും സഹിതമാണ് മൂണി 74 റൺസെടുത്തത്. ടാലിയ മഗ്രോ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

ഓപ്പണർ അലീസ ഹീലി (20 പന്തിൽ 18), ആഷ്‌ലി ഗാർഡ്നർ (21 പന്തിൽ 29), ഗ്രെയ്സ് ഹാരിസ് (ഒൻപതു പന്തിൽ 10), ക്യാപ്റ്റൻ മെഗ് ലാന്നിങ് (11 പന്തിൽ 10), എലിസ് പെറി (അഞ്ച് പന്തിൽ ഏഴ്), ജോർജിയ വാറെം (0) എന്നിങ്ങനെയാണ് പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. ഒരു അർധസെഞ്ചറി കൂട്ടുകെട്ടു പോലും പിറന്നില്ലെങ്കിലും, കെട്ടുറപ്പുള്ള ഒരുപിടി കൂട്ടുകെട്ടുകളാണ് കലാശപ്പോരാട്ടത്തിൽ ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കായി മരിസെയ്ൻ കാപ്പ് നാല് ഓവറിൽ 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഷബ്നിം ഇസ്‍മയിൽ നാല് ഓവറിൽ 26 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് സ്വന്തമാക്കി. അവസാന ഓവറിലാണ് ഷബ്നിം രണ്ടു വിക്കറ്റും വീഴ്ത്തിയത്. എംലാബ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും ക്ലോയ് ട്രിയോൺ രണ്ട് ഓവറിൽ 15 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.

സെമിയിൽ ലോക രണ്ടാം റാങ്ക് ടീമായ ഇംഗ്ലണ്ടിനെ അവസാന ഓവറിൽ തോൽ‌പിച്ചാണ് ദക്ഷിണാഫ്രിക്ക കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഇന്ത്യയെ 5 റൺസിന് മറികടന്നാണ് ഓസ്ട്രേലിയ ഫൈനലിലെത്തിയത്. ഇരുവരും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഓസ്ട്രേലിയ 6 വിക്കറ്റിന് ജയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here