ഡൊണാൾഡ് ബ്രാഡ്മാൻ കഴിഞ്ഞാൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കറാണെന്ന് ഒാസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. മൽസരം ജയിപ്പിക്കാനുള്ള വെസ്റ്റ്ഇൻഡീസ് ഇതിഹാസം ബ്രയൻ ലാറയുടെ കഴിവ് ഇഷ്ടമാണ്. എന്നാൽ കളിക്കളത്തിൽ നിന്നു സച്ചിനോളം നേട്ടം കൊയ്ത കളിക്കാരൻ വേറെയില്ലെന്നും പോണ്ടിങ് കുറിച്ചു. ‘തെൻഡുൽക്കർ ഇൻ വിസ്ഡൻ: ആൻ അന്തോളജി’ എന്ന പുസ്തകത്തിന്റെ അവതാരികയിലാണ് സച്ചിനെ വാനോളം പുകഴ്ത്തിയുള്ള പോണ്ടിങ്ങിന്റെ കുറിപ്പ്

നീണ്ട കാലം കളികളത്തിൽ നിന്നാണ് സച്ചിൻ നേട്ടങ്ങൾ കൊയ്തത്. അദ്ദേഹം 200 ടെസ്റ്റ് മൽസരങ്ങളും 463 ഏകദിനങ്ങളും (ഒരു രാജ്യാന്തര ട്വന്റി-20 മൽസരം) കളിച്ചു. 34,357 റൺസും 100 രാജ്യാന്തര സെഞ്ചുറികളും നേടി ഇത് ചെറിയ കാര്യമല്ലെന്നും പോണ്ടിങ് പറയുന്നു. പുതിയ കളിക്കാർക്ക് ഒരു വർഷത്തിനുള്ളിൽ തന്നെ റാങ്കിങ്ങിൽ ഒന്നാമതെത്താൻ കഴിയും. എന്നാൽ അത് നിലനിർത്താൻ അവർക്കാകുന്നില്ല. എന്നാൽ സച്ചിനെ പോലെ വളരെ കാലം അത് നിലനിർത്താൻ സാധിച്ചാൽ നിങ്ങളും മികച്ച കളിക്കാരാണെന്നു പറയും. – പുതിയ തലമുറയോടായി പോണ്ടിങ് കുറിച്ചു.

താൻ നേരിട്ടതിൽ വച്ച് ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആണ് സച്ചിൻ. അദ്ദേഹം വളരെ ലളിതമായാണ് ബാറ്റുചെയ്യുന്നത്. എപ്പോഴും ക്രിക്കറ്റിനോട് സ്നേഹം കാണിച്ചിരുന്ന വ്യക്തിയാണ് സച്ചിനെന്നും പോണ്ടിങ് വ്യക്തമാക്കി