നികുതിവെട്ടിപ്പു കേസിൽ സാവോ പോളോ ഫെഡറൽ കോടതി അപ്പീൽ നിരസിച്ചതിനെത്തുടർന്നു സൂപ്പർ താരം നെയ്മറിന്റെ വസ്തുവകകൾ അധികൃതർ കണ്ടുകെട്ടിത്തുടങ്ങി. ഉല്ലാസ നൗക, ഒരു ജെറ്റ് എന്നിവയടക്കം 350 കോടിയിൽപ്പരം രൂപയുടെ വസ്തുക്കൾ അധികൃതർ തടഞ്ഞുവച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണു കോടതി അപ്പീൽ നിരസിച്ചത്.

നെയ്മർ ബ്രസീൽ ക്ലബ്ബായ സാന്റോസിനുവേണ്ടി കളിച്ചിരുന്ന 2011 – 2013 കാലയളവിൽ ഏകദേശം 100 കോടിയിൽപ്പരം രൂപ നികുതിവെട്ടിപ്പു നടത്തിയെന്നാണു കേസ്. നെയ്മറിന്റെ പ്രതിഫലത്തിൽനിന്നും കുടുംബ ബിസിനസിൽനിന്നുള്ള വരുമാനത്തിൽനിന്നും നികുതിവെട്ടിപ്പു നടത്തിയിട്ടുണ്ട്. എന്നാൽ, ആരോപണങ്ങളിൽ കഴമ്പില്ലെന്ന നിലപാടിലായിരുന്നു നെയ്മർ. ലോകകപ്പ് യോഗ്യതാ മൽസരങ്ങൾക്കും അവധി ദിവസങ്ങളിലും ബ്രസീലിലേക്കു യാത്ര ചെയ്യുന്നതിനു നെയ്മർ ഉപയോഗിച്ചിരുന്ന ജെറ്റ് ആണു കണ്ടുകെട്ടിയത്.

അധികൃതർ നിർദേശിക്കുന്ന തുക അടയ്ക്കാൻ തയാറായാൽ നെയ്മറിനു തടവുശിക്ഷ ഒഴിവാകുമെന്നു ഫെഡറൽ ടാക്സ് ഏജൻസിയുടെ ഓഡിറ്റർ ലഗാരോ ജങ് മാർട്ടിൻസ് വ്യക്തമാക്കി. ‘‘ഇനിയും ഈ കേസിൽ അപ്പീൽ സമർപ്പിക്കാൻ നെയ്മറിന് അവസരമുണ്ട്. എങ്കിലും കഴിഞ്ഞ വർഷത്തേതിൽനിന്നു കേസിന്റെ സാഹചര്യത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അടയ്ക്കാനുള്ളത് അടച്ചുതീർത്താൽ കേസ് അവസാനിക്കും. ഞങ്ങളുടെ നിയമം അത്രയൊന്നും കാഠിന്യമേറിയതല്ല.’’

കളിക്കളത്തിനു പുറത്തു നെയ്മറിന് ഏറ്റ തിരിച്ചടികളിൽ ഏറ്റവും ഒടുവിലത്തേതാണ് സ്വത്തു കണ്ടുകെട്ടൽ. ഫെബ്രുവരി രണ്ടിനു നെയ്മറിനെയും അച്ഛനെയും മഡ്രിഡ് കോടതിയിൽ മൂന്നു മണിക്കൂർ ചോദ്യംചെയ്തിരുന്നു. ബാർസിലോനയിലേക്കുള്ള ട്രാൻസ്ഫർ സംബന്ധിച്ചായിരുന്നു ചോദ്യംചെയ്യൽ. നെയ്മറിന്റെ കായികജീവിതത്തിന്റെ തുടക്കത്തിൽ സാമ്പത്തിക പിന്തുണ നൽകിയ കമ്പനിയായിരുന്നു കേസിനു പിന്നിൽ. ട്രാൻസ്ഫർ തുകയിൽ 40 ശതമാനത്തിന് അവർ അവകാശം ഉന്നയിച്ചു.

നെയ്മറിനെ സ്വന്തമാക്കിയ വകയിൽ ക്ലബ്ബിന് 7.40 കോടി ഡോളർ ചെലവായെന്നായിരുന്നു ബാർസിലോന അറിയിച്ചത്. ഇതിൽ നെയ്മറിന്റെ മുൻ ക്ലബ്ബായ സാന്റോസിന് 1.85 കോടി ഡോളറും ബാക്കി തുക നെയ്മറിന്റെ അച്ഛന്റെ പേരിലുള്ള കമ്പനിക്കും ലഭിച്ചു.

എന്നാൽ, സ്പെയിനിൽ നടത്തിയ അന്വേഷണത്തിൽ ഈ ഇടപാടിനു ബാർസിലോന ഒൻപതു കോടി ഡോളർ ചെലവഴിച്ചുവെന്നു വ്യക്തമായി. തുടർന്നു ബാർസിലോനയുടെയും സാന്റോസിന്റെയും ഇപ്പോഴത്തെയും മുൻപത്തെയും പ്രസിഡന്റുമാരെ ചോദ്യംചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here