റോട്ടര്‍ഡാം: അന്ത്യന്തം ആവേശം നിറഞ്ഞു നിന്ന യുവേഫാ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യയെ വീഴ്ത്തി സ്‌പെയിനിന് കിരീടം. സാധാരണസമയത്തും അധികസമയത്തും ഇരു ടീമിനും പൂട്ട് പൊളിക്കാന്‍ കഴിയാതെ വന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ജേതാക്കളെ നിര്‍ണ്ണയിച്ചത്.

ഇതാദ്യമായിട്ടാണ് സ്‌പെയിന്‍ യുവേഫാ നേഷന്‍സ് ലീഗില്‍ കിരീടം നേടുന്നത്. കന്നിക്കിരീടത്തില്‍ മുത്തമിടാനിറങ്ങിയ ക്രൊയേഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്‌കോറിലായിരുന്നു സ്‌പെയിന്‍ തോല്‍പ്പിച്ചത്. രണ്ടു കിക്കുകള്‍ തട്ടി സ്‌പെയിന് കിരീടം നേടിക്കൊടുത്തത് ഗോള്‍കീപ്പര്‍ ഉനായ് സൈമണാണ്. ഷൂട്ടൗട്ടില്‍ ക്രൊയേഷ്യന്‍ താരം ലോവ്‌റോ മയേറിന്റെയും ബ്രൂണോ പെട്‌കോവിച്ചിന്റെയും കിക്കുകള്‍ സൈമണ്‍ തടഞ്ഞു.

2012ല്‍ യൂറോ കപ്പ് നേടിയതായിരുന്നു ഇതിന് മുമ്പായി സ്‌പെയിന്‍ നേടിയ ഒരു കിരീടം. 11 വര്‍ഷത്തെ കാത്തിരിപ്പാണ് സ്‌പെയിന്‍ അവസാനിപ്പിച്ചത്. വിജയത്തോടെ ലോകകപ്പിനും യൂറോ കപ്പിനും പുറമേ യുവേഫ നേഷന്‍സ് ലീഗ് കിരീടവും നേടുന്ന രണ്ടാമത്തെ ടീമായി സ്‌പെയിന്‍ മാറി.

ഫ്രാന്‍സാണ് ഈ മൂന്നു കിരീടങ്ങളും നേടിയ ആദ്യ ടീം. അതേസമയം തന്റെ രാജ്യത്തിന് ഒരു അന്താരാഷ്ട്ര ട്രോഫി നല്‍കാനുള്ള റയല്‍മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിക്കിന് നിരാശയോടെ മടങ്ങേണ്ടി വരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here