ഷാർജ യൂണിവേഴ്സിറ്റിയിലെ കാർ പാർക്കിൽ 19 വാഹനങ്ങൾ‌ കത്തിനശിച്ചു. ആർ‌ക്കും പരുക്കില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. രാവിലെ 11ന് യൂണിവേഴ്സിറ്റി ക്യാംപസിലെ വനിതാ വിഭാഗത്തിലെ കാർ പാർക്കിലാണ് അഗ്നിബാധ. ഒരു കാറിനെ ബാധിച്ച തീ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന മറ്റു വാഹനങ്ങളിലേയ്ക്ക് കൂടി പടരുകയായിരുന്നുവെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രി.അബ്ദുല്ല സഇൗദ് അൽ സുവൈദി പറഞ്ഞു. കാറുകളും ഫോർവീലറുകളുമാണ് അഗ്നിക്കിരയായത്. തൊട്ടടുത്തെ പാർക്കിങ്ങുകളിലും ഒട്ടേറെ കാറുകൾ നിർത്തിയിട്ടിരുന്നു. ഉടൻ സ്ഥലത്തെത്തിയ സിവിൽഡിഫൻസ് വിഭാഗം അഗ്നി ഇവിടങ്ങളിലേയ്ക്ക് ബാധിക്കാതെ നിയന്ത്രണവിധേയമാക്കി.

യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുടെ വാഹനങ്ങളും കത്തിനശിച്ചവയിൽ ഉൾപ്പെടും. കൂടാതെ പാർക്കിങ് മേൽക്കൂരകളും കത്തിയമർന്നു. തങ്ങളുടെ വാഹനങ്ങൾ കത്തിയമരുന്നത് എല്ലാവർക്കും നിസഹായരായി നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. പലതിലും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും പണവും മൊബൈൽഫോണുകളും പഠനോപകരണങ്ങളും മറ്റും ഉണ്ടായിരുന്നു. ഇവയെല്ലാം ചാരമായി. കാറുകൾ പലതും പൊട്ടിത്തെറിക്കുന്ന ശബ്ദം അകലേയ്ക്ക് പോലും കേൾക്കമായിരുന്നു. ഇവിടെ നിന്നുള്ള കറുത്ത പുക വളരെ ഉയരത്തിൽ ദൃശ്യമായി. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here