അൽഐൻ: പന്ത്രണ്ടു മണിക്കൂർ ജോലി കഴിഞ്ഞ് ലുങ്കി മടക്കിക്കുത്തി മരുഭൂമിയിൽ കൃഷിപ്പാടത്തിറങ്ങുന്ന മലയാളി കർഷകരുടെ കഥയാണിത്. അൽഎെനിലെ പച്ചപ്പു തുടിക്കുന്ന അൽദാഹറയിലാണ് കണ്ണിന് കുളിരുകോരുന്ന കാഴ്ച. സ്വദേശികൾ കൂടുതൽ താമസിക്കുന്ന ഇവിടെയാണു ഇവര്‍ക്കു അറബ് വില്ല താമസത്തിനു ഒത്തുകിട്ടിയത്. ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരായ ഈ യുവാക്കൾ വില്ലയുടെ ചുറ്റുവട്ടം വൃത്തിയാക്കി പലതരം വിത്തുകളിറക്കുകയായിരുന്നു.

ദിവസത്തിന്റെ പകുതിയും പണിയെടുത്തു തളർത്തെന്നുന്ന കർഷക ബാച് ലർമാരുടെ സംഘത്തിനു ഉറങ്ങാനും ഉണ്ണാനും ഉടുത്തവസ്ത്രം അലക്കാനുമെല്ലാം കിട്ടുന്നത് 12 മണിക്കൂർ മാത്രം. വാരന്തൃത്തിലെ ഒഴിവുദിവസവും ഉറങ്ങിത്തീർക്കുന്ന പതിവ് ഉപേക്ഷിച്ച് കൃഷിയിടത്തിലെത്തും. പണിയെടുത്തു പതംവന്ന ശരീരം പുതിയ ജോലിക്കു പ്രേരിപ്പിച്ചുകൊണ്ടിരിക്കും.

മൺവെട്ടിയുമായി മണ്ണിലേക്കിറങ്ങാനുള്ള ഉൾവിളിയുണ്ടായതു അങ്ങനെയാണ്. ഉണങ്ങിനിന്നിരുന്ന ഈന്തപ്പനകൾ വെള്ളം നനച്ചായിരുന്നു കൃഷിയുടെ വിദൃാരംഭം. വെള്ളം സമൃദ്ധമായും കൃതൃമായും ലഭിച്ചതോടെ കൂമ്പുവാടിയ ഇന്തപ്പനകൾക്കു ഉണർവും ഉന്‍മേഷവുമായി. മലപ്പുറം തിരൂർ വാരണാക്കര സ്വദേശി അബ്ദുൽ സലാമിന്റെ കൃഷിപ്രേമം കൂട്ടൂകാർ കൂടി ഏറ്റെടുത്തതോടെ താമസയിടം പഴവും പച്ചക്കറികളും കിഴങ്ങുകളും വിളങ്ങുന്ന തോട്ടമായി രൂപം പ്രാപിക്കുകയായിരുന്നു.

താമസിക്കുന്ന വീടിന്റെ ചുററുമുള്ള നിലം കൃഷിയിറക്കിയപ്പോൾ ചെറുചെടികൾ തളിർത്തുവന്നു ഇളങ്കാററിൽ തലയാട്ടി. പച്ചക്കറിത്തോട്ടത്തിൽ വീടുവച്ചപോലെ ചുററുവട്ടം ഹിരതാഭമായി. ഈ പച്ചപ്പിലേക്കു കണ്ണേ്ാടിക്കുംമ്പോൾ അവരുടെ മനം കുളിർക്കും. അധ്വാനം അനുഗ്രഹമായതിന്റെ ആത്മനിർവൃതിയാണു ഓരോ വിളവും ഇവർക്കു സമ്മാനിക്കുന്നത്. മരുമണ്ണിനു പരിചയമില്ലാത്ത കപ്പയും ഇവരുടെ കൂട്ടുകൃഷിയിൽ മുഴച്ചുവന്നു. പയർ, തക്കാളി , വഴുതിന, തണ്ണിമത്തൻ, വെള്ളരി എല്ലാം പരീക്ഷിച്ചു വിളവെടുത്തു വിജയിച്ചു.

രാസവളങ്ങൾ ഉപയോഗിക്കാതെ കൃഷിമുന്നോട്ടുകൊണ്ടുപോകാൻ എന്താണു വഴിയെന്നതിനു തിരൂർ സ്വദേശി അശോകന ഒരു മറുവഴി കണ്ടെത്തി– വളംതരുന്ന ജീവികളെ വളർത്തുക. അങ്ങനെ കോഴിയും താറാവും പ്രാവും മുയലും അവരുടെ മരുഭൂമിയിലെ ‘മസ്‌റഅ’യിലെ അംഗങ്ങളായി. അവയ്ക്കു വിഹരിക്കാനും വളരാനുമുള്ള വിസ്തൃതിയിൽ കമ്പിവേലികെട്ടി വേർതിരിച്ചിട്ടുണ്ട്.

അശോകനും സലാമിനും പുറമേ, ഫൈസൽ കുറ്റൂർ, അബ്ദുസ്സമദ് ആമയൂർ, ഹുസൈൻ പൂക്കോടൻ, ഷൗക്കത്ത് അലി, രാജേഷ് ആതവനാട്, ഹംസ ആമയൂർ, വഹാബ് എന്നിവരാണു കൂട്ടുകൃഷിക്കു കരുത്തു പകർന്നത്. ഇവരുടെ അടുക്കളയിൽ സ്വന്തം കൈകൾകൊണ്ടു നട്ടുവളർത്തിയ മരുഭൂമിയിലെ ജൈവകൃഷിയുടെ കറികളാണു ഖുബ്ബൂസിന് കൂട്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here