എണ്ണ കയറ്റുമതി രാജ്യങ്ങളില്‍ 75 ശതമാനവും ഉല്‍പാദന നിയന്ത്രണത്തെ പിന്തുണയ്ക്കുന്നുവെന്ന് റഷ്യന്‍ ഊര്‍ജ മന്ത്രി അലക്‌സാണ്ടര്‍ നൊവാക്. എണ്ണ വില ഉയര്‍ത്തുന്നതിനായുള്ള ദോഹ ചര്‍ച്ചകള്‍ മാര്‍ച്ച് ഒന്നിനകം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ജനുവരി മാസത്തെ തോതില്‍ എണ്ണ ഉല്‍പാദനം പിടിച്ചു നിര്‍ത്തിയാല്‍ വിപണിയില്‍ ദിവസേന 13 ലക്ഷം ബാരല്‍ എണ്ണയുടെ കുറവുണ്ടാകും. ഇത് എണ്ണ വില ഉയര്‍ത്താന്‍ ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണവില ബാരലിന് 50 ഡോളറില്‍ എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഉല്‍പാദന നിയന്ത്രണം. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്യും. സൗദി അറേബ്യ, റഷ്യ, ഖത്തര്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ദോഹയില്‍ നടത്തിയ ചര്‍ച്ചയില്‍ ജനുവരി മാസത്തെ തോതില്‍ എണ്ണ ഉല്‍പാദനം നിയന്ത്രിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ഇറാന്‍, മെക്‌സിക്കോ, നോര്‍വേ തുടങ്ങി മറ്റു രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ ചര്‍ച്ചകള്‍ മാര്‍ച്ച് ഒന്നിനകം പൂര്‍ത്തിയാകും. തീരുമാനം എല്ലാവരും അംഗീകരിച്ചാല്‍ ഉല്‍പാദനം നിയന്ത്രിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ എണ്ണ ഉല്‍പാദനം സമീപ ഭാവിയില്‍ തന്നെ ദിവസേന ഏഴു ലക്ഷം ബാരല്‍ കൂടി വര്‍ധിപ്പിക്കുമെന്ന് ഇറാന്‍ എണ്ണ ഉപമന്ത്രി റോക്‌നെദില്‍ ജാവേദി പറഞ്ഞു.

ഉല്‍പാദനം ദിവസേന 47 ലക്ഷം ബാരലില്‍‌ എത്തിക്കാനാണ് ആറാം വികസന പദ്ധതിയിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നത്. യൂറോപ്പിലേക്കുള്ള എണ്ണ കയറ്റുമതി ദിവസേന 15 ലക്ഷം ബാരലായി ഉയര്‍ത്താനും ഇറാന് പദ്ധതിയുണ്ട്. ഉപരോധം പിന്‍വലിച്ചതോടെ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുകയും കയറ്റുമതി പുനരാരംഭിക്കുകയും ചെയ്ത ഇറാന്‍റെ നടപടി പുതിയ നീക്കത്തിന് തിരിച്ചടിയാകുമോ എന്ന് കണ്ടറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here