ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് (സീറോമലബാർ ചിക്കാഗോ രൂപത സഹായ മെത്രാൻ)
 
ഈശോയുടെ പുനരുത്ഥാനമാണ് നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദു എന്ന് ക്രൈസ്തവർ ഓരോ ദിവസവും ഏറ്റുപറയുന്ന വിശ്വാസപ്രമാണത്തിലൂടെ നാം സ്ഥാപിക്കുകയാണ് . “പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ട് മരിച്ചടക്കപ്പെട്ടു പാതാളങ്ങളിൽ നിന്നിറങ്ങി മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് മൂന്നാം നാൾ സ്വർഗത്തിലേക്ക് എഴുന്നെള്ളി  പിതാവായ ദൈവത്തിന്റെ വലതു ഭാഗത്തിരിക്കുന്നു … ” നൂറ്റാണ്ടുകളായി  വിശ്വാസപ്രമാണത്തിലൂടെ ക്രൈസ്തവർ ഏറ്റുപറയുന്നത് തങ്ങളുടെ ജീവിതത്തിന്റെ തന്നെ കേന്ദ്രബിന്ദുവാണ് പുനരുദ്ധാനം എന്ന് സാക്ഷ്യപ്പെടുത്തുവാനാണ്.
 
 
കർത്താവിന്റെ മാലാഖ എന്ന ക്രൈസ്തവരുടെ അടിസ്ഥാന പ്രാർത്ഥനയിലെ, പ്രാർത്ഥിക്കാം…  എന്നു തുടങ്ങുന്ന ഭാഗത്തും നാം ഏറ്റുചൊല്ലുന്നതും ഉത്ഥിതനായ യേശുവിന്റെ മഹിമയെക്കുറിച്ചാണ്. ” പ്രാർത്ഥിക്കാം സർവ്വേശ്വരാ മാലാഖയുടെ സന്ദേശത്താൽ  മനുഷ്യവതാര വാർത്ത  അറിഞ്ഞിരിക്കുന്ന ഞങ്ങൾ  അവിടുത്തെ പീഡാനുഭവത്തിന്റെയും ഉയിർപ്പിന്റെയും മഹിമയെ പ്രാപിക്കാൻ അനുഗ്രഹം നൽകണമേ…” എന്നാണ് നാം ഏറ്റു ചൊല്ലാറുള്ളത്. ഈ പ്രാർത്ഥനയാണ് നമ്മുടെ ജീവിതത്തിന്റെ മുഴുവൻ തലങ്ങളെയും നിയന്ത്രിക്കുന്നത്.
 
ക്രിസ്തുവിനും അനേകം വർഷങ്ങൾക്കു മുൻപ്  ഭാരതീയ മഹർഷിമാർ ഉരുവിട്ട് വന്നിരുന്ന സമാധാനത്തിന്റെ മന്ത്രം അഥവാ മന്ത്ര ഓഫ് പീസ്  പറയുന്നത് ഇപ്രകാരമാണ്: ” അസതോമ സത് ഗമയ തമസോമാ ജ്യോതിർഗമയ മൃത്യോമ അമൃതം ഗമയ “- സമാധാനത്തിന്റെ മന്ത്രം എന്ന ഈ പ്രാർത്ഥന ജീവിതത്തിലൂടെ പ്രവർത്തികമാക്കിയത് യേശുക്രിസ്തുവാണ്. “അഞ്ജതയിൽ നിന്ന് ജ്ഞാനത്തിലേക്ക് നയിക്കണമേ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ  മർത്യതയിൽ നിന്ന് അമർത്യതയിലേക്ക് നയിക്കണമേ” എന്ന അർത്ഥപത്തായ ഈ മന്ത്രം ഈശോ തന്റെ സ്വന്തം ജീവിതത്തിലൂടെ അർത്ഥപൂർണമാക്കുകയായിരുന്നു.
ഞാൻ ലോകത്തിന്റെ പ്രകാശമാണ് എന്നും വഴിയും സത്യവും ജീവനും ഞാനാകുന്നു എന്നു അവിടുന്ന് പറയുകയും ജീവിതത്തിലൂടെ കാണിച്ചുതരികയും ചെയ്തു. ഈശോയുടെ ഉത്ഥാനമാണ് ലോകത്തിനു പുതിയ ഭാഷ്യം തന്നെ നൽകിയത്.
 
മനുഷ്യന്റെ മനസിനെ മഥിച്ചിരുന്ന രണ്ടു ചോദ്യങ്ങൾക്കാണ് യേശുവിന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഉത്തരമായത്.
മരണശേഷം തനിക്ക് എന്ത് സംഭവിക്കുമെന്ന് മനുഷ്യൻ എക്കാലവും അഭിമുഖീകരിച്ചിരുന്ന ഒരു ചോദ്യമുണ്ട്. മരണശേഷം എന്തു സംഭവിക്കുമെന്ന അവന്റെ ആശങ്കയ്ക്ക് ഈശോയുടെ മരണം തന്നെ ഉത്തരം നൽകുകയാണ്. ” എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. അവിടെ ഞാൻ നിങ്ങൾക്ക് സ്ഥലമൊരുക്കിയ ശേഷം ഞാൻ ആയിരിക്കേണ്ടിടത്ത് നിങ്ങളും ആയിരിക്കേണ്ടതിനു ഞാൻ നിങ്ങളെ  കൂട്ടികൊണ്ടുപോകുമെന്ന് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ 14 അദ്ധ്യായത്തിൽ പറയുന്നുണ്ട്.
 
യേശുവിന്റെ മരണത്തോടെയും ഉത്ഥാനത്തോടെയുമാണ് ഈ വചനം പൂർത്തിയാകുന്നത്. ഈശോയുടെ മരണത്തോടെ സ്വർഗം തുറക്കപ്പെട്ടു. മനുഷ്യകുലത്തിന്റെ പാപങ്ങൾ മൂലം അതുവരെ രക്ഷ ലഭിക്കാതിരുന്ന സകല ആത്മാക്കളും യേശുവിന്റെ മരണവും ഉത്ഥാനവും വഴി തുറക്കപ്പെട്ട  സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. അങ്ങനെ തന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട് എന്ന വചനം പൂർത്തീകരിക്കപ്പെടുകയായിരുന്നു. പാപം മൂലം എന്നെന്നേക്കുമായി അടഞ്ഞുപോയിരുന്ന സ്വർഗ്ഗത്തിന്റെ വാതിൽ യേശുവിന്റെ ഉത്ഥാനത്തിലൂടെ തുറക്കപ്പെടുന്നു. അങ്ങനെ ആദ്യത്തെ ചോദ്യത്തിന് ഉത്തരമാകുന്നു.
 
ഞാൻ എന്തുകൊണ്ട് സഹനങ്ങൾ ഏറ്റുവാങ്ങണം എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. എന്റെ സഹനങ്ങൾക്ക് ഒരു മൂല്യമുണ്ട്. യേശു തന്റെ സഹനത്തിലൂടെയാണ് സ്വർഗീയ ഭവനത്തിലേക്ക് പ്രവേശിച്ചത്. സഹനം നിറഞ്ഞ തന്റെ ജീവിതത്തിലൂടെയും പീഡാസഹനത്തിലൂടെയുള്ള മരണത്തിലൂടെയും ഈശോ അതിനുള്ള ഉത്തരം നൽകി.
 
യേശുവിന്റെ ഉത്ഥാനത്തിലൂടെ മനുഷ്യനു മേലുള്ള സാത്താന്റെ അധികാരം എന്നന്നേക്കുമായി  നഷ്ടപ്പെടുകയും ദൈവത്തിന്റെ അധികാരം പ്രവർത്തികമാക്കപ്പെട്ട ഒരു പുതിയ യുഗം രൂപപ്പെടുകയാണ് ചെയ്തത്. ഉത്ഥാനത്തിലൂടെ അവിടുത്തെ സാന്നിധ്യം എല്ലാ മനുഷ്യമനസിലേക്കും വ്യാപിക്കുകയും  ചെയ്യുന്നു.
 
അവിടുന്ന് നൽകിയ പുതിയ അരൂപിയിൽ ഒരു യുഗം പിറക്കുകയാണ്. യേശുവിനോടുകൂടിയുള്ള ഒരു പുതിയ ജീവിത ക്രമം തന്നെ ഉടലെടുക്കുന്നു. മരണമില്ലാത്തവനായ ഈശോ ഇന്ന് എന്നോടും നിങ്ങളോടുമൊപ്പം ജീവിക്കുകയാണ്. വിശുദ്ധ കുർബാനയിലൂടെ  അവിടുത്തെ സാന്നിധ്യം നമുക്ക് സ്ഥിരപ്പെടുത്തി തന്നു.  മനുഷ്യകുലത്തിനു നൽകിയ ഏറ്റവും ഉദാത്തമായ സമ്മാനമാണ് വിശുദ്ധ കുർബാന സ്ഥാപിച്ചതിലൂടെ ഈശോ നൽകിയിട്ടുള്ളത്.
 
ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്ന യേശുവിന്റെ സാന്നിധ്യം നമ്മുടെ അതിജീവനത്തിനും കോവിഡ് പോലുള്ള അന്ധകാരശക്തികളെ മറികടക്കാനും നമുക്ക് സാധിക്കും .
 
 
 

1 COMMENT

  1. A fine message of the hour. Congrats His Excellency Mar Joy Alappat.. By the death and resurrection of Jesus Christ God gave us his gift HEAVEN. We can achieve the devine gift only by practising the words of our Lord. O God give us the faith and strength. Amen.

LEAVE A REPLY

Please enter your comment!
Please enter your name here