സിറിയന്‍ പ്രശ്നപരിഹാരത്തിനുള്ള സമാധാന ചര്‍ച്ചകള്‍ ജനീവയില്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് ഐക്യരാഷ്ട്രസഭ. അതേസമയം പ്രശ്നപരിഹാരത്തിനുള്ള തുടക്കമെന്ന നിലയില്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദ് സ്ഥാനമൊഴിയണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. സിറിയയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ചകള്‍.

ബുധനാഴ്ച ജനീവയില്‍ തുടങ്ങുന്ന ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകാന്‍ സമയമെടുത്തേക്കാമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുര അറിയിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് മുന്‍പ് ഓരോ വിഭാഗങ്ങളുമായി പ്രത്യേകം പ്രാഥമിക ചര്‍ച്ചകള്‍ നടത്തും. നേരത്തെ ഫെബ്രുവരി ആദ്യം സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെങ്കിലും വിമതര്‍ക്കു നേരെ റഷ്യ ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് നീക്കം പരാജയപ്പെടുകയായിരുന്നു.

റഷ്യയും അമേരിക്കയും മുന്‍കൈ എടുത്ത് ഫെബ്രുവരി അവസാനം വെടിനിര്‍ത്തല്‍ കൊണ്ടുവന്ന സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നത്. അതിനിടെ സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദ് സ്ഥാനമൊഴിയണമെന്ന കര്‍ശന നിലപാടുമായി സൗദി അറേബ്യ രംഗത്തെത്തിയിട്ടുണ്ട്.

അസദ് അധികാരമൊഴിയുന്നതിലൂടെയാണ് സിറിയയിലെ രാഷ്ട്രീയമാറ്റത്തിന് തുടക്കമിടേണ്ടത്. പതിനെട്ട് മാസത്തിനു ശേഷം അസദ് സ്ഥാനമൊഴിയുമെന്ന തരത്തിലുള്ള വാഗ്ദാനങ്ങള്‍ സ്വീകാര്യമല്ലെന്നും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here